പഴങ്ങളോ പച്ചക്കറികളോ കഴിക്കും മുൻപ് ഭക്ഷ്യസുരക്ഷയെ കരുതിയോ വൃത്തിയെ കരുതിയോ അവയുടെ തൊലി നാം നീക്കം ചെയ്യാറുണ്ട്. എന്നാൽ തൊലി കളയുന്നതോടെ പ്രധാനപ്പെട്ട പോഷകഗുണങ്ങളും നീക്കം ചെയ്യപ്പെടുകയാവും ചെയ്യുന്നത്. ചില പഴങ്ങളുടെ തൊലിക്ക് രുചി കുറവായിരിക്കും എങ്കിലും തൊലികളയാതെ കഴിക്കുന്നതു വഴി സമയലാഭം ഉണ്ട് എന്നുമാത്രമല്ല പോഷകങ്ങൾ ലഭിക്കുകയും ചെയ്യും. വാഴപ്പഴത്തിന്റെ തോൽ ഇത്തരത്തിൽ രുചി കുറവെങ്കിലും ഫൈബർ ധാരാളം അടങ്ങിയതും സുരക്ഷിതമായി ഉപയോഗിക്കാവുന്നതുമാണ്.
തൊലി കളയാതെ തന്നെ ഉപയോഗിക്കാവുന്ന ചില പഴങ്ങളും പച്ചക്കറികളും ഏതെന്നു നോക്കാം.
∙ മാമ്പഴം

മാമ്പഴത്തിന്റെ പൾപ്പ് പോലെ തന്നെ പോഷകസമ്പുഷ്ടമാണ് തോലും. ഇതിൽ വൈറ്റമിൻ സിയും ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്. മാമ്പഴം കഴിക്കുമ്പോൾ തൊലി കളയാതെ കഴിക്കാം.
∙ ഓറഞ്ച്

ഓറഞ്ച് തൊലി കളയാതെ കഴിക്കുന്നത് ചിന്തിക്കാനേ പറ്റില്ല. എന്നാൽ ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് ഓറഞ്ച് തൊലി എന്നും ഇത് ഭക്ഷ്യയോഗ്യമാണ് എന്നും അറിയാമോ.
∙ ഉരുളക്കിഴങ്ങ്

പതിവായി എല്ലാവരും കഴിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. പല രീതിയിൽ ആണ് പാകം ചെയ്യുന്നതെങ്കിലും ലോകത്ത് എല്ലായിടത്തും ഇത് തൊലികളഞ്ഞശേഷമാണ് ഉപയോഗിക്കാറ്. എന്നാൽ തൊലിയിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുള്ള ഉരുളക്കിഴങ്ങ് തൊലി കളയാതെ തന്നെ ഉപയോഗിക്കാം.
∙ കിവി

വൈറ്റമിൻ സി ധാരാളം അടങ്ങിയ ഫലമാണ് കിവി. മധുരവും പുളിപ്പും ചേർന്ന രുചിയുള്ള ഈ പഴത്തിന്റെ തൊലിയിൽ വൈറ്റമിൻ ഇ യും ഫൈബറും ധാരാളം ഉണ്ട്.
∙ കുക്കുമ്പർ

സാലഡ് വെള്ളരി അഥവാ കുക്കുമ്പറിന്റെ തൊലിയിൽ വൈറ്റമിനുകളും ഫൈബറും ധാരാളമുണ്ട്. സാലഡ് ഉണ്ടാക്കുമ്പോൾ ഇനി മുതൽ കുക്കുമ്പർ തൊലി കളയാതെ തന്നെ ഉപയോഗിക്കാം.
Content Summary: Skins of fruits and vegetables that are safe to eat