കരളിനെ സംരക്ഷിക്കും ഈ പത്ത് ഭക്ഷണങ്ങൾ

Mail This Article
ശരീരത്തിലെ നിരവധി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന വളരെ പ്രധാനപ്പെട്ട അവയവമാണ് കരൾ. പക്ഷേ, അര്‍ഹിക്കുന്ന പരിചരണം നാം പലപ്പോഴും കരളിന് നൽകാറില്ല. ഇനി പറയുന്ന പത്ത് ഭക്ഷണങ്ങൾ കരളിന് ആരോഗ്യമേകാൻ നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

1. നാരങ്ങ
രാവിലെ ഒരു ഗ്ലാസ് ചെറുചൂട് വെള്ളത്തിൽ നാരങ്ങ നീര് കഴിക്കുന്നത് കരളിലെ വിഷാംശങ്ങൾ നീക്കാൻ സഹായിക്കും.

2. ബീറ്റ് റൂട്ട്

നൈട്രേറ്റുകളാൽ സമ്പന്നമായ ബീറ്റ്റൂട്ട് ജ്യൂസ് നല്ലൊരു ആന്റി ഓക്സിഡന്റ് കൂടിയാണ്. ഹൃദയത്തിന്റെയും കരളിന്റെയും ആരോഗ്യത്തിന് സഹായിക്കുന്ന ബീറ്റ്റൂട്ട് ജ്യൂസ് ശരീരത്തിലെ നീർക്കെട്ടും കുറയ്ക്കുന്നു. ഫാറ്റി ലിവർ രോഗത്തിനെതിരെ പോരാടാനും ബീറ്റ്റൂട്ട് സഹായിക്കുന്നു.

3. ആപ്പിൾ
ഫൈബർ ധാരാളമുള്ള പഴമാണ് ആപ്പിൾ. ഇത് ഭക്ഷണക്രമത്തിൽ ചേർക്കുന്നത് കരളിലെ വിഷാംശം നീക്കാൻ സഹായിക്കും. ദഹനസംവിധാനത്തെയും ആപ്പിൾ ഗുണകരമായി സ്വാധീനിക്കുന്നു.

4. ഒലീവ് എണ്ണ

കരൾ പ്രശ്നങ്ങൾക്ക് ഉത്തമപരിഹാരമാണ് ഒലീവ് എണ്ണ. പല വിധത്തിലുള്ള വിഷവസ്തുക്കളിൽ നിന്ന് കരളിനെ സംരക്ഷിക്കുന്ന ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഒലീവ് എണ്ണയ്ക്കുണ്ട്.

5. വാൾനട്ട്
കരളിനെ ശുദ്ധീകരിക്കുന്ന അമിനോആസിഡ് അർജിനൈൻ വാൾനട്ടിൽ അധികമായി അടങ്ങിയിരിക്കുന്നു. വാൾനട്ട് കഴിക്കുമ്പോൾ കരളിലെ രക്തത്തിലേക്ക് കൂടുതൽ ഓക്സിജൻ എത്തുന്നു. സസ്യാധിഷ്ഠിത രാസവസ്തുക്കളും വാൾനട്ടിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.

6. ഫാറ്റി ഫിഷ്

ഫാറ്റി ഫിഷിൽ അടങ്ങിയിരിക്കുന്ന ഒമേഗ – 3 ഫാറ്റി ആസിഡ് കരളിലെ നീർക്കെട്ട് കുറയ്ക്കുന്നു. കരളിൽ കൊഴുപ്പടിയുന്നതും ഇവ തടയുന്നു.

7. അവക്കാഡോ
കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന പലതരം വൈറ്റമിനുകളും ധാതുക്കളും അടങ്ങിയതാണ് അവക്കാഡോ. ശരീരത്തിലെ വിഷാംശം നീക്കുന്ന പ്രക്രിയയെ സഹായിക്കുന്ന ഗ്ലൂട്ടാത്തിയോൺ എന്ന ആന്റി ഓക്സിഡന്റും ഇതിൽ അടങ്ങിയിരിക്കുന്നു.
8. ഗ്രീൻ ടീ
കറ്റേച്ചിൻ എന്ന ആന്റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയ ഒന്നാണ് ഗ്രീൻ ടീ. ഇവ കരളിനെ ശുദ്ധീകരിക്കാനും ഇവിടുത്തെ നീർക്കെട്ട് തടയാനും സഹായിക്കുന്നു.
9. വെളുത്തുള്ളി
വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന ചില സൾഫർ തന്മാത്രകൾ കരളിലെ എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു. ശരീരത്തിൽ നിന്ന് മാലിന്യങ്ങളും വിഷാംശങ്ങളും പുറംതള്ളുന്ന പ്രക്രിയയെ ഈ എൻസൈമുകൾ സഹായിക്കുന്നു. കരളിനെ സംരക്ഷിക്കുന്ന സെലീനിയവും വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്.
10. മഞ്ഞൾ
കരളിനെ സംരക്ഷിക്കുന്ന മഞ്ഞൾ ആരോഗ്യകരമായ കരൾ കോശങ്ങളുടെ വളർച്ചയെയും ഉത്തേജിപ്പിക്കുന്നു. കരളിൽ കൊഴുപ്പടിയാതിരിക്കാനും ഇവ സഹായിക്കുന്നു. ബൈലിന്റെ ഉൽപാദനത്തെയും മഞ്ഞൾ പരിപോഷിപ്പിക്കുന്നു.
Content Summary: Liver health and foods