ADVERTISEMENT

ഫിറ്റ്നസ് പ്രേമികള്‍ക്കിടയില്‍ നിരവധി ആരാധകരുള്ള ഒരു പഴമാണ് അവക്കാഡോ. രുചി മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങളും അവക്കാഡോയ്ക്കുണ്ട്. ആറു മാസത്തേക്ക് ദിവസവും ഒരു അവക്കാഡോ വീതം കഴിക്കുന്നത് അനാരോഗ്യകരമായ കൊളസ്ട്രോള്‍ തോത്  കുറയ്ക്കാന്‍ സഹായിക്കുമെന്ന് അടുത്തിടെ നടന്ന ഒരു പഠനം വെളിപ്പെടുത്തുന്നു. അവക്കാഡോ കഴിച്ചവര്‍ ഗവേഷണ കാലയളവില്‍ കൂടുതല്‍ മെച്ചപ്പെട്ട ഭക്ഷണക്രമം പിന്തുടര്‍ന്നതായും ഗവേഷകര്‍ കണ്ടെത്തി. 

 

എന്നാല്‍ അവക്കാഡോ കഴിക്കുന്നത് കുടവയറിന്‍റെ കാര്യത്തിലോ മൊത്തത്തിലുള്ള ഭാരത്തിന്‍റെ കാര്യത്തിലോ ഗണ്യമായ സ്വാധീനം ചെലുത്തുന്നില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഇവാന്‍ പഗ് യൂണിവേഴ്സിറ്റിയിലെ ന്യൂട്രീഷണല്‍ സയന്‍സസ് പ്രഫസര്‍ ക്രിസ് ഇതേര്‍ട്ടന്‍ പറഞ്ഞു. അതേ സമയം 100 പോയിന്‍റ് സ്കെയിലില്‍ എട്ട് പോയിന്‍റ് വച്ച് ഭക്ഷണക്രമത്തിന്‍റെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ അവക്കാഡോയ്ക്ക് സാധിച്ചതായി ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 

 

അമിതവണ്ണമുള്ള 1000 പേരില്‍ ആറു മാസക്കാലയളവിലേക്കാണ് നിരീക്ഷണ പഠനം നടത്തിയത്. ഇവരില്‍ പകുതി പേര്‍ക്ക് ദിവസവും ഒരു അവക്കാഡോ വീതം കഴിക്കാന്‍ നല്‍കിയപ്പോള്‍ ശേഷിക്കുന്ന പാതി പേര്‍ അവരുടെ സാധാരണ ഭക്ഷണക്രമം പിന്തുടര്‍ന്നു. ഇവരോട് മാസത്തില്‍ രണ്ടില്‍ താഴെ മാത്രമേ അവക്കാഡോ കഴിക്കാവൂ എന്നും നിര്‍ദ്ദേശം നല്‍കി. വയറിലും അവയവങ്ങള്‍ക്ക് ചുറ്റുമുള്ള ഇവരുടെ കൊഴുപ്പ് എംആര്‍ഐ സ്കാന്‍ വഴി അളക്കുകയും ചെയ്തു. 

 

ഇതില്‍ നിന്നാണ് അവക്കാഡോ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ തോത് ഡെസിലീറ്ററിന് 2.5 മില്ലിഗ്രാം വച്ചും ആകമാന കൊളസ്ട്രോള്‍ 2.9 മില്ലിഗ്രാം വച്ചും കുറയ്ക്കുന്നതായി കണ്ടെത്തിയത്. അവക്കാഡോ കഴിച്ചത് മൂലം ഇവരുടെ ഭാരത്തിലും വര്‍ധനയുണ്ടാക്കിയിട്ടില്ലെന്ന്  ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ജേണല്‍ ഓഫ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.

Content Summary: Eating One Avocado a Day Can Decrease Unhealthy Cholesterol Levels

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com