അവക്കാഡോ മുതൽ ഒലിവ് ഓയിൽ വരെ; പ്രമേഹ നിയന്ത്രണത്തിന് കഴിക്കാം ആരോഗ്യകരമായ കൊഴുപ്പുകൾ

Mail This Article
പ്രമേഹരോഗികൾ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട ഒന്നാണ് ഭക്ഷണം. കൊഴുപ്പ് ഉപദ്രവകരമാണ് എന്ന ധാരണ വേണ്ട. ചില കൊഴുപ്പുകൾ ഉപകാരികളാണ്. ഇവ പ്രമേഹം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ ശരിയായ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. മൊത്തത്തിൽ ആരോഗ്യം വർധിപ്പിക്കും. പ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട അഞ്ച് ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ പരിചയപ്പെടാം.
∙ വെണ്ണപ്പഴം (അവക്കാഡോ)
പ്രകൃതിയുടെ വെണ്ണ എന്ന് വിളിപ്പേരുള്ള രുചികരമായ പഴമാണ് അവക്കാഡോ. ഇതിൽ ഹൃദയാരോഗ്യമേകുന്ന മോണോ അൺസാച്ചുറേറ്റഡ് ഫാറ്റ് അടങ്ങിയിട്ടുണ്ട്. ഈ കൊഴുപ്പുകൾ ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുന്നു. ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു. അതുകൊണ്ടുതന്നെ പ്രമേഹരോഗികള്‍ക്ക് മികച്ച ഭക്ഷണമാണിത്. അവക്കാഡോയിൽ നാരുകൾ ധാരാളം ഉണ്ട്. ഇത് വയറുനിറഞ്ഞതായി തോന്നിപ്പിക്കും. സാലഡിലും സ്മൂത്തിയിലും ഇവ ചേർക്കാം. ധാന്യങ്ങളോടൊപ്പം പ്രധാനഭക്ഷണമായും ഇത് കഴിക്കാം.
∙ ഫാറ്റിഫിഷ്
കൊഴുപ്പുള്ള മീനുകളായ കോര, അയല തുടങ്ങിയവയിൽ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമുണ്ട്. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഫാറ്റ് ആണ് ഒമേഗ3. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ഇൻസുലിൻ പ്രതിരോധം കുറയ്ക്കുകയും ചെയ്യും. അയല ഗ്രിൽ ചെയ്തതും ആവിക്കു വച്ച പച്ചക്കറികളും ട്യൂണ മീൻമസാലയും പ്രമേഹരോഗികൾക്ക് യോജിച്ച ഭക്ഷണമാണ്.
∙ നട്സ്, സീഡ്സ്
അണ്ടിപ്പരിപ്പുകളും വിത്തുകളും ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടമാണ്. ഇവയിൽ മോണോ അൺസാച്ചുറേറ്റഡ് ഫാറ്റും പോളി അൺസാച്ചുറേറ്റഡ് ഫാറ്റും ഉണ്ട്. മാത്രമല്ല, പ്രോട്ടീൻ, ഫൈബർ, വൈറ്റമിനുകൾ, ധാതുക്കൾ എന്നിവയാലും ഇവ സമ്പന്നമാണ്. ബദാം, വാൾനട്ട്, ചിയ സീഡ്, ഫ്ലാക്സ് സീഡ്, പംപ്കിൻ സീഡ് ഇവയെല്ലാം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ഹൃദയാരോഗ്യമേകുകയും ചെയ്യും. ഭക്ഷണത്തോടൊപ്പം ഒരു പിടി നട്സും സീഡുകളും സാലഡിൽ ചേർക്കാം. ഇത് പോഷകഗുണമുള്ള ഭക്ഷണമാണ്.
∙ ഫ്ലാക്സ്‌സീഡ് ഓയിൽ
ആൽഫാ ലിനോലെനിക് ആസിഡ് എന്ന ഒരിനം ഒമേഗ 3 ഫാറ്റി ആസിഡിന്റെ ഉറവിടമാണ് ഫ്ലാക്സ് സീഡ് ഓയിൽ. ഇത് ഹൃദയത്തെ ആരോഗ്യമുളളതാക്കുകയും ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുകയും ചെയ്യും. മാത്രമല്ല ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
∙ ഒലിവ് ഓയിൽ
ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒലിവ് ഓയിൽ മെഡിറ്ററേനിയൻ ഡയറ്റിന്റെ പ്രധാന ഇനമാണ്. മോണോ അൺസാച്ചുറേറ്റഡ് കൊഴുപ്പുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഒലിവ് ഓയിൽ രക്തത്തിലെ പഞ്ചസാരയുെട അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഹൃദ്രോഗസാധ്യത കുറയ്ക്കുന്നു. ഓക്സീകരണം കാരണം കോശങ്ങൾ നശിക്കാതെ തടയാനും ഒലിവ് ഓയിലിലെ ആന്റിഓക്സിഡന്റുകൾ സഹായിക്കുന്നു. മറ്റ് പാചക എണ്ണകൾക്ക് പകരം എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് ഗുണകരമാകും.
ഈ ഭക്ഷണങ്ങൾ ശീലമാക്കുന്നത് ഫലപ്രദമായി പ്രമേഹം നിയന്ത്രിക്കാനും ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരാനും സഹായിക്കും. ഭക്ഷണരീതിയിൽ മാറ്റം വരുത്തും മുൻപ് വൈദ്യനിർേദശം തേടേണ്ടതാണ്.
Content Summary: Foods packed with healthy fats to manage diabetes