പ്രതിരോധ ശേഷിക്ക് ഓറഞ്ച് -മല്ലിയില ജ്യൂസ്

juice immunity
Photo Credit : natalia bulatova / Shutterstock.com
SHARE

കോവിഡ് ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയിലൂടെയാണ് നാം കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇവയില്‍ പലതും നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷികൊണ്ട് തടുത്ത് നിര്‍ത്താന്‍ സാധിക്കുന്നതാണ്. പ്രതിരോധ ശേഷിയെന്നത് ഒറ്റ ദിവസം കൊണ്ട് ഉണ്ടാകുന്ന ഒന്നല്ല. പടിപടിയായ പ്രയത്‌നങ്ങളിലൂടെ അത് വളര്‍ത്തിയെടുക്കാന്‍ സാധിച്ചാല്‍ ഒരു വിധം അസുഖങ്ങളില്‍ നിന്നൊക്കെ ശരീരം സ്വയം സംരക്ഷിച്ചു കൊള്ളും. 

പ്രതിരോധശേഷിക്ക് ഏറ്റവും മികച്ച ഒന്നാണ് വൈറ്റമിന്‍ സി. ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുള്ള വൈറ്റമിന്‍ സി നമ്മുടെ ചര്‍മത്തിനും മുടിക്കും നഖത്തിനുമെല്ലാം വളരെ നല്ലതാണ്. അണുബാധകളില്‍ നിന്നും രോഗങ്ങളില്‍ നിന്നുമെല്ലാം വൈറ്റമിന്‍ സി ശരീരത്തിന് കവചമൊരുക്കുന്നു. കോശങ്ങള്‍ക്ക് അകാല വാര്‍ധക്യമുണ്ടാക്കുന്ന ഫ്രീ റാഡിക്കല്‍ പ്രവര്‍ത്തനത്തെയും വൈറ്റമിന്‍ സി തടയുന്നു. 

ഓറഞ്ച് വൈറ്റമിന്‍ സി സമ്പുഷ്ടമാണെന്ന് എല്ലാവര്‍ക്കും അറിയാം. ഓറഞ്ച് ജ്യൂസ് അടിച്ചു കുടിക്കുന്നത് കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമെല്ലാം പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നല്ലതാണ്. വീട്ടിലുണ്ടാക്കുന്ന ഓറഞ്ച് ജ്യൂസ് തന്നെ കഴിവതും കഴിക്കാന്‍ ശ്രമിക്കുക. കടയില്‍ നിന്നു വാങ്ങുന്ന പായ്ക്ക് ചെയ്ത ജ്യൂസില്‍ അമിതമായി പഞ്ചസാര അടങ്ങിയിരിക്കുന്നതിനാല്‍ അത് ഗുണത്തേക്കാൾ ദോഷം ചെയ്യും. 

ഓറഞ്ചും മല്ലിയിലയും കാരറ്റും ചേര്‍ന്ന് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ജ്യൂസ് എങ്ങനെ തയാറാക്കാമെന്ന് നോക്കാം.  വൈറ്റമിന്‍ സി ക്ക് പുറമേ ബീറ്റാ കരോട്ടിനും വൈറ്റമിന്‍ ബി6 ഉം അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് കാരറ്റ്. മല്ലിയില ആകട്ടെ ആന്റി ഓക്‌സിഡന്റുകള്‍ നിറഞ്ഞതാണ്. 

ഓറഞ്ച്-കാരറ്റ്-മല്ലിയില ജ്യൂസ് തയാറാക്കുന്ന വിധം

ചേരുവകള്‍ :

തൊലി കളഞ്ഞ് അല്ലികളാക്കിയ രണ്ട് ഓറഞ്ച്

രണ്ട് തണ്ട് മല്ലിയില കഴുകിയത്

ഒരു ഇടത്തരം കാരറ്റ് നുറുക്കിയത്

ഒരു ടീസ്പൂണ്‍ നാരങ്ങ ജ്യൂസ്

ഇവയെല്ലാം കൂടി അല്‍പം വെള്ളവും ചേര്‍ത്ത് ജ്യൂസറില്‍ ഇട്ട് അടിച്ചെടുക്കുക. ഇത് അരിച്ചെടുത്ത് ഉപയോഗിക്കാം. പഞ്ചസാര ചേര്‍ക്കണമെന്നില്ല. രോഗപ്രതിരോധ ശേഷി ഗണ്യമായി വര്‍ധിപ്പിക്കാന്‍ ഈ ജ്യൂസിന്റെ പതിവായ ഉപയോഗം കൊണ്ട് സാധിക്കും. 

English Summary :  Orange and coriander juice for immunity

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA