രോഗപ്രതിരോധ ശക്തി ഏകുന്ന പ്രധാനപ്പെട്ട വൈറ്റമിൻ ആണ് സി. ആന്റി ഓക്സഡന്റു ഗുണങ്ങളുള്ള വൈറ്റമിൻ സി ചർമത്തിനും ആരോഗ്യമേകുന്നു. ജലത്തിൽ ലയിക്കുന്ന പോഷകമായ ഇത് പഴങ്ങളിലും പച്ചക്കറികളിലും ധാരാളമായുണ്ട്. മനുഷ്യശരീരത്തിന് ഉൽപാദിപ്പിക്കാനോ ശേഖരിച്ചു വയ്ക്കാനോ സാധിക്കാത്ത വൈറ്റമിൻ ആണിത്. അതുകൊണ്ടു തന്നെ കൂടിയ അളവിൽ ഇത് ശരീരത്തിന് ആവശ്യവുമാണ്. ചെറുരക്തക്കുഴലുകൾ, എല്ലുകൾ, പല്ലുകൾ, കൊളാജൻ കലകൾ എന്നിവയ്ക്കെല്ലാം വൈറ്റമിൻ സി ആവശ്യമാണ്. കുറഞ്ഞത് 90 മിഗ്രാം വൈറ്റമിൻ സി എങ്കിലും ശരീരത്തിന്റെ പ്രവർത്തനത്തിന് ആവശ്യമാണ്.
വൈറ്റമിൻ സിയാൽ സമ്പന്നമായതാണ് ഓറഞ്ചും ചെറുനാരങ്ങയും. 100 ഗ്രാം സെർവിങ്ങിൽ 53.2 മിഗ്രാം വൈറ്റമിൻ സി ഓറഞ്ചിലും 53 മി.ഗ്രാം വൈറ്റമിൻ സി നാരങ്ങയിലും അടങ്ങിയിരിക്കുന്നു. എന്നാൽ ഇതിലും കൂടിയ അളവിൽ വൈറ്റമിൻ സി അടങ്ങിയ വേറെയും ചില പഴങ്ങളുണ്ട്. അവ ഏതൊക്കെ എന്നു നോക്കാം.
1. പൈനാപ്പിൾ

വൈറ്റമിൻ സിയുടെ മികച്ച ഉറവിടമാണ് പൈനാപ്പിൾ. ഒരു സെർവിങ്ങിൽ 79 മി.ഗ്രാം വൈറ്റമിൻ സി പൈനാപ്പിളിലുണ്ട്. എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നതോടൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പൈനാപ്പിൾ സഹായിക്കും.
2. പപ്പായ

നാരുകൾ ധാരാളമടങ്ങിയ പപ്പായ ക്രമം തെറ്റിയ ആർത്തവം ഉള്ളവർക്ക് ഏറെ ഗുണകരമാണ്. ഒരു കപ്പ് പപ്പായയിൽ 88 മി.ഗ്രാം വൈറ്റമിൻ സി ഉണ്ട്.
3. പേരയ്ക്ക

വേനൽക്കാലത്ത് സുലഭമായ പേരയ്ക്ക കാലറി കുറഞ്ഞ ഒരു ഫലമാണ്. അന്നജവും നാരുകളും മിതമായ അളവിൽ അടങ്ങിയ പേരയ്ക്ക വൈറ്റമിൻ സിയുടെ കലവറയാണ്. ഒരു പേരയ്ക്കയിൽ 126 മി.ഗ്രാം വിൈമിൻ സി അടങ്ങിയിട്ടുണ്ട്.
4. കിവി

ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറഞ്ഞ കിവിപ്പഴം പ്രമേഹ രോഗികൾക്കും ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഏറെ നല്ലതാണ്. രണ്ടു കിവിപ്പഴം 137 മി.ഗ്രാം വൈറ്റമിൻ സി തരും.
5. കാപ്സിക്കം

പച്ച, മഞ്ഞ, ചുവപ്പ് നിറങ്ങളിൽ ലഭ്യമായ കാപ്സിക്കം വൈറ്റമിൻ സി ധാരാളമായടങ്ങിയ ഒന്നാണ്. ഇടത്തരം വലുപ്പമുള്ള ഒരു ചുവപ്പു കാപ്സിക്കത്തിൽ 152 മി.ഗ്രാം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. പച്ച കാപ്സിക്കത്തിൽ 96 മി.ഗ്രാമും മഞ്ഞ കാപ്സിക്കത്തിൽ 218 മി. ഗ്രാം വൈറ്റമിൻ സിയും അടങ്ങിയിരിക്കുന്നു.
Content Summary : Vitamin C rich foods