വൈറ്റമിൻ ബി 6–ന്റെ അഭാവം തടയണോ? വീട്ടിലുണ്ട് പരിഹാരം! കഴിക്കേണ്ട പഴങ്ങള്‍ ഇതൊക്കെ
Mail This Article
ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് വൈറ്റമിൻ ബി 6 കൂടിയേ തീരൂ. പെരിഡോക്സിൻ എന്നും അറിയപ്പെടുന്നു. ഈ വൈറ്റമിൻ നൂറോളം എൻസൈം റിയാക്ഷനുകളിൽ ഉൾപ്പെട്ടിരിക്കുന്നു. പ്രോട്ടീൻ, കൊഴുപ്പ്, അന്നജം ഇവയുടെ ഉപാപചയപ്രവർത്തനങ്ങൾക്കും ബി വൈറ്റമിൻ ആവശ്യമാണ്. രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും ന്യൂറോട്രാൻസ്മിറ്ററുകളുടെ ഉൽപാദനത്തിനും അരുണരക്താണുക്കളുടെ നിർമാണത്തിനും വൈറ്റമിൻ ബി 6 ആവശ്യമാണ്. വൈറ്റമിൻ ബി 6 ന്റെ അഭാവം വിഷാദത്തിനും വിളർച്ചയ്ക്കും കാരണമാകും. ഭക്ഷണത്തിൽ ചില പഴവർഗങ്ങൾ ഉൾപ്പെടുത്തുന്നത് വൈറ്റമിൻ ബി 6 ന്റെ അഭാവം തടയും. സപ്ലിമെന്റുകളുടെ സഹായം ഇല്ലാതെ തന്നെ ഈ പഴങ്ങൾ കഴിക്കുന്നത് വൈറ്റമിൻ ബി 6 ന്റെ അളവ് കൂട്ടാൻ സഹായിക്കും.
∙വാഴപ്പഴം
വാഴപ്പഴം വൈറ്റമിൻ ബി 6 ന്റെ മികച്ച ഉറവിടമാണ്. ഇടത്തരം വലുപ്പമുള്ള ഒരു വാഴപ്പഴത്തിൽ ദിവസവും ശരീരത്തിനാവശ്യമുള്ള വൈറ്റമിൻ ബി 6 ന്റെ 20 ശതമാനം അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ബി 6 നെ കൂടാതെ പൊട്ടാസ്യം, ഫൈബർ, ആന്റി ഓക്സിഡന്റുകൾ എന്നിവയും വാഴപ്പഴത്തിലുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതോടൊപ്പം ദഹനവും എളുപ്പമാക്കുന്നു. ലഘുഭക്ഷണമായോ സ്മൂത്തികളിലും സെറീയലുകളിലും ചേർത്തോ വാഴപ്പഴം ദിവസവും കഴിക്കുന്നത് നല്ലതാണ്.
∙വെണ്ണപ്പഴം
വൈറ്റമിൻ ബി 6 അടങ്ങിയ മറ്റൊരു പഴമാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. ഒരു വെണ്ണപ്പഴത്തില്‍ ഒരു ദിവസം ശരീരത്തിനാവശ്യമായ വൈറ്റമിൻ ബി 6 ന്റെ 20 ശതമാനം അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പുകൾ, ഫൈബർ, വിവിധ വൈറ്റമിനുകൾ, ധാതുക്കൾ എന്നിവയും വെണ്ണപ്പഴത്തിൽ ഉണ്ട്. വൈറ്റമിൻ ഇ യും പൊട്ടാസ്യവും ഉൾപ്പെടെയുള്ള വൈറ്റമിനുകളും ധാതുക്കളും ഇതിലുണ്ട്. സാലഡിലും സാൻഡ്‌വിച്ചിലും എല്ലാം വെണ്ണപ്പഴം ചേർക്കാം.
∙നാരകഫലങ്ങൾ
വൈറ്റമിൻ സി അടങ്ങിയ പഴങ്ങൾ ആയ ഓറഞ്ച്, നാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയവയിൽ വൈറ്റമിൻ ബി 6 ഉണ്ട്. ഒരു ഓറഞ്ചിൽ ഒരു ദിവസം ശരീരത്തിനാവശ്യമുള്ളതിൽ 10 ശതമാനം വൈറ്റമിൻ ബി 6 ഉണ്ട്. നാരകഫലങ്ങൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിൽ വൈറ്റമിൻ ബി 6 ന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും.
∙ഉണക്കിയ പ്ലം
ഉണക്കിയ പ്ലമ്മിൽ വൈറ്റമിൻ ബി 6 ഉൾപ്പെടെയുള്ള പോഷകങ്ങൾ ഉണ്ട്. അരക്കപ്പ് ഉണക്കപ്ലമ്മിൽ 0.2 മില്ലിഗ്രാം വൈറ്റമിൻ ബി 6 ഉണ്ട്. നാരുകൾ ധാരാളം അടങ്ങിയതിനാൽ ദഹനം മെച്ചപ്പെടുത്തി ഉദരാരോഗ്യം ഏകാനും ഉണക്കിയ പ്ലം (Prunes) സഹായിക്കും.
∙പെയർ
വൈറ്റമിന്‍ ബി 6 നു പുറമേ ഭക്ഷ്യനാരുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയ ഫലമാണ് പെയർ. ദഹനത്തിന് ഏറെ സഹായകം ആണിത്.
∙പപ്പായ
പോഷകങ്ങൾ ധാരാളമടങ്ങിയ പപ്പായയിൽ വൈറ്റമിൻ ബി 6 നെക്കൂടാതെ വൈറ്റമിൻ സി, ഫോളേറ്റ്, എൻസൈമുകളായ പപ്പെയ്ൻ എന്നിവയും ഉണ്ട്.
∙തണ്ണിമത്തൻ
വൈറ്റമിൻ ബി 6 ചെറിയ തോതിലെങ്കിലും അടങ്ങിയ പഴമാണ് തണ്ണിമത്തൻ. ജലാംശം ധാരാളം അടങ്ങിയ ഈ പഴം ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.