ADVERTISEMENT

ചായ ഇല്ലാത്ത ഒരു ദിവസത്തെ കുറിച്ച് ശരാശരി മലയാളിക്ക് ചിന്തിക്കാനേ കഴിയില്ല. തലവേദന വന്നാല്‍ പോലും കടുപ്പത്തില്‍ ഒരു ചായ കുടിച്ചാല്‍ ശരിയാകും. കട്ടന്‍ചായ, പാല്‍ ചായ, വെള്ളച്ചായ, കടുപ്പത്തില്‍ ഒരു ചായ, ലൈറ്റ് ചായ, പതപ്പിച്ച ചായ തുടങ്ങി പല തരത്തിലുള്ള ചായകള്‍ നമുക്കിടയിലുണ്ട്. എന്നാല്‍ അതിനുമപ്പുറം നമ്മുടെ ശാരീരികാവസ്ഥകള്‍ക്ക് കൂടി ഗുണകരമാകുന്ന ചില ചായകളെ കുറിച്ച് ഒന്ന് നോക്കിയാലോ...

ലോകമെമ്പാടുമുള്ള ഏറ്റവും പ്രശസ്തമായ പാനീയങ്ങളിലൊന്നാണ് ചായ. കട്ടന്‍ ചായ, ഗ്രീന്‍ ടീ, ഓലോങ് തുടങ്ങിയ യഥാര്‍ഥ ചായകള്‍ കാമെലിയ സിനെന്‍സിസ് എന്ന തേയില ചെടിയുടെ ഇലകളില്‍ നിന്നാണ് ഉണ്ടാക്കുന്നത്.  എന്നാല്‍, ടിസാനുകള്‍ എന്നറിയപ്പെടുന്ന 

ഹെര്‍ബല്‍ ടീ വിവിധ സസ്യങ്ങളില്‍ നിന്നാണ് നിര്‍മിച്ചിരിക്കുന്നത്. ഒറിജിനല്‍ ചായകളും ഹെര്‍ബല്‍ ചായകളും ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഫൈറ്റോകെമിക്കലുകളാല്‍ സമ്പന്നമാണ്-കൂടാതെ കാലറി രഹിതവും-അതിനാല്‍ ഒരു കപ്പ് ഉണ്ടാക്കാന്‍ മടിക്കരുത്.

ബ്ലാക്ക് ടീ

Image Credits : WIROJE PATHI / Shutterstock.com
Image Credits : WIROJE PATHI / Shutterstock.com

കട്ടന്‍ ചായ ഉണ്ടാക്കാന്‍, തേയില ചെടിയുടെ ഇലകള്‍ ചതച്ച് ഉണങ്ങാന്‍ അനുവദിക്കും. ഇലകള്‍ ഓക്‌സിഡൈസ് ചെയ്യുമ്പോള്‍, അവ ഇരുണ്ടതും സുഗന്ധമുള്ളതുമായി മാറുന്നു. കട്ടന്‍ ചായയില്‍ തേഫ്ലേവിന്‍, തേറൂബിഗിന്‍സ്, കാറ്റെച്ചിന്‍ എന്നിവയുള്‍പ്പെടെ വിവിധ രോഗങ്ങളെ പ്രതിരോധിക്കുന്ന ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. ബ്ലാക്ക് ടീ കുടിക്കുന്നത് പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്നും കണ്ടെത്തലുണ്ട്.

ഗ്രീന്‍ ടീ

Photo Credit : 5 second Studio / Shutterstock.com
Photo Credit : 5 second Studio / Shutterstock.com

തേയില ഇലകള്‍ ഓക്‌സിഡൈസ് ചെയ്യാന്‍ അനുവദിക്കാതെ ആവിയില്‍ ഉണക്കിയാണ് ഗ്രീന്‍ ടീ ഉണ്ടാക്കുന്നത്. കാറ്റെച്ചിന്‍ ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ് ഈ ചായ. കഫീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് മാനസിക ഊര്‍ജസ്വലത വര്‍ധിപ്പിക്കുകയും ഹൃദ്രോഗവും പ്രമേഹവും തടയാന്‍ സഹായിക്കുകയും ചെയ്യും. ഗ്രീന്‍ ടീ കാന്‍സര്‍ സാധ്യത കുറയ്ക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച ഗവേഷണം പൂര്‍ത്തിയായിട്ടില്ല.

ഓലോങ്

 പരമ്പരാഗതമായ ചൈനീസ് ചായയാണ് ഓലോംഗ് ചായകള്‍. ഇതുണ്ടാക്കാന്‍ തേയില ഇലകള്‍ ഭാഗികമായി ഓക്‌സിഡൈസ് ചെയ്യപ്പെടുന്നു. ആന്റിഓക്സിഡന്റുകളായി പ്രവര്‍ത്തിക്കുന്ന കാറ്റെച്ചിനുകള്‍ ഉള്‍പ്പെടെയുള്ള പോളിഫെനോളുകളുടെ ഒരു മിശ്രിതം ഓലോങ്ങില്‍ അടങ്ങിയിരിക്കുന്നു. തിളപ്പിച്ച വെള്ളത്തില്‍ ഇലകള്‍ ഇട്ടാണ് ഓലോങ് ചായ ഉണ്ടാക്കുന്നത്. 

ഒാലോങ്ങില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട്. ചായയിലെ കഫീന്‍, ഇല പറിക്കുന്ന സമയം, ഉല്‍പാദന പ്രക്രിയകള്‍ എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടും.

