ADVERTISEMENT

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു വിഭവമാണ് ബദാം പരിപ്പ് അഥവാ ആല്‍മണ്ട്. മഗ്നീഷ്യം, വൈറ്റമിന്‍ ഇ, ഡയറ്ററി ഫൈബര്‍ പോലുള്ള പല പോഷണങ്ങളും ആല്‍മണ്ടില്‍ അടങ്ങിയിരിക്കുന്നു. ഇതിലെ കാല്‍സ്യവും ഫോസ്ഫറസും എല്ലുകളെയും ശക്തിപ്പെടുത്തും. എന്നാല്‍ അവിടം കൊണ്ടും തീരുന്നില്ല ബദാമിന്റെ  ഗുണങ്ങള്‍. ഓരോ തവണയും പ്രധാന ഭക്ഷണത്തിന് 30 മിനിറ്റ് മുന്‍പ് 20 ഗ്രാം ആല്‍മണ്ട് കഴിക്കുന്നത് പെട്ടെന്നുണ്ടാകുന്ന ഗ്ലൂക്കോസ് വര്‍ധനവിനെ നിയന്ത്രിക്കുമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 

 

ഗ്ലൂക്കോസിന്‍റെ മാത്രമല്ല ഇന്‍സുലിന്‍, സി-പെപ്റ്റൈഡ് തോത് മെച്ചപ്പെടുത്താനും ഭക്ഷണത്തിന് മുന്‍പ് ബദാം കഴിക്കുന്നത് സഹായിക്കുമെന്ന് ഇന്ത്യക്കാരില്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. സെന്‍റര്‍ ഫോര്‍ ന്യൂട്രീഷ്യന്‍ റിസര്‍ച്ച്, നാഷണല്‍ ഡയബറ്റീസ്, ഒബീസിറ്റി ആന്‍ഡ് കൊളസ്ട്രോള്‍ ഫൗണ്ടേഷനിലെ ഡോ. സീമ ഗുലാട്ടിയും ഫോര്‍ട്ടിസ് സിഡിഒസി ഹോസ്പിറ്റൽ  ഫോര്‍ ഡയബറ്റീസ് ആന്‍ഡ് അലൈഡ് സയന്‍സസ് ചെയര്‍മാന്‍ ഡോ. അനൂപ് മിശ്രയും ചേര്‍ന്നാണ് ഗവേഷണം നടത്തിയത്. 

Read Also: പ്രതിരോധ ശക്തി വര്‍ധിപ്പിക്കാം വൈറ്റമിന്‍ സമ്പുഷ്ടമായ ഈ എട്ട് ഭക്ഷണങ്ങളിലൂടെ

പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, രാത്രിഭക്ഷണം എന്നിവയ്ക്ക് മുന്‍പ് 20 ഗ്രാം അല്ലെങ്കില്‍ 17-18 ബദാമുകളാണ് ഗവേഷണ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്. 18നും 60നും ഇടയില്‍ പ്രായമുള്ള 60 പേരിലാണ് ഗവേഷണം നടത്തിയത്. ഇവരില്‍ 27 പേര്‍ പുരുഷന്മാരും 33 പേര്‍ സ്ത്രീകളുമായിരുന്നു. പ്രമേഹബാധിതർ, അവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചവര്‍, പാന്‍ക്രിയാറ്റിറ്റിസ്, കിഡ്നി, കരള്‍ രോഗങ്ങള്‍ എന്നിവയുള്ളവര്‍, ഭാരം കുറയ്ക്കാന്‍ മരുന്ന് കഴിച്ചവര്‍, നട്സ് അലര്‍ജിയുള്ളവര്‍, അനിയന്ത്രിതമായ ഹൈപ്പര്‍ടെന്‍ഷനും ഹൈപോതൈറോയ്ഡിസവും ഉള്ളവര്‍ എന്നീ വിഭാഗങ്ങളെ ഗവേഷണ പഠനത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 

 

പ്രധാന ഭക്ഷണത്തിന് മുന്‍പ് ബദാം കഴിക്കുന്നത് ഇന്‍സുലിന്‍ നേരത്തെ തന്നെ ശരീരം ഉത്പാദിപ്പിക്കാന്‍ കാരണമാകുമെന്ന് ഗവേഷകര്‍ പറയുന്നു. ബദാമിലെ ഫൈബര്‍, കൊഴുപ്പ് തോതും ഗ്ലൂക്കോസിന്‍റെ പെട്ടെന്നുള്ള ആഗീരണത്തെ തടയും. ബദാമിലെ സിങ്കും മഗ്നീഷ്യവും അഡിപോസ് കോശങ്ങളിലെ ടൈറോസൈന്‍ കീനേസ് റിസപ്റ്ററിനെ ഉത്തേജിപ്പിക്കുന്നത് ഇന്‍സുലിന്‍ സംവേദനത്വവും മെച്ചപ്പെടുത്തും. ബദാമിലെ ഉയര്‍ന്ന തോതിലുള്ള മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡിന്‍റെ അളവും ഇന്‍സുലിന്‍ സംവേദനത്വത്തെ വര്‍ധിപ്പിക്കും. 

 

സാധാരണ ഗതിയില്‍ വീടുകളില്‍ ബദാം കഴിക്കുന്നവര്‍ അവ വെള്ളത്തിലിട്ട് തോല്‍ ഉരിച്ച് അതിന്‍റെ വെളുത്ത ഭാഗം മാത്രമാണ് കഴിക്കാറുള്ളത്. ഇത് ചവയ്ക്കാനും ദഹിക്കാനും എളുപ്പമാണ്. എന്നാല്‍ ബദാം പച്ചയ്ക്ക് അതിന്‍റെ തൊലിയോട് കൂടി കഴിക്കണമെന്ന് ഈ ഗവേഷണറിപ്പോര്‍ട്ട് പറയുന്നു. ബദാം വെള്ളത്തിലിടുന്നത് അതിലെ ആന്‍റിഓക്സിഡന്‍റുകളുടെ അളവും പോഷണമൂല്യവും കുറയ്ക്കുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Content Summary: Almonds health benefits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com