ADVERTISEMENT

മാതളനാരങ്ങ പൊളിച്ച് കഴിക്കുക എന്നത് ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ ആ ഫലത്തിന്റെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ ഉറപ്പായും കഴിക്കും. ശരീരത്തിന് ആവശ്യമായ വൈറ്റമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നതിനാല്‍ മാതളനാരങ്ങയുടെ ആരോഗ്യ ഗുണങ്ങള്‍ ഹൃദയത്തെ സുഗമമായി പ്രവര്‍ത്തിപ്പിക്കാനും കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും സഹായിക്കുന്നു. പകുതി മാതളനാരങ്ങ ഒരു പഴത്തിന് തുല്യമാണ്. അതിനാല്‍ ഈ തിളക്കമുള്ളതും പുളിയും ആരോഗ്യകരവുമായ ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്.

മാതളനാരങ്ങയിലെ ആന്റിഓക്സിഡന്റുകള്‍  കാന്‍സറിനെ ചെറുക്കും

അര്‍ബുദം തടയാന്‍ ഒരു ഉറപ്പായ മാര്‍ഗവുമില്ലെങ്കിലും, ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. മാതളനാരങ്ങയിലെ ബയോ ആക്ടീവ് പോളിഫെനോളുകളും മറ്റ് ഫൈറ്റോകെമിക്കലുകളും ആന്റിഓക്സിഡന്റുകളാണ്, ഇത് നിങ്ങളുടെ കോശങ്ങളെ ഓക്‌സിഡേറ്റീവ് സ്‌ട്രെസില്‍ നിന്ന് സംരക്ഷിക്കുകയും കാന്‍സറിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുകയും ചെയ്യുന്നു. മാതളനാരങ്ങയില്‍ ഗ്രീന്‍ ടീ അല്ലെങ്കില്‍ റെഡ് വൈനിനേക്കാള്‍ ഉയര്‍ന്ന അളവില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, അതിനാല്‍ ഒരു ഗ്ലാസ് മാതളനാരങ്ങ ജ്യൂസ് പഞ്ചസാരയൊന്നും ചേര്‍ക്കാതെ കഴിക്കുന്നതും ഉത്തമമാണ്. 

മാതള ജ്യൂസ് പ്രോസ്റ്റേറ്റ് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു

ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായ മാതളനാരങ്ങ ജ്യൂസ് പ്രോസ്റ്റേറ്റ് കാന്‍സറിനെ ഒരു പരിധി വരെ തടയുമെന്ന്  പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മാതളനാരങ്ങയുടെ ആരോഗ്യ ഗുണങ്ങളില്‍ കാന്‍സറിന്റെ വ്യാപനം തടയുന്നതും പ്രോസ്റ്റേറ്റ് കാന്‍സര്‍ കോശങ്ങളുടെ നാശം ത്വരിതപ്പെടുത്തുന്നതും ഉള്‍പ്പെടുന്നു. മാതളനാരങ്ങയും അവയുടെ നീരും സ്തന, വന്‍കുടല്‍, ശ്വാസകോശ അര്‍ബുദ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയും. 

ഹൃദയ വീക്കം കുറയ്ക്കാന്‍ സഹായിക്കും

മാതളനാരങ്ങയുടെ മറ്റൊരു ഗുണം - ആന്റിഓക്സിഡന്റുകള്‍ ഹൃദയത്തിലുണ്ടാകുന്ന വീക്കം ചെറുക്കാന്‍ സഹായിക്കുന്നു എന്നതാണ്. മാതളനാരങ്ങയുടെ ആന്റി-ഇന്‍ഫ്‌ളമേറ്ററി പ്രോപ്പര്‍ട്ടികള്‍ ആര്‍ത്രൈറ്റിസിന് ആശ്വാസം നൽകും. മാതളനാരങ്ങ ന്യൂറോ ഇന്‍ഫ്‌ളമേഷനില്‍ നിന്നു സംരക്ഷിക്കുകയും ന്യൂറോഡീജനറേറ്റീവ് ഡിസോര്‍ഡേഴ്‌സ്, ഓർമക്കുറവ് എന്നിവയെ മന്ദഗതിയിലാക്കുകയും ചെയ്യും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അല്‍സ്ഹൈമേഴ്‌സ് പോലുള്ള രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ മാതളനാരങ്ങ സഹായിക്കും. മാതളനാരങ്ങ 'ചീത്ത' കൊളസ്‌ട്രോള്‍ (എല്‍ഡിഎല്‍) നിയന്ത്രിക്കുകയും 'നല്ല' കൊളസ്‌ട്രോള്‍ (എച്ച്ഡിഎല്‍) മെച്ചപ്പെടുത്തുകയും ചെയ്യുന്നു, 

