ചെറുതല്ലാത്ത ചെറുധാന്യങ്ങൾ; ആരോഗ്യഗുണങ്ങളിൽ മുന്നിലായ മില്ലറ്റുകൾ

Mail This Article
ഇന്ത്യയുടെ ശുപാർശപ്രകാരം ഐക്യരാഷ്ട്രസഭ 2023നെ അന്താരാഷ്ട്ര ചെറുധാന്യവർഷം അഥവാ ഇന്റർനാഷനൽ ഇയർ ഓഫ് മില്ലറ്റ് ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. ചെറുധാന്യങ്ങൾ അഥവാ മില്ലറ്റുകൾ പോഷകങ്ങളുടെ കലവറയാണ്. ഇന്ത്യയിൽ പല ഇനത്തിൽപ്പെട്ട മില്ലെറ്റുകൾ പരമ്പരാഗതമായി കൃഷി ചെയ്യുകയും തദ്ദേശീയ ധാന്യമായി ഉപയോഗിച്ചു വരികയും ചെയ്യുകയും ചെയ്യുന്നു. ബജ്‌റ, ചോളം, റാഗി, ചാമ, തിന, പനിവരഗ്, കുതിരവാലി അല്ലെങ്കിൽ കവടപ്പുല്ല് എന്നിവ നമുക്ക് പരിചിതമായ ചെറുധാന്യങ്ങളാണ്.
സൂപ്പർഫുഡ് അറിയപ്പെടുന്ന മില്ലറ്റുകൾ, മാംസ്യം അവശ്യ വൈറ്റമിനുകൾ, കാൽസ്യം, ഇരുമ്പ് , സിങ്ക്, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാതു- ലവണങ്ങൾ, ഭക്ഷ്യയോഗ്യമായനാരുകൾ എന്നിവയാൽ സമൃദ്ധമാണ്. മികച്ച രോഗപ്രതിരോധശേഷിയും ജീവിതശൈലീ രോഗങ്ങൾക്ക് അനുയോജ്യമായ ഭക്ഷണവും പ്രദാനം ചെയ്യുന്ന മില്ലെറ്റുകൾ, ദിവസേനയുള്ള ഭക്ഷണക്രമത്തിന്റെ ഭാഗമാക്കാൻ ശ്രമിക്കാം.
മില്ലറ്റുകളിലെ കാർബോ ഹൈഡ്രേറ്റ് ദഹനവേളയിൽ വളരെ സാവധാനം മാത്രം ഭക്ഷണത്തിൽ നിന്ന് രക്തത്തിലേക്ക് ഗ്ലൂക്കോസ് കടത്തി വിടുന്നതിനാൽ പ്രമേഹരോഗികൾക്ക് യോജിച്ച ഭക്ഷണമായി കണക്കാക്കാം. കൂടാതെ ഭക്ഷ്യയോഗ്യമായ നാരുകൾ രക്തത്തിലെ കൊളസ്‌ട്രോൾനില കുറയ്ക്കാനും സഹായിക്കുന്നു. സ്ഥിരമായി മില്ലെറ്റ് കഴിക്കുവരിൽ ഹൃദ്രോഗബാധ കുറവായിരിക്കും. ചെറുകുടലിലെ അൾസർ, മലബന്ധം എന്നിവ കുറവായും കാണപ്പെടുന്നു. സാവധാനം ദഹിക്കുന്ന അന്നജവും ധാരാളം നാരുകളുടെയും സന്നിധ്യം ഇവയെ അമിത വണ്ണം, ശരീരഭാരം എന്നിവ കുറയ്ക്കുന്നതിനുള്ള യോജിച്ച ഭക്ഷണമായി തിരഞ്ഞെടുക്കാവുന്നതാണ്.
മില്ലറ്റുകൾ ഗ്ലൂട്ടൺ വിമുക്ത ഭക്ഷ്യ വസ്തു ആയതിനാൽ സീലിയാക്ക് രോഗികൾ, അലർജി, ആമാശയ സംബന്ധമായ അസുഖമുള്ളവർ എന്നിവർക്ക് ഉത്തമമായ ഒരു ധാന്യമാണ്. ഉദാഹരണത്തിന് തിന ഒരു ഉത്തമമായ ധാന്യമാണ്. കാൽസ്യം, ധാതു- ലവണങ്ങൾ എന്നിവ ധാരാളം അടങ്ങിയതിനാൽ വാതരോഗികൾക്ക് എല്ലുകളെ ബലപ്പെടുത്തുന്നതിനും നീർക്കെട്ട് കുറയ്ക്കുന്നതിനും മില്ലറ്റുകൾ ശീലമാക്കാം. വൈറ്റമിൻ ബി സമൃദ്ധമായ ധാന്യമായതിനാൽ, അൽസ്ഹൈമേഴ്‌സ്, പാർക്കിൻസൺസ് രോഗികൾക്ക് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഇവ സഹായിക്കുന്നു. കൂടാതെ ഇവയിലെ ആന്റി ഓക്‌സിഡന്റായ പോളിഫിനോളുകൾ തലച്ചോറിന്റെ ഓക്‌സിഡേറ്റീവ് സ്ട്രസ് കുറയ്ക്കുന്നതിനും അതുവഴി മസ്തിഷ്‌ക ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിനും സഹായിക്കുന്നു. ഉദാഹരണത്തിന് ചാമ അരി, വരക് എന്നിവ പോഷകസമൃദ്ധവും ദഹനസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകാത്തതും എന്നാൽ രുചികരവും ആണ്. മാത്രമല്ല, ചെറുധാന്യങ്ങൾ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ശിശുക്കൾക്കുപോലും ദിവസേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. അനീമിയ ഒഴിവാക്കുന്നതിനും ആവശ്യമായ കാലറി, പ്രോട്ടീൻ, കാൽസ്യം, നാരുകൾ, ആന്റി ഓക്‌സിഡന്റുകൾ, സിങ്ക്, മഗ്‌നീഷ്യം, കോപ്പർ വൈറ്റമിൻ ബി- കോംപ്ലക്‌സ് എന്നിവയാൽ സമ്പന്നമാണ് മില്ലറ്റുകൾ. ഇതിനുദാഹരണമാണ് കൂവരക്, കോഡോ മില്ലറ്ററുകൾ തുടങ്ങിയവ. ഗർഭിണികളുടെ ആരോഗ്യം ഭാവിതലമുറയുടെ ആരോഗ്യം കൂടിയാണ് എന്നും നാം ഓർക്കേണ്ടതുണ്ട്.
നല്ല ആരോഗ്യ സംരക്ഷണത്തിനും തീരാ വ്യാധികൾക്കുമുള്ള ചികിത്സയിൽ സ്വാധീനം ചെലുത്തുന്നതിനും ഇവയ്ക്ക് കഴിയും. ചെറുധാന്യങ്ങൾ കൊണ്ടുണ്ടാക്കിയ ഭക്ഷണപദാർഥങ്ങൾ ശരീരത്തെ പോഷിപ്പിക്കുകയും പ്രമേഹം, ഹൃദ്രോഗം, കാൻസർ ദഹനനാളത്തിലെ പ്രശ്‌നങ്ങൾ എന്നിവയ്ക്ക് യോജിച്ച ഭക്ഷണം കൂടിയാണ്.
ഇന്നത്തെ ലോകം മാറ്റങ്ങൾക്കും പുതുമകൾക്കും പിന്നാലെ പായുമ്പോൾ പ്രാചീന ഭക്ഷണ രീതിയിലേക്ക് തിരിച്ചു പോകണം എന്നവാദം ഉന്നയിക്കാതെ നിലവിലുള്ള ഭക്ഷണ രീതിയെ എങ്ങനെ മെച്ചപ്പെടുത്താം, ഏതു രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരാം എന്നാണ് നാം ശ്രദ്ധിക്കേണ്ടത്. എല്ലാത്തരം ധാന്യങ്ങളും ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താനും പുതുതലമുറയ്ക്ക് കൂടി ഇഷ്ടപ്പെടുന്ന രീതിയിൽ അവയെ അവതരിപ്പിക്കാനും നാം ശ്രദ്ധിക്കണം.
ചെറുധാന്യങ്ങൾ ഉപഭോക്താവിനും കൃഷിക്കാരനും പ്രകൃതിക്കും ഒരു പോലെ പ്രയോജനപ്പെടുന്നതാണ്. സമീകൃത ആഹാരത്തിന്റെ സമ്പന്നമായ ഉറവിടമാണ് ചെറുധാന്യങ്ങൾ. ഇനി ഇവയുടെ കൃഷിരീതിയാകട്ടെ വെള്ളം കുറച്ചുമാത്രം ഉപയോഗിച്ചുള്ളതായതിനാൽ സ്വാഭാവികമായി കൃഷി ചെയ്യാൻ സാധിക്കുന്നു. അങ്ങനെ ഭക്ഷ്യ വൈവിധ്യവും കാർഷിക വൈവിധ്യവും മെച്ചപ്പെടുത്താൻ സാധിക്കുന്നു.
അന്താരാഷ്ട്ര ചെറുധാന്യവർഷമായ 2023 സുരക്ഷിതവും സുസ്ഥിരവും ആരോഗ്യകരവുമായ ഭാവിയിലേക്കുള്ള ചുവടുവയ്പ്പായി മാറാൻ വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും മുന്നോട്ടു വരേണ്ടതുണ്ട്.
Content Summary: Health benefits of millets