ADVERTISEMENT

ഇന്ത്യക്കാരുെട ഭക്ഷണരീതി വിവിധതരം സുഗന്ധവ്യഞ്ജനങ്ങളുടെ സാന്നിധ്യം കൊണ്ട് വേറിട്ടു നിൽക്കുന്നു. ഉപ്പും കുരുമുളകും മാത്രമല്ല മുളകുപൊടി, മഞ്ഞൾ, മല്ലി, കായം, ജീരകം, കറുവപ്പട്ട, ഗ്രാമ്പൂ, കറിവേപ്പില ഇങ്ങനെ നീളുന്നു നമ്മുടെ കറികളിലെ രസക്കൂട്ടുകൾ. വടക്കേ ഇന്ത്യൻ വിഭവങ്ങളിൽ മിക്കവയിലും ചേർക്കുന്ന ഒന്നാണ് ഡ്രൈമാംഗോ പൗഡർ എന്ന ആംചൂർ പൗഡർ. ഇന്നിത് മലയാളിയുടെ അടുക്കളയിലും സ്ഥാനം പിടിച്ചു കഴിഞ്ഞു. ഉത്തരേന്ത്യൻ രുചിക്കൂട്ടുകൾ പരീക്ഷിക്കുമ്പോൾ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഡ്രൈമാംഗോ പൗഡർ. ഇത് വളരെ കുറച്ചു മാത്രം ചേർത്താൽ തന്നെ കറികളുടെ രുചി കൂടും. ചട്നി, കറികൾ, സൂപ്പ് ഇവയിലെല്ലാം ഡ്രൈമാംഗോ പൗഡർ ചേർക്കാം. 

 

രുചി കൂട്ടാൻ മാത്രമല്ല പോഷകഗുണങ്ങളും ഏറെയുള്ള ഒന്നാണിത്. വൈറ്റമിൻ എ, ഇ, സി, കാത്സ്യം, ഭക്ഷ്യനാരുകൾ, പൊട്ടാസ്യം, അയൺ എന്നിവയെല്ലാം ഇതിലുണ്ട്. 20 ഗ്രാം സെർവിങ്ങിൽ വെറും 12 കാലറി മാത്രമേ അടങ്ങിയിട്ടുള്ളൂ. കൊഴുപ്പ്, കൊളസ്ട്രോൾ, സോഡിയം ഇവ ഒട്ടും അടങ്ങിയിട്ടില്ലാത്ത ഡ്രൈമാംഗോ പൗഡർ ഹൃദ്രോഗികൾ പ്രത്യേകിച്ച് ഹൈപ്പര്‍ ടെൻഷനും ഉയർന്ന കൊളസ്ട്രോളും ഉള്ളവർക്ക് ഏറെ ഗുണം ചെയ്യും. ഡ്രൈമാംഗോ പൗഡറിന്റെ മറ്റ് ആരോഗ്യ ഗുണങ്ങൾ ഇതാ. 

 

1. കാഴ്ച ശക്തി മെച്ചപ്പെടുത്തുന്നു: വൈറ്റമിൻ എ, ഇ എന്നിവ ധാരാളം അടങ്ങിയതിനാൽ ഡ്രൈമാംഗോ പൗഡർ കാഴ്ചശക്തിമെച്ചപ്പെടുത്താൻ സഹായിക്കും. പതിവായുള്ള ഉപയോഗം കണ്ണുകളെ ആരോഗ്യമുള്ളതാക്കുകയും തിമിരം പോലുള്ള നേത്രരോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. 

 

2. ദഹനത്തിന്: ഡ്രൈമാംഗോ പൗഡറിൽ ആന്റി ഓക്സിഡന്റുകളും ഭക്ഷ്യനാരുകളും ധാരാളമുണ്ട്. ഇത് ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുകയും മലബന്ധം അകറ്റുകയും ചെയ്യുന്നു. ദിവസം അര ടീസ്പൂൺ മാത്രം ഡ്രൈമാംഗോ പൗഡർ ഉപയോഗിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുന്നു. 

 

3.പ്രമേഹത്തെ പ്രതിരോധിക്കുന്നു: ഡ്രൈമാംഗോ പൗഡറിന് മധുരവും പുളിയും എല്ലാം ചേർന്ന ഒരു രുചിയാണ്. കരോട്ടിനോയി‍ഡുകളും പോളിഫിനോളുകളും ഇതിൽ ധാരാളമുണ്ട്. ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ഗ്ലൂക്കോസിന്റെ ആഗിരണത്തിന് സഹായിക്കുകയും ചെയ്യും. ഇത് പ്രമേഹരോഗികൾക്ക് ഒരു അനുഗ്രഹമാണ്. 

 

4.ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: കാലറി വളരെ കുറഞ്ഞ ഡ്രൈമാംഗോപൗഡർ, ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുന്നതോടൊപ്പം ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

English Summary : Health benefits of Amchur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com