ജ്യൂസിലും, സാലഡിലും ചേർക്കാം; എല്ലുകളുടെ ബലത്തിനും പ്രമേഹസാധ്യത കുറയ്ക്കാനും ഇത് മതി

Mail This Article
സെലറിയുടെ നീളമുള്ള തണ്ടുകൾക്ക് അസ്ഥികളുമായി നല്ല സാമ്യമുണ്ട്. കാഴ്ചയിലെ സാമ്യം മാത്രമല്ല, എല്ലുകളുടെ ആരോഗ്യവും സംരക്ഷിക്കുന്നു. കാൽസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ് എന്നീ ധാതുക്കളാൽ സമ്പന്നമായ സെലറി എല്ലുകളുടെ നിർമാണത്തിനും ആരോഗ്യത്തിനും സഹായിക്കുന്നു. ഇതിൽ ഉയർന്ന അളവിൽ വൈറ്റമിൻ കെ ഉണ്ട്. ഒരു കപ്പ് സെലറിയിൽ 29.6 മൈക്രോഗ്രാം വൈറ്റമിൻ കെ ഉണ്ട്.
അസ്ഥികളുടെ ആരോഗ്യത്തിനു വേണ്ട പ്രോട്ടീനായ ഓസ്റ്റിയോ കാൽസിൻ ഉണ്ടാക്കാൻ വൈറ്റമിൻ കെ ആവശ്യമാണ്. ആർത്തവവിരാമ സമയത്തുള്ള അസ്ഥികളുടെ തേയ്മാനം തടയാനും സെലറി സഹായിക്കുന്നു. സെലറി വിത്തുകളിലെ ഉയർന്ന കാൽസ്യം, മാംഗനീസ് എന്നിവ അസ്ഥി ധാതുക്കളുടെ സാന്ദ്രത വർധിപ്പിച്ച് ആരോഗ്യമുള്ള അസ്ഥികൾ പ്രദാനം ചെയ്യുന്നു.
രക്താതിമർദം കുറയ്ക്കുന്നു
സെലറിയുടെ ആരോഗ്യഗുണങ്ങൾ നിരവധിയാണ്. വൈമിൻ കെ, സി, ഫോളേറ്റ്, പൊട്ടാസ്യം, കാത്സ്യം, ഫൈറ്റോന്യൂട്രിയന്റുകൾ, ഫ്ലേവനോയിഡുകൾ എന്നിവയാൽ സമ്പന്നമാണിത്. സെലറിയിലുള്ള ഫൈറ്റോ കെമിക്കലുകൾ ധമനികളുടെ പേശികൾക്ക് അയവു നൽകി രക്തയോട്ടം വർധിപ്പിക്കുന്നു. അങ്ങനെ രക്തസമ്മർദം കുറയ്ക്കുന്നു. തലച്ചോറിലെ കോശങ്ങളുടെ വീക്കം തടയാൻ കഴിയുന്ന ല്യൂട്ടോലിൻ എന്ന സംയുക്തം സെലറിയിൽ ഉണ്ട്. ഇതിലുള്ള പാത്തലൈഡ് എന്ന സംയുക്തം ഹൃദയത്തിലേക്കും മറ്റു സുപ്രധാന അവയവങ്ങളിലേക്കുമുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നു.
സെലറിയിലുള്ള മഗ്നീഷ്യം പ്രമേഹരോഗികളിലെ രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാൻ സഹായിക്കുന്നു. നാഡീകോശങ്ങളുടെ ആരോഗ്യം സംരക്ഷിച്ച് ഓർമക്കുറവു തടയുന്നു. പ്രകൃതിദത്ത നാരുകൾ ദഹനവ്യവസ്ഥയുടെ നല്ല പ്രവർത്തനത്തിനു സഹായിക്കുന്നു. കാൻസർ സാധ്യത കുറയ്ക്കുന്ന ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമാണു സെലറി. സെലറിയിൽ 95ശതമാനവും ജലാംശം ആണ്. സാലഡുകളിലും ജ്യൂസുകളിലും സുഗന്ധവും രുചിയും ലഭിക്കാൻ സെലറി ഉപയോഗിക്കാം.