ഈ ഗുണങ്ങള്‍ അറിഞ്ഞാൽ എങ്ങനെ തൈര് കഴിക്കാതിരിക്കും...

curd
Photo credit : Santhosh Varghese / Shutterstock.com
SHARE

ഇന്ത്യയിലെ മിക്ക വീടുകളിലും തൈര് ഒരു പ്രധാന വിഭവമാണ്. വെയിലിന്റെ ക്ഷീണം അകറ്റാന്‍ ഒരു ഗ്‌ളാസ് സംഭാരത്തിനോളം കഴിവ് മറ്റൊന്നിനുമില്ല. മോരായും പുളിശേരിയായും അവിയലിലൂടെയും കിച്ചടിയുടെ രൂപത്തിലും ഒക്കെ തൈര് നമ്മുടെ ശരീരത്തില്‍ എത്താറുണ്ട്.  ലാക്റ്റിക് ആസിഡാണ് തൈരിനു കട്ടിയുള്ള ഘടന നല്‍കുന്നത്. ഫോസ്ഫറസ്, കാല്‍സ്യം എന്നിവയാല്‍ സമ്പുഷ്ടമായ തൈര് പല്ലുകളെയും എല്ലുകളെയും ശക്തമാക്കുന്നു. ഇത് ആര്‍ത്രൈറ്റിസ് തടയാനും സഹായിക്കുന്നു. 

നമ്മുടെ ശരീരത്തിന് ഉപകാരപ്രദമായ മൈക്രോ ഓര്‍ഗാനിസം അടങ്ങിയിരിക്കുന്ന മികച്ച പ്രോബയോടോയിക് ഭക്ഷണങ്ങളില്‍ ഒന്നാണ് തൈര്. ഇത് പല അണുബാധകളും തടയുകയും മൊത്തത്തിലുള്ള പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ദഹനത്തിന് സഹായിക്കുന്ന നല്ല ബാക്ടീരിയകള്‍ ഇതിലുണ്ട്. തൈരിലെ പ്രോബയോട്ടിക്‌സ് ദഹനവ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു. 

തൈര് സൗന്ദര്യസംരക്ഷണത്തിനും ഉപയോഗിക്കുന്നുണ്ട്. തിളക്കമുള്ളതും സുന്ദരവുമായ ചര്‍മത്തിന്  തൈര്, നാരങ്ങ, കടലമാവ് എന്നിവയുടെ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകുക. തൈര് ബ്ലീച്ച് ആയി പ്രവര്‍ത്തിക്കുന്നതിനാല്‍ ത്വക്ക് തിളക്കമുള്ളതാകും. . 

താരനെ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച വീട്ടുവൈദ്യങ്ങളില്‍ ഒന്നാണ് തൈര്. തൈരിലെ ആന്റി ഫംഗസ് പ്രോപ്പര്‍ട്ടി താരന്‍ നീക്കം ചെയ്യും. തൈരും മൈലാഞ്ചിയും കലര്‍ന്ന മിശ്രിതം തലയില്‍ തേച്ച് അരമണിക്കൂറിനു ശേഷം കഴുകിയാല്‍ മതി. താരനെ അകറ്റുന്നതോടൊപ്പം മുടിക്ക് തിളക്കവും മൃദുത്വവും നല്‍കുകയും ചെയ്യും. 

curd

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു ഉത്തമ സഹായിയാണ് തൈര്. ഭാരം വര്‍ധിക്കുന്നവരുടെ പ്രധാന പ്രശ്‌നമാണ് അരക്കെട്ടില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ്. ഇതിനു കാരണം കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ അസന്തുലിതാവസ്ഥയാണ്. തൈരില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം കോര്‍ട്ടിസോളിന്റെ ഉത്പാദനം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. തൈര് കഴിക്കുന്നത് ദീര്‍ഘനേരം വയര്‍ നിറഞ്ഞതായി അനുഭവപ്പെടുന്നതിനാല്‍ ഇത് കാലറി ഉപഭോഗം കുറയ്ക്കുന്നതിനൊപ്പം ഫ്‌ളാറ്റ് ടമ്മി നല്‍കുകയും ചെയ്യുന്നു. 

ദിവസേന തൈര് കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും, അങ്ങനെ ഉയര്‍ന്ന രക്തസമ്മര്‍ദവും രക്താതിമര്‍ദവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ഇത് കൊളസ്‌ട്രോളിന്റെ അളവ് സന്തുലിതമാക്കാനും ഹൃദയത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താനും സഹായിക്കുന്നു.

തൈരിലെ ലൈവ് യോഗര്‍ട്ട് കള്‍ച്ചര്‍ ഈസി ഡൈജസ്റ്റീവ് പ്രോട്ടീനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഗ്രീക്ക് യോഗര്‍ട്ട് ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും പ്രമേഹമുള്ള ആളുകളില്‍ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുകയും ചെയ്യുന്നു. എന്നാല്‍ സുഗന്ധത്തിനായി കെമിക്കലുകള്‍ ചേര്‍ത്തതോ മധുരമുള്ളതോ ആയ തൈരുകള്‍ ഒഴിവാക്കേണ്ടതാണ്. 

Lassi

വൈറ്റമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമായ തൈര് ഒരു ഊര്‍ജ്ജ ഉത്തേജകമാണ്. ഇത് ഒരു ആന്റിഓക്സിഡന്റായി പ്രവര്‍ത്തിക്കുകയും തീവ്രമായ വ്യായാമ സെഷനുശേഷം ഊര്‍ജം വേഗത്തില്‍ വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. വ്യായാമത്തിന് മുമ്പും കഴിക്കാവുന്ന ഒരു മികച്ച ഭക്ഷണമാണിത്.

തൈരിലെ പ്രോബയോട്ടിക്‌സ്  തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. സ്ട്രെസിനെ അതിജീവിക്കാന്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പ്രോബയോട്ടിക്‌സ് സഹായിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. തൈര് കൂടുതലായി കഴിക്കുന്നത് വന്‍കുടല്‍ കാന്‍സര്‍ സാധ്യതയും കുറയ്ക്കുന്നുണ്ട്. അതിനാല്‍ ഭക്ഷണത്തില്‍ തൈര് ഉള്‍പ്പെടുത്താന്‍ മറക്കല്ലേ.

English Summary : Health benefits of curd

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA