ഈ 10 ഭക്ഷണങ്ങള്‍ ഫ്രിജില്‍ വയ്ക്കാറുണ്ടോ? ഒരിക്കലും ചെയ്യരുത്, ഗുണവും രുചിയും നഷ്ടമാകും
Mail This Article
പാകം ചെയ്യുകയോ വാങ്ങുകയോ ചെയ്യുന്ന ഭക്ഷണവസ്‌തുക്കള്‍ ദീര്‍ഘനാള്‍ കേടാകാതെ ഇരിക്കാനാണ് നാം അവ ഫ്രിജില്‍ വയ്‌ക്കുന്നത്. ഭക്ഷ്യവസ്‌തുക്കളില്‍ സൂക്ഷ്‌മജീവികളുടെ വളര്‍ച്ച തടയാന്‍ ഇത് സഹായിക്കും. എന്നാല്‍ എല്ലാ വസ്‌തുക്കളും ഇത്തരത്തില്‍ ഫ്രിജില്‍ കയറ്റാന്‍ പറ്റില്ലെന്നും ചിലതെല്ലാം ഫ്രിജില്‍ വയ്‌ക്കുന്നത് അവയുടെ രുചിയും ഗുണവും നഷ്ടമാകാന്‍ ഇടയാക്കുമെന്നും പ്രമുഖ ന്യൂട്രീഷനിസ്റ്റ് ജൂഹി കപൂര്‍ പറയുന്നു.
ജൂഹിയുടെ അഭിപ്രായത്തില്‍ ഫ്രിഡ്‌ജില്‍ വയ്‌ക്കാന്‍ പറ്റാത്ത ആഹാരവിഭവങ്ങള്‍ ഇനി പറയുന്നവയാണ്.
1. സുഗന്ധവ്യഞ്‌ജനങ്ങള്‍
ജീരകം, മല്ലി, മഞ്ഞള്‍, ഗ്രാമ്പൂ, കറുവാപട്ട, ഏലയ്‌ക്ക, ഉലുവ പോലുള്ള സുഗന്ധവ്യഞ്‌ജനങ്ങള്‍ ഒരു കാരണവശാലും ഫ്രിജില്‍ സൂക്ഷിക്കരുതെന്ന് ജൂഹി പറയുന്നു. ഫ്രിജില്‍ ഈര്‍പ്പം ഇവ വലിച്ചെടുക്കുന്നത് സുഗന്ധവ്യഞ്‌ജനങ്ങളുടെ രുചി നഷ്ടമാകാന്‍ ഇടയാക്കും.
2. ഉണക്ക പഴങ്ങള്‍
ഈന്തപ്പഴം, ഉണക്കമുന്തിരി, അത്തിപ്പഴം, വാള്‍നട്ട്, പിസ്‌ത, ബദാം, ഹേസല്‍നട്ട്, കശുവണ്ടി പോലുള്ള ഉണക്ക പഴങ്ങള്‍ ഫ്രിജില്‍ വയ്‌ക്കുന്നത് അവയിലെ പ്രകൃതിദത്ത പഞ്ചസാരയെയും രുചിയെയും ബാധിക്കും. ഇവയ്‌ക്കുള്ളില്‍ പൂപ്പല്‍ വളരാനും ഇത് കാരണമാകാം.
3. കുങ്കുമപ്പൂ
കുങ്കുമപ്പൂവിന്റെ മണവും രുചിയും ഗുണവും നഷ്ടമാകാന്‍ അവ ഫ്രിജില്‍ വയ്‌ക്കുന്നത് ഇടയാക്കാം.
4. നട്‌സും വിത്തുകളും
നട്‌സും വിത്തുകളുമൊക്കെ ഫ്രിജില്‍ വയ്‌ക്കുന്നത് അവയിലെ പ്രകൃതിദത്ത എണ്ണമയത്തിന് മാറ്റം വരുത്താം. ഇത് അവയുടെ കറുമുറ സ്വഭാവത്തിനും രുചിക്കും മാറ്റം വരുത്തും.
5. ബ്രഡ്
ബ്രഡ് ഫ്രിജില്‍ വയിക്കുന്നത് അത് വരണ്ടതാക്കാനും പെട്ടെന്ന് കേടായി പോകാനും ഇടയാക്കും. ഫ്രിജില്‍ വച്ച ബ്രഡ് ചവയ്‌ക്കാന്‍ ബുദ്ധിമുട്ടാകുമെന്നത് ഇതിനോടുള്ള ഇഷ്ടവും കുറയ്‌ക്കാം.
6. പഴം
പഴം ഫ്രിജില്‍ വയ്‌ക്കുന്നത് അതിന്റെ തൊലി വേഗത്തില്‍ കറുത്ത് പോകാന്‍ കാരണമാകുന്നു. പഴം കട്ടിയാകാനും ഇതിടയാക്കും. നമ്മുടെ പാകത്തിന് പഴുക്കും വരെ പഴം പുറത്ത് വയ്‌ക്കുന്നതാണ് ഉചിതം.
7. ഇഞ്ചി
ഇഞ്ചിയിലും വേഗം പൂപ്പല്‍ പിടിക്കാന്‍ ഫ്രിഡ്‌ജില്‍ വയ്‌ക്കുന്നത് കാരണമാകാം. നല്ല തണുത്തതും വരണ്ടതുമായ പുറത്തെ ഇടങ്ങളില്‍ ഇഞ്ചി വയ്‌ക്കുന്നതാണ് ഉത്തമം.
8. വെളുത്തുള്ളി
വെളുത്തുള്ളി ഫ്രിജില്‍ വയ്‌ക്കുന്നത് ഇവ കിളിർത്തു വരാൻ ഇടയാക്കാം. ഈര്‍പ്പം മൂലം പൂപ്പല്‍ പിടിക്കാനും സാധ്യതയുണ്ട്. നല്ല കാറ്റോട്ടമുള്ള തണുത്തതും വരണ്ടതുമായ ഇടത്ത് വെളുത്തുള്ളി സൂക്ഷിക്കണം.
9. തേന്‍
ഫ്രിജില്‍ വച്ചാല്‍ തേന്‍ വേഗം കട്ട പിടിച്ച് ഇതിന്റെ സ്വാഭാവിക ഗുണം നഷ്ടമാകും. നന്നായിട്ട് അടച്ച പാത്രത്തില്‍ പുറത്തെ താപനിലയില്‍ വേണം തേന്‍ സൂക്ഷിക്കാന്‍.
10. പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം
താപനിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ മൂലം ചിലതരം പ്ലാസ്റ്റിക്കുകളില്‍ നിന്ന് ഹാനികരങ്ങളായ രാസവസ്‌തുക്കള്‍ പുറത്ത് വരും. ഇതിനാല്‍ പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണമെടുത്ത് ഫ്രിജില്‍ സൂക്ഷിക്കാന്‍ പാടില്ല. പകരം ഗ്ലാസ് പാത്രങ്ങളിലോ ബിപിഎ രഹിത പാത്രങ്ങളിലോ വേണം ഭക്ഷണം സൂക്ഷിക്കാന്‍.
എന്ത്, എപ്പോൾ എങ്ങനെ കഴിക്കണം: വിഡിയോ