കൂടുതല്‍ ചെറുപ്പമാക്കുന്നു

മാതളനാരങ്ങയിലെ എല്ലാഗിറ്റാനിന്‍സ് കുടലിലെ ബാക്ടീരിയകള്‍ വഴി യുറോലിറ്റിന്‍ എ എന്ന സംയുക്തമായി രൂപാന്തരപ്പെടുന്നു. ഇത് അസ്ഥി പേശികളുടെ വാര്‍ധക്യ പ്രക്രിയയെ മന്ദഗതിയിലാക്കാന്‍ സഹായിക്കും. മനുഷ്യകോശങ്ങളിലെ രാസ ഊര്‍ജ്ജത്തിന്റെ ഭൂരിഭാഗവും ഉത്പാദിപ്പിക്കുന്ന മൈറ്റോകോണ്‍ഡ്രിയയുടെ പ്രവര്‍ത്തനം വര്‍ധിപ്പിക്കാന്‍ യൂറോലിറ്റിന്‍ എ സഹായിക്കും.  പ്രായമായ ആളുകളില്‍ ശാരീരിക വ്യായാമത്തിന് സമാനമായി യൂറോലിറ്റിന്‍ എ പ്രവര്‍ത്തിക്കുന്നു. ഇത് സ്വാഭാവിക വാര്‍ധക്യ പ്രക്രിയയെ മന്ദീഭവിപ്പിക്കുന്നു.

വൈറ്റമിനുകളുടെയും ധാതുക്കളുടെയും ഉറവിടം

മാതളനാരങ്ങയുടെ ഒരു പകുതിയില്‍ 5 ഗ്രാം ഫൈബര്‍ ഉണ്ട്. ഫോളേറ്റ്, മറ്റ് ബി-വൈറ്റമിനുകള്‍, വൈറ്റമിനുകളായ സി, ഇ, കെ എന്നിവയുടെ മികച്ച സ്രോതസ്സാണ് മാതളനാരങ്ങ . ഈ പഴങ്ങളില്‍ കുറച്ച് പ്രോട്ടീനും ഇരുമ്പും ഉണ്ട്. എന്നിരുന്നാലും, പല പഴങ്ങളും പോലെ മാതളനാരങ്ങയിലും ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് ഓര്‍ക്കുക, അതിനാല്‍ അവ മിതമായി ആസ്വദിക്കുക.

മാതളനാരങ്ങ ജ്യൂസ് ചില മരുന്നുകളുമായി യോജിക്കില്ല. നിങ്ങള്‍ രക്തം കട്ടപിടിക്കുന്ന വാര്‍ഫാരിന്‍ അല്ലെങ്കില്‍ ആന്‍ജിയോടെന്‍സിന്‍-കണ്‍വേര്‍ട്ടിംഗ് എന്‍സൈം (എസിഇ) ഇന്‍ഹിബിറ്ററുകള്‍ എടുക്കുകയാണെങ്കില്‍ നിങ്ങളുടെ ഭക്ഷണത്തില്‍ മാതളനാരങ്ങ ചേര്‍ക്കുന്നതിനു മുന്‍പ് ഡോക്ടറുടെ അനുവാദം വാങ്ങേണ്ടതാണ്.

English Summary : Health benefits of Pomegranate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com