കുട്ടികളുടെ ടിഫിൻ ബോക്സിൽ നിന്ന് ഒഴിവാക്കാം ഈ അഞ്ച് ഭക്ഷണങ്ങൾ

Mail This Article
കുട്ടികൾ ഭക്ഷണം രുചിനോക്കി കഴിക്കുന്നവരാകും. പോഷഗുണങ്ങള്‍ അടങ്ങിയ ഭക്ഷണം അവരെക്കൊണ്ട് കഴിപ്പിക്കാൻ അതുകൊണ്ടുതന്നെ രക്ഷിതാക്കൾ ഏറെ പ്രയാസപ്പെടും. എന്നാൽ പ്രോസസ് ചെയ്ത ഭക്ഷണവും ജങ്ക് ഫുഡും എല്ലാം ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണം കഴിക്കണമെന്ന് കുട്ടികളെ പറഞ്ഞ് മനസ്സിലാക്കണം. ലഞ്ച് ബോക്സ് തയാറാക്കുന്നത് പല അമ്മമാർക്കും വെല്ലുവിളി ആയിരിക്കും. ഭക്ഷണം കുട്ടിക്ക് ഇഷ്ടമുളളതും രുചികരവും ഒപ്പം ആരോഗ്യകരവും ആയിരിക്കണം. മാത്രമല്ല ദിവസം മുഴുവൻ നിലനിൽക്കുന്ന ഊർജം ഏകുന്നതും ആയിരിക്കണം.
കുട്ടികളുടെ ടിഫിൻ ബോക്സിൽ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെ എന്നു നോക്കാം.
1. നൂഡിൽസ്
ഇൻസ്റ്റന്റ് നൂഡിൽസിന്റെ രുചി ഇഷ്ടമില്ലാത്ത കുട്ടികളില്ല. എന്നാല്‍ ഇത് മൈദ കൊണ്ട് ഉണ്ടാക്കിയതും പ്രിസർവേറ്റീവുകള്‍ ധാരാളം അടങ്ങിയതുമാണ്. മാത്രമല്ല പോഷകഗുണങ്ങൾ വളരെ കുറവുമാണ്. കാലറി കുറഞ്ഞതും നാരുകളും പ്രോട്ടീനും കുറഞ്ഞതുമായ നൂഡിൽസിൽ ധാരാളം കൊഴുപ്പും സോഡിയം, കാർബ്സ്, ചില മൈക്രോന്യൂട്രിയന്റുകൾ എന്നിവയും ഉണ്ട്. പ്രോസസ് ചെയ്ത ഭക്ഷണങ്ങളില്‍ രുചി കൂട്ടാൻ ചേർക്കുന്ന മോണോസോഡിയം ഗ്ലൂട്ടാമേറ്റ് മിക്ക നൂഡിൽസുകളിലും ഉണ്ട്.
2. മിച്ചം വന്ന ഭക്ഷണം
പലപ്പോഴും തലേന്നത്തെ ചോറോ ബാക്കി വന്ന അത്താഴമോ ഒക്കെ കുട്ടികളുടെ ലഞ്ച്ബോക്സില്‍ നിറയ്ക്കും. ഉച്ചയാകുമ്പോഴേക്കും ഈ ഭക്ഷണം രുചി നഷ്ടപ്പെട്ടതും പലപ്പോഴും കേടാകും എന്നും ഇവർ മനസ്സിലാക്കുന്നില്ല. മാത്രമല്ല ഭക്ഷ്യവിഷബാധയ്ക്കും ഇത് കാരണമാകും.
3. വറുത്ത ഭക്ഷണം
വറുത്ത ഭക്ഷണങ്ങൾ രുചികരം തന്നെ. മിക്ക കുട്ടികൾക്കും അവ ഇഷ്ടവുമാണ്. എന്നാൽ ആരോഗ്യത്തിന് ഇത് അത്ര നല്ലതല്ല. ഫ്രഞ്ച്ഫ്രൈസ്, ഉരുളക്കിഴങ്ങ് വറുത്തത്, ഫ്രൈഡ് ചിക്കൻ നഗ്ഗറ്റ്സ് ഇവയിലെല്ലാം അനാരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കൂട്ടുകയും ഉദരപ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും.
4. മധുരപലഹാരങ്ങൾ
മധുരമുള്ള ജെല്ലി, മിഠായികൾ ഇവയെല്ലാം കുട്ടികളെ സന്തോഷിപ്പിക്കും. എന്നാൽ ഇവയെല്ലാം റിഫൈൻഡ് ഷുഗർ ധാരാളം അടങ്ങിയതാണെന്നു മാത്രമല്ല ആരോഗ്യത്തിനു ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയ പ്രിസർവേറ്റീവുകൾ ചേർന്നതുമാണ്. ഇവയ്ക്കു പകരം ഫ്രഷ് പഴങ്ങളും ബെറിപ്പഴങ്ങളും നൽകാം. ഇവയിൽ പോഷകങ്ങളും നാച്വറൽ ഷുഗറും അടങ്ങിയിട്ടുണ്ട്.
5. മയൊണൈസ്
രാവിലെ കുട്ടികൾക്ക് ടിഫിൻ ബോക്സിൽ കൊടുത്തുവിടാൻ ഏറ്റവും എളുപ്പമുള്ളതാണ് സാൻഡ് വിച്ചും സാലഡും മയൊണൈസും. എന്നാൽ ഇത് ഉച്ചഭക്ഷണസമയത്തു മാത്രമല്ല പൂർണമായും അനാരോഗ്യകരമാണ്. കൊഴുപ്പ് വളരെ കൂടുതൽ അടങ്ങിയ മയൊണൈസ് ഒരു സ്പൂണിൽ ഏതാണ്ട് 100 കാലറി ഉണ്ട്. ഇത് എന്തുവന്നാലും ഒഴിവാക്കേണ്ട ഭക്ഷണമാണ്.
ടിഫിൻ ബോക്സിൽ എന്താണ് വേണ്ടത്?
ആരോഗ്യകരമായ ഉച്ചഭക്ഷണം കുട്ടികൾക്ക് നൽകുമ്പോൾ അത് രുചിയുള്ളതും പോഷകങ്ങൾ അടങ്ങിയതും ആകണം. പഴങ്ങൾ, പച്ചക്കറികൾ, ചീസ്, പ്രോട്ടീൻ അടങ്ങിയ ഭക്ഷണം, ആവിയിൽ പുഴുങ്ങിയ ഭക്ഷണം ഇവയെല്ലാം ടിഫിൻ ബോക്സിൽ ഉൾപ്പെടുത്താം.
Content Summary: Foods that are disatrous for your child's health