ADVERTISEMENT

ദിവസവും അരക്കപ്പ് വാള്‍നട്ട് രണ്ട് വര്‍ഷത്തേക്ക് കഴിച്ചാല്‍ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന ലോ-ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍(എല്‍ഡിഎല്‍) കൊളസ്‌ട്രോള്‍ കുറയ്ക്കാമെന്ന് പഠനം. വാള്‍നട്ടിലെ ആരോഗ്യകരമായ കൊഴുപ്പ് ഭാരം കൂട്ടില്ലെന്നും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ സര്‍ക്കുലേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടി. 

ഒമേഗ-3 ഫാറ്റി ആസിഡിന്റെ സമ്പന്ന സ്രോതസ്സായ വാള്‍നട്ട് ഹൃദയാരോഗ്യത്തിനും മികച്ചതാണെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. നട്‌സുകള്‍ പ്രത്യേകിച്ച് വാള്‍നട്ട് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കുറയ്ക്കുമെന്ന് മുന്‍പ് നടന്ന ചില പഠനങ്ങളും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് മാത്രമല്ല ശരീരത്തിലെ എല്‍ഡിഎല്‍ കണങ്ങളുടെ നിലവാരവും ഇത് മെച്ചപ്പെടുത്തുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ബാര്‍സലോണയിലെ എന്‍ഡോക്രൈനോളജി ആന്‍ഡ് ന്യൂട്രീഷന്‍ സര്‍വീസ് ഡയറക്ടര്‍ എമിലിയോ റോസ് പറയുന്നു. 

2012-2016 കാലഘട്ടത്തില്‍ 63നും 79നും ഇടയില്‍ പ്രായമുള്ള 708 പേരെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. ഇവരെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ച് ഒരു ഗ്രൂപ്പിന് ദിവസവും അരകപ്പ് വാള്‍നട്ട് നല്‍കി. രണ്ട് വര്‍ഷത്തിന് ശേഷം ഇരു ഗ്രൂപ്പിലെയും അംഗങ്ങളുടെ കൊളസ്‌ട്രോള്‍ തോതും ലിപോപ്രോട്ടീനുകളുടെ തോതും വലുപ്പവും മാഗ്നറ്റിക് റെസൊണന്‍സ് സ്‌പെക്ട്രോസ്‌കോപ്പി ഉപയോഗിച്ച് പരിശോധനയ്ക്ക് വിധേയമാക്കി. 

രണ്ട് വര്‍ഷത്തിന് ശേഷം വാള്‍നട്ട് ദിവസവും കഴിച്ച ഗ്രൂപ്പിലെ അംഗങ്ങളുടെ ചീത്ത കൊളസ്‌ട്രോള്‍-എല്‍ഡിഎല്‍ തോത് കുറഞ്ഞതായി(ശരാശരി ഒരു ഡെസിലീറ്ററില്‍ 4.3 മില്ലിഗ്രാം) കണ്ടെത്തി. ആകെ കൊളസ്‌ട്രോള്‍ ശരാശരി ഡെസിലീറ്ററില്‍ 8.5 മില്ലിഗ്രാം വച്ചും കുറഞ്ഞു. വാള്‍നട്ട് ദിവസവും കഴിക്കുന്നത് എല്‍ഡിഎല്‍ കണികകളുടെ ആകെ എണ്ണം 4.3 ശതമാനവും ചെറു എല്‍ഡിഎല്‍ കണികകളുടെ എണ്ണം 6.1 ശതമാനവും കുറയ്ക്കുന്നതായി കണ്ടെത്തി. പുരുഷന്മാരില്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ 7.9 ശതമാനം കുറഞ്ഞപ്പോള്‍ സ്ത്രീകളില്‍ ഇത് 2.6 ശതമാനം വച്ച് കുറഞ്ഞു. ഇത്തരത്തില്‍ എല്‍ഡിഎല്‍ കണികകളുടെ തോത് കുറയുന്നത് ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കും. 

ഇന്റര്‍മീഡിയറ്റ് ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍(ഐഡിഎല്‍) കൊളസ്‌ട്രോളും കുറഞ്ഞതായി ഗവേഷണ സംഘം കണ്ടെത്തി. നട്ടുകള്‍ കഴിച്ചാല്‍ ഭാരം കൂടുമോ എന്ന ആശങ്ക പലരും ഉയര്‍ത്താറുണ്ടെങ്കിലും വാള്‍നട്ടിന് ആ പ്രശ്‌നം ഇല്ലെന്നും പ്രായമായവര്‍ക്ക് തങ്ങളുടെ നിത്യേനയുള്ള മെനുവില്‍ ഇത് ധൈര്യമായി ഉള്‍പ്പെടുത്താമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. 

English Summary : Eating Handful of Walnuts Daily Lower Bad Cholesterol

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com