വര്‍ക്ക് ഔട്ട് ചെയ്യാന്‍ ആരംഭിച്ചോ? ഈ ഭക്ഷണങ്ങള്‍ ഉറപ്പായും കഴിക്കണം

Mail This Article
ജിമ്മിലെ വര്‍ക്ക് ഔട്ടും വ്യായാമവും ഒക്കെ നിത്യവും ചെയ്‌തു തുടങ്ങുമ്പോള്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ ശരീരത്തിന് വരാറുണ്ട്. ഈ ഘട്ടത്തില്‍ വര്‍ക്ക് ഔട്ടിനെയും പേശി നിര്‍മാണത്തെയുമൊക്കെ സഹായിക്കുന്ന പോഷണങ്ങള്‍ കഴിക്കേണ്ടതും അത്യാവശ്യമാണ്. പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ഫൈബറുമെല്ലാം അടങ്ങിയ ഇനി പറയുന്ന വിഭവങ്ങള്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നവര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

1. ഹോള്‍ ഗ്രെയ്‌നുകള്‍
ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ പഞ്ചസാരയുടെ തോതിനെ നിയന്ത്രിക്കാനും പേശികള്‍ക്കും തലച്ചോറിനും കരുത്തേകാനും സഹായിക്കും. പ്രോട്ടീനും ഫൈബറും അടങ്ങിയ ഹോള്‍ ഗ്രെയ്‌നുകള്‍ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദീര്‍ഘനേരം വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കാനും ആവശ്യത്തിന് ഊര്‍ജം നല്‍കാനും സഹായിക്കും.

2. വാഴപ്പഴം

പൊട്ടാസ്യം, മഗ്നീഷ്യം, അവശ്യ ധാതുക്കള്‍ എന്നിവയെല്ലാം അടങ്ങിയ വാഴപ്പഴം വര്‍ക്ക് ഔട്ടിന് ആവശ്യമായ ഊര്‍ജം ശരീരത്തിന് നല്‍കും. പ്രകൃതിദത്തമായ പഞ്ചസാരയും ഇതില്‍ അടങ്ങിയിരിക്കുന്നു.

3. നട്‌സ്
ഹൃദയത്തിന് ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അവശ്യ പോഷണങ്ങളും നട്‌സില്‍ അടങ്ങിയിരിക്കുന്നു. വര്‍ക്ക് ഔട്ടിന് ആവശ്യമായ നീണ്ടു നില്‍ക്കുന്ന ഊര്‍ജം ഇവ നല്‍കുന്നു. പഴങ്ങളോ ഉണങ്ങിയ പഴങ്ങളോ ഇവയ്‌ക്കൊപ്പം കഴിക്കുന്നത് കാര്‍ബോഹൈഡ്രേറ്റും ശരീരത്തിന് പ്രദാനം ചെയ്യും.

4. ലീന്‍ പ്രോട്ടീനുകള്‍

ചിക്കന്‍, മീന്‍, പാലുൽപന്നങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, മുട്ട എന്നിവയില്‍ അടങ്ങിയിരിക്കുന്ന ലീന്‍ പ്രോട്ടീനുകള്‍ പേശികളുടെ വളര്‍ച്ചയ്‌ക്ക് സഹായിക്കും. മുതിര്‍ന്നവര്‍ക്ക് അവരുടെ ശരീരഭാരത്തിന്റെ ഓരോ കിലോയ്‌ക്കും 0.8 ഗ്രാം പ്രോട്ടീന്‍ വീതം ആവശ്യമാണെന്ന് ഹാര്‍വഡ് ഹെല്‍ത്ത് ബ്ലോഗ് ചൂണ്ടിക്കാണിക്കുന്നു.

5. പഴങ്ങളും പച്ചക്കറികളും
പ്രകൃതിദത്ത ഫൈബര്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയെല്ലാം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമാണ്. കാലറിയും കൊഴുപ്പും ഇവയില്‍ കുറഞ്ഞ തോതില്‍ മാത്രമേ അടങ്ങിയിട്ടുള്ളൂ. ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ അനുസരിച്ച് മുതിര്‍ന്ന ഒരു വ്യക്തി 2 കപ്പ് പഴങ്ങളും രണ്ടര കപ്പ് പച്ചക്കറികളും 180 ഗ്രാം ധാന്യങ്ങളും 160 ഗ്രാം മാംസവും ബീന്‍സും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
6. ആരോഗ്യകരമായ കൊഴുപ്പ്
അവോക്കാഡോ, ഒലീവ്, ചില തരം എണ്ണകള്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന അണ്‍സാച്ചുറേറ്റഡ് കൊഴുപ്പ് ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്‌ക്കുകയും ആവശ്യത്തിന് കാലറികള്‍ നല്‍കുകയും ചെയ്യുന്നു.
7. ആവശ്യത്തിന് വെള്ളം
ശരീരത്തിന്റെ ജലാംശം നിലനിര്‍ത്തേണ്ടതും വര്‍ക്ക് ഔട്ട് സമയത്ത് അത്യാവശ്യമാണ്. ഒരു മണിക്കൂറില്‍ താഴെയുള്ള വര്‍ക്ക് ഔട്ടിന് സാധാരണ വെള്ളം മതിയാകും. എന്നാല്‍ മണിക്കൂറുകള്‍ നീളുന്ന വര്‍ക്ക് ഔട്ടിന് ഇലക്ട്രോളൈറ്റുകള്‍ അടങ്ങിയ പാനീയമോ, സ്‌പോര്‍ട്‌സ് ഡ്രിങ്കോ, ഇളനീരോ ആവശ്യമാണ്.
Content Summary: Foods you should definitely have if you've started working out