സോയയിലുണ്ട് അതിശയിപ്പിക്കും ആരോഗ്യഗുണങ്ങൾ; പക്ഷേ പുരുഷൻമാർ ശ്രദ്ധിക്കേണ്ടതുണ്ട്

soya chunks
Photo credit : SAM THOMAS A / Shutterstock.com
SHARE

ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരു പയര്‍ വര്‍ഗമാണ് സോയാബീന്‍. ആരോഗ്യത്തിന് വളരെ ഉപയോഗപ്രദമായ സോയാബീന്‍ കൃഷി ചെയ്യാനും എളുപ്പമാണ്. ഒരു എണ്ണക്കുരു കൂടിയാണിത്. സോയ പാല്‍, ടെക്സ്ചര്‍ ചെയ്ത പച്ചക്കറി പ്രോട്ടീന്‍, സോയാ ചങ്ക്‌സ് തുടങ്ങിയ രൂപങ്ങളിലാണ് ഈ പയറുവര്‍ഗം കൂടുതലായി ഉപയോഗിക്കുന്നത്.  

ഉയര്‍ന്ന അളവിലുള്ള പ്രോട്ടീന്‍ സോയ ഉല്‍പന്നങ്ങളെ സസ്യാഹാരികള്‍ക്ക് അനുയോജ്യമായ പ്രോട്ടീന്‍ സ്രോതസ്സാക്കി മാറ്റുന്നു. മറ്റേതു വിളയെക്കാളും പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട് എന്നതാണ് ഇതു വ്യാപകമായി കൃഷി ചെയ്യപ്പെടുന്നതിന്റെ ഒരു കാരണം.

സോയാബീനിന്റെ ഗുണങ്ങള്‍

∙ മെറ്റബോളിസം ഉയര്‍ത്തുന്നു

സോയാബീന്‍ പ്രോട്ടീന്റെ ഒരു പ്രധാന സ്രോതസ്സാണ്. ഇത് ഉപാപചയ പ്രവര്‍ത്തനത്തിന് വലിയ ഉത്തേജനം നല്‍കുന്നു. സോയാബീനില്‍ നിന്നുള്ള പ്രോട്ടീനുകള്‍ ശരിയായ ആരോഗ്യവും കോശ വളര്‍ച്ചയും ഉറപ്പാക്കുന്നു. ശുദ്ധ സസ്യാഹാരികൾക്ക് ആവശ്യത്തിനു പ്രോട്ടീന്‍ ലഭിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. റെഡ് മീറ്റ്, ചിക്കന്‍, മുട്ട, പാല്‍ ഉല്‍പന്നങ്ങള്‍, മത്സ്യം എന്നിവയ്ക്ക് സമാനമായ പ്രോട്ടീനുകള്‍ സോയാബീനില്‍നിന്നു ലഭിക്കും. അതുകൊണ്ടുതന്നെ വെജിറ്റേറിയന്‍സിന്റെ മീറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. 

∙ ആരോഗ്യകരമായ ശരീരഭാരം

അമിതഭക്ഷണം ഇല്ലാതാക്കാന്‍ സോയാബീനും സോയ അധിഷ്ഠിത ഉല്‍പന്നങ്ങള്‍ക്കും കഴിയും. സോയാബീന്‍ നല്ല അളവില്‍ നാരുകളും പ്രോട്ടീനും നല്‍കുന്നു. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവർക്കും കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സോയാബീന്‍ പ്രയോജനകരമാണ്. കൂടാതെ, അവ ശരീരത്തിന് അനാരോഗ്യകരമായ ഉയര്‍ന്ന കൊഴുപ്പ് നല്‍കുന്നില്ല. ഇത് പ്രമേഹം, ഹൃദയ രോഗങ്ങള്‍ തുടങ്ങിയ അപകടകരമായ അവസ്ഥകളില്‍നിന്നു  സംരക്ഷിക്കുന്നു.

∙ കാന്‍സര്‍ പ്രതിരോധത്തിന്

സോയാബീനിലെ ആന്റിഓക്‌സിഡന്റുകൾ വിവിധതരം കാന്‍സറുകളെ പ്രതിരോധിക്കാൻ സഹായകമാണ്. സെല്ലുലാര്‍ മെറ്റബോളിസത്തിന്റെ അപകടകരമായ ഉപോല്‍പന്നങ്ങളായ ഫ്രീ റാഡിക്കലുകളെ ആന്റിഓക്‌സിഡന്റുകള്‍ നിര്‍വീര്യമാക്കുന്നു. ഈ ഫ്രീ റാഡിക്കലുകളാണ് ആരോഗ്യകരമായ കോശങ്ങളെ മാരകമായ കാന്‍സര്‍ കോശങ്ങളായി പരിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്നത്. കൂടാതെ, സോയാബീനിലെ ഉയര്‍ന്ന ഫൈബര്‍  ദഹന പ്രക്രിയ സുഗമമാക്കി വന്‍കുടല്‍ കാന്‍സര്‍ പോലുള്ള സാധ്യതകളും ഇല്ലാതാക്കുന്നു. 

