വയറ് നിറയെ ചോറ് കഴിക്കാമോ? ശരീരത്തിന് ആവശ്യമുള്ള ഭക്ഷണമാണോ നിങ്ങൾ കഴിക്കുന്നത്?
Mail This Article
ഭക്ഷണശീലത്തെപ്പറ്റി പറയുമ്പോൾ, എന്തു കഴിക്കുന്നു? എത്ര കഴിക്കുന്നു? എപ്പോൾ കഴിക്കുന്നു? എന്നിവ പ്രധാനമാണ്. പണ്ടുകാലം മുതൽക്കു തന്നെ കേരളത്തിലെ ഭക്ഷണശീലം നല്ലതാണ്. എന്നാൽ പുതിയ ചില ട്രെൻഡുകൾ മാത്രമാണ് പ്രശ്നമാകുന്നത്. ഇത്രയും സമ്പുഷ്ടമായ പ്രഭാതഭക്ഷണം മറ്റേതെങ്കിലും നാട്ടിലുള്ളതായി അറിയില്ല. പുട്ടും കടലയും ദോശയും സാമ്പാറും, ഉപ്പുമാവുമൊക്കെയാണല്ലോ നമ്മൾ കഴിക്കുന്നത്. എന്നാൽ ഇവ സമീകൃതമായി കഴിക്കണമെന്നുള്ളത് ശ്രദ്ധിക്കണം. ഇല്ലെങ്കിൽ പ്രശ്നമാണ്.
ഓഫിസിൽ ഇരുന്നു ജോലി ചെയ്യുന്ന ഒരു വ്യക്തി മൂന്ന് ഇഡ്ഢലിക്ക് പകരം പത്ത് ഇഡ്ഢലി കഴിച്ചാൽ അത് അമിതമാണ്. ജോലി, ശരീരപ്രകൃതം എന്നിവ മനസ്സിലാക്കിയ ശേഷം വേണം ഭക്ഷണം എത്ര കഴിക്കണമെന്ന് തീരുമാനിക്കേണ്ടത്.
ഉച്ചയ്ക്ക് വയറു നിറയെ ചോറ് കഴിക്കുക, ഭക്ഷണ ശേഷം എന്തെങ്കിലുമൊരു മധുരം കഴിക്കുക, അൽപ്പമൊന്ന് മയങ്ങുക എന്നതാണ് പലർക്കും പതിവ്. എന്നാൽ ആ ശീലങ്ങൾ അത്ര നല്ലതാണോ? ചോറും, ധാരാളം കറികളുമൊക്കെയായി കഴിക്കുമ്പോൾ രുചി കാരണം വയറും മനസ്സുമൊക്കെ നിറയും. എന്നാൽ ഈ കഴിക്കുന്നതൊക്കെ ശരീരത്തിനു ആവശ്യമുള്ളതാണോ എന്ന് ചിന്തിച്ചിട്ടുണ്ടോ?

കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫാറ്റ്, മിനറൽസ്, വൈറ്റമിൻ, ഫൈബർ ഇതെല്ലാം ഭക്ഷണത്തിന്റെ പ്രധാന ഘടകങ്ങളാണ്. ഇതിനെ ബാലൻസ് ചെയ്ത് കഴിക്കുന്നതാണ് സമീകൃതാഹാരം.
അരിയും ഗോതമ്പും തന്നെയാണ് കേരളത്തിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന കാർബോഹൈഡ്രേറ്റ് അഥവാ അന്നജം. അതോടൊപ്പം പുതിയതായിട്ട് മില്ലറ്റുകൾ (ചെറുധാന്യങ്ങൾ) ഉപയോഗിക്കുന്നുണ്ട്. അന്നജത്തോടൊപ്പം പ്രോട്ടീനും (മാംസ്യം) കൂടി കഴിക്കേണ്ടതുണ്ട്. പ്രോട്ടീൻ നിർമിച്ചിരിക്കുന്നത് അമിനോ ആസിഡുകൾ കൊണ്ടാണ്. 20 അമിനോആസിഡുകൾ മാത്രമേ ലോകത്തുള്ളൂ. ഇതിൽ ഒൻപതെണ്ണം പുറത്തു നിന്നു കിട്ടേണ്ടതാണ്, ചിലത് നമ്മുടെ ശരീരത്തിൽ ഉൽപാദിപ്പിക്കുന്നു. ശരീരത്തിൽ ഉൽപാദിപ്പിക്കാൻ കഴിവില്ലാത്ത അമിനോ ആസിഡുകൾ ഭക്ഷണം വഴി മാത്രമേ ഉൽപാദിപ്പിക്കാൻ സാധിക്കൂ. അതുകൊണ്ട് അതിനെ എസൻഷ്യൽ അമിനോ ആസിഡ് എന്നു പറയും.
പൊതുവേ നോൺവെജിറ്റേറിയൻ ഭക്ഷണത്തിലാണ് ഏറ്റവും അധികം അമിനോ ആസിഡുകൾ ഉള്ളത്. ശരീരത്തിനു വേണ്ട എല്ലാ അമിനോ ആസിഡുകളും പാൽ, മുട്ട, ഇറച്ചി, മീന്‍ എന്നിവയിലുണ്ട്. എന്നാൽ വെജിറ്റേറിയൻ പ്രോട്ടീനുകളായ പരിപ്പ്, കടല, ഛന്ന വർഗത്തിൽ പെട്ടിട്ടുള്ളവയിൽ ചില അമിനോ ആസിഡുകളുടെ കുറവ് കാണുന്നുണ്ട്. ഉദാഹരണത്തിന് മെഥിയോണിൻ, ല്യൂസിൻ തുടങ്ങിയ അമിനോ ആസിഡുകളുടെ ഏറ്റക്കുറച്ചിൽ ഭക്ഷണത്തിൽ ഒരു അസന്തുലിതാവസ്ഥ ഉണ്ടാക്കുന്നു. ഈ പോരായ്മകളെ നികത്തി ഭക്ഷണം കഴിക്കുമ്പോൾ ബാലൻസ്ഡ് ഡയറ്റ് ആകും. ഇത് ശരീരം നന്നായിരിക്കാനും ആരോഗ്യം കാത്തുസൂക്ഷിക്കാനും സഹായിക്കും. അമിതവണ്ണം, മറ്റ് ജീവിതശൈലി രോഗങ്ങളിൽ സമീകൃതാഹാരത്തിന്റെ അഭാവം വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്.