വൈറ്റ് ടീ

ഇളം ചായ ഇലകളും മൊട്ടുകളും ആവിയില്‍ ഉണക്കിയാണ് വൈറ്റ് ടീ  ഉണ്ടാക്കുന്നത്. വൈറ്റ് ടീയിലെ കാറ്റെച്ചിന്‍ ഗ്രീന്‍ ടീയുടേതിന് സമാനമാണ്, ഇത് പ്രത്യേകിച്ച് ആരോഗ്യകരമായ പാനീയമാണ്.

ജാപ്പനീസ് മാച്ച

പൊടിച്ച ഗ്രീന്‍ ടീയാണ് മാച്ച. സാധാരണ ഗ്രീന്‍ ടീ പോലെ, ഇതില്‍ ഉയര്‍ന്ന അളവിലുള്ള ആന്റിഓക്സിഡന്റ് സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു.  മിഠായികള്‍, ലേറ്റുകള്‍, സ്മൂത്തികള്‍ എന്നിവയിലും മാച്ച ഉപയോഗിക്കുന്നു, എന്നാല്‍ ഇത്തരം മിഠായികളില്‍ ചിലപ്പോള്‍ ഉയര്‍ന്ന പഞ്ചസാര അടങ്ങിയിട്ടുണ്ടാകും. ഒരു ജാപ്പനീസ് മാച്ച ചായ ഉണ്ടാക്കാന്‍, ചെറിയ അളവിലുള്ള മാച്ച ചൂടുവെള്ളത്തില്‍ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. നന്നായി പതഞ്ഞു വന്നാല്‍ മാച്ച ചായ തയാര്‍. 

ചെമ്പരത്തി ചായ

hibiscus-tea

 രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ അസുഖങ്ങളാല്‍ വിഷമിക്കുന്നവര്‍ക്കുള്ള ഉത്തമ ഔഷധമാണ് ചെമ്പരത്തി ചായ. ചെമ്പരത്തി പൂവ് ചൂടുവെള്ളത്തില്‍ ഇട്ട് നിറം മാറിയ ഉടന്‍ മാറ്റിയ ശേഷം വെള്ളത്തില്‍ ഒരല്പം നാരങ്ങാനീരും തേനും ചേര്‍ത്ത് കുടിച്ചാല്‍ അടിപൊളി ചെമ്പരത്തി ചായ റെഡിയായി. പൂവില്‍ അടങ്ങിയിരിക്കുന്ന ഫ്‌ളവനോയിഡുകളും ആന്തോസയാനിനുകളും ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള സംയുക്തങ്ങളാണ്. ഇവയാണ് ബി.പിയെയും ഷുഗറിനെയും നിയന്ത്രിക്കുന്നത്. 

റോയ് ബോസ്

റോയ് ബോസ് ദക്ഷിണാഫ്രിക്കയില്‍ വളരുന്ന ഒരു പയര്‍വര്‍ഗ-കുടുംബ സസ്യമാണ്. 'റെഡ് ടീ' എന്നും അറിയപ്പെടുന്ന റോയിബോസ് കഫീന്‍ രഹിതവും ഫ്‌ളവനോയ്ഡ് ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നവുമാണ്. റൂയിബോസ് ടീ പതിവായി കുടിക്കുന്നത് രക്തത്തിലെ ആന്റിഓക്സിഡന്റുകളുടെ അളവ് വര്‍ധിപ്പിക്കുകയും എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്നു.

ചമോമൈല്‍

chamomile tea

ഉത്കണ്ഠയ്ക്കും ഉറക്കക്കുറവിനും  പരിഹാരമായി പരമ്പരാഗതമായി ഉപയോഗിക്കുന്ന ചമോമൈല്‍ ചായ. ചമോമൈല്‍ ചെടിയുടെ ചെറിയ, ഡെയ്സി പോലുള്ള പൂക്കള്‍ ഉണക്കിയാണ് ചായയുണ്ടാക്കുന്നത്. 

മറ്റ് പച്ചമരുന്നുകള്‍ക്കൊപ്പം ഉപയോഗിക്കുമ്പോള്‍, ചമോമൈല്‍ കുട്ടികളില്‍ വയറുവേദനയ്ക്കും വയറിളക്കത്തിനും ശമനം ഉണ്ടാക്കാന്‍ സഹായിക്കും. ആര്‍ത്തവ സമയത്തെ വേദന, പ്രമേഹം, രക്തസമ്മര്‍ദ്ദം കുറയ്ക്കല്‍, ഉറക്കമില്ലായ്മ പരിഹരിക്കും, ജലദോഷം അകറ്റും, ചർമ പ്രശ്‌നങ്ങള്‍ പരിഹരിക്കും ഇതൊക്കെ ചമോമൈല്‍ ചായയുടെ ഗുണങ്ങളാണ്. 

പെപ്പര്‍മിന്റ്

മഞ്ഞുകാലത്ത് ചൂടും ചൂടുകാലത്ത് തണുപ്പും തരാന്‍ കഴിവുള്ള ചായയാണിത്. പെപ്പര്‍മിന്റ് ഇലകളിലെ എണ്ണ ഓക്കാനം, ദഹനക്കേട്, കുടല്‍ സിന്‍ഡ്രോമിന്റെ അസ്വസ്ഥതയുള്ള ദഹനനാളത്തിന്റെ ലക്ഷണങ്ങള്‍ എന്നിവ മെച്ചപ്പെടുത്തും. ഭാരനിയന്ത്രണത്തിന് അത്യുത്തമമാണിത്. തലവേദനയ്ക്കും ദന്തക്ഷയത്തിനും ഉത്കണ്ഠയ്ക്കും ഉത്തമമരുന്നു കൂടിയാണിത്.

English Summary : The best teas for your health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com