∙ ഹൃദയാരോഗ്യം വര്‍ധിപ്പിക്കുന്നു

ശരീരത്തിലെ മൊത്തം കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ആരോഗ്യകരമായ അപൂരിത കൊഴുപ്പിന്റെ ഉറവിടമാണ് സോയാബീന്‍. ഹൃദയാഘാതം, പക്ഷാഘാതം എന്നിവ തടയാന്‍ ഇതു സഹായിക്കുന്നു. കൂടാതെ, 

ആരോഗ്യകരമായ ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫാറ്റി ആസിഡുകളില്‍പെട്ട  ലിനോലെയിക് ആസിഡും ലിനോലെനിക് ആസിഡും സോയാബീനിലുണ്ട്. ഇവ ശരീരത്തിലെ പേശികളുടെ സുഗമമായ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുകയും രക്തസമ്മര്‍ദം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. രക്തക്കുഴലുകളിലെയും ധമനികളിലെയും അധിക കൊളസ്ട്രോള്‍ നീക്കം ചെയ്തുകൊണ്ട് ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സോയാബീനിലെ ഫൈബര്‍ സഹായിക്കുന്നു.

∙ ആര്‍ത്തവവിരാമ ലക്ഷണങ്ങള്‍ ഇല്ലാതാക്കുന്നു

സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയുടെ അനിവാര്യ ഘടകങ്ങളായ ഐസോഫ്ലവനുകളുടെ നല്ലൊരു ഉറവിടമാണ് സോയാബീന്‍. ആര്‍ത്തവവിരാമ സമയത്ത്, ഈസ്ട്രജന്റെ അളവ് ഗണ്യമായി കുറയുന്നു. ഐസോഫ്ലവനുകള്‍ക്ക് ഈസ്ട്രജന്‍ റിസപ്റ്റര്‍ സെല്ലുകളുമായി ബന്ധിപ്പിക്കാന്‍ കഴിയും. മൂഡ് സ്വിങ്, ഹോട്ട് ഫ്ലാഷ്, വിശപ്പ്, വേദന തുടങ്ങി ആര്‍ത്തവവിരാമത്തിന്റെ പല ലക്ഷണങ്ങളെയും ഇത് ലഘൂകരിക്കും. 

∙ ദഹനം വര്‍ധിപ്പിക്കും

പല ആളുകളുടെയും ഭക്ഷണത്തില്‍ ഇല്ലാത്ത ഏറ്റവും സാധാരണമായ ഘടകങ്ങളിലൊന്നാണ് സോയാബീനില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍. ആരോഗ്യമുളള ശരീരത്തിന്റെ ഒരു പ്രധാന ഭാഗമാണ് ഫൈബര്‍, പ്രത്യേകിച്ച് ദഹനവ്യവസ്ഥയുടെ കാര്യത്തില്‍. ഫൈബര്‍, ഭക്ഷണം പുറംതള്ളുന്ന സുഗമമായ പേശികളുടെ പെരിസ്റ്റാല്‍റ്റിക് ചലനത്തെ ഉത്തേജിപ്പിക്കുന്നു. വന്‍കുടല്‍ കാന്‍സര്‍ പോലുള്ള അവസ്ഥകളുണ്ടാകുന്നത് തടയുന്നു.

∙ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും

സോയാബീനില്‍ ഉയര്‍ന്ന വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്, കൂടാതെ കാല്‍സ്യം, മഗ്നീഷ്യം, ചെമ്പ്, സെലിനിയം, സിങ്ക് എന്നിവയുടെ അളവ് ശരീരത്തിലെ വിവിധ പ്രക്രിയകള്‍ക്കു വളരെ പ്രധാനമാണ്; പ്രത്യേകിച്ച് എല്ലുകള്‍ക്ക്. ഓസ്റ്റിയോട്രോപിക് പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിന് ഈ ഘടകങ്ങളെല്ലാം അത്യന്താപേക്ഷിതമാണ്. ഇത് പുതിയ അസ്ഥികള്‍ വളരാന്‍ അനുവദിക്കുകയും അസ്ഥികളുടെ രോഗശമന പ്രക്രിയയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. പ്രായമാകുമ്പോള്‍ സാധാരണയായി ഉണ്ടാകുന്ന ഓസ്റ്റിയോപൊറോസിസ് പോലുള്ള പ്രശ്നങ്ങള്‍ക്ക് സോയാബീന്‍ കഴിക്കുന്നത് ദീര്‍ഘകാല പരിഹാരമാണ്.

∙ ജനന വൈകല്യങ്ങള്‍ തടയുന്നു

സോയാബീനിലെ ഉയര്‍ന്ന അളവിലുള്ള വൈറ്റമിന്‍ ബി കോംപ്ലക്സും ഫോളിക് ആസിഡും ഗര്‍ഭിണികള്‍ക്ക് വളരെ പ്രധാനമാണ്. ഫോളിക് ആസിഡ് ശിശുക്കളിലെ ന്യൂറല്‍ ട്യൂബ് തകരാറുകള്‍ തടയുന്നു.

∙ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു

ചെമ്പും ഇരുമ്പും സോയാബീനില്‍ ധാരാളമായി കാണപ്പെടുന്ന രണ്ട് ധാതുക്കളാണ്. ഇവ രണ്ടും ചുവന്ന രക്താണുക്കളുടെ രൂപവത്കരണത്തിന് അത്യന്താപേക്ഷിതമാണ്.  ഇത് ഉപാപചയ പ്രവര്‍ത്തനങ്ങള്‍ പരമാവധിയാക്കുകയും ഊര്‍ജ നില വര്‍ധിപ്പിക്കുകയും ചെയ്യുന്നു, അതേസമയം വിളര്‍ച്ച പോലുള്ള അപകടകരമായ അവസ്ഥകളും ഒഴിവാക്കുന്നു.

∙ പ്രമേഹം നിയന്ത്രിക്കുന്നു

പ്രമേഹം തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള ഒരു ഫലപ്രദമായ മാര്‍ഗമാണ് സോയാബീന്‍. അത് ശരീരത്തിലെ ഇന്‍സുലിന്‍ റിസപ്റ്ററുകള്‍ വര്‍ധിപ്പിക്കുകയും അതുവഴി രോഗത്തെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു.

∙ ഉറക്ക തകരാറുകള്‍ ഒഴിവാക്കുന്നു

സോയാബീന്‍ ഉറക്ക തകരാറുകള്‍ കുറയ്ക്കുന്നതിനും ഉറക്കമില്ലായ്മ മാറ്റുന്നതിനും സഹായിക്കുന്നു. സോയാബീനില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള മഗ്നീഷ്യമാണ് ഉറക്ക തകരാറുകള്‍ പരിഹരിക്കുന്നത്.

പാര്‍ശ്വഫലങ്ങള്‍

സോയാബീന്‍, സോയ ഉല്‍പന്നങ്ങള്‍ എന്നിവയ്ക്കു ധാരാളം ഗുണങ്ങള്‍ ഉണ്ടെങ്കിലും നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമായി സോയാബീന്‍ കഴിക്കുന്നതിലൂടെ ചില ആരോഗ്യപരമായ ദോഷഫലങ്ങളും ഉണ്ട്:

ഈസ്ട്രജന്‍ നിലകള്‍:

സോയാബീനില്‍ ഈസ്ട്രജന്‍ അനുകരിക്കുന്ന സംയുക്തങ്ങള്‍ ഉള്ളതിനാല്‍, പുരുഷന്മാര്‍ ഇടയ്ക്കിടെ ഉയര്‍ന്ന അളവില്‍ സോയാബീന്‍ അല്ലെങ്കില്‍ സോയ പാല്‍ കഴിച്ചാല്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഉണ്ടാകാം. പുരുഷന്മാരില്‍, ഇത് വന്ധ്യത, ലൈംഗിക അപര്യാപ്തത, ബീജങ്ങളുടെ എണ്ണം കുറയുക, ചില അര്‍ബുദ സാധ്യതകള്‍ എന്നിവയ്ക്ക് കാരണമാകും.

സോയാബീന്റെ പയറുരൂപത്തില്‍ ധാരാളം പോഷകാഗിരണവിരുദ്ധ ഘടകങ്ങളായ സാപോണിന്‍, ഹീമാഗ്‌ളുട്ടിനിന്‍സ് തുടങ്ങിയവ അടങ്ങിയിരിക്കുന്നതിനാല്‍ പയര്‍ ഉപയോഗിക്കുന്നത് അഭികാമ്യമല്ല. പകരം സംസ്‌കരിച്ചെടുത്ത ഉത്പന്നങ്ങളാണ് ഉത്തമം.

English Summary : Health benefits of soyabeans

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA