പാചകത്തിന് നിലക്കടലയുടെ എണ്ണ ഉപയോഗിക്കാറുണ്ടോ? ഗുണങ്ങൾ ഇത്രയുമുണ്ടെന്ന് ആരും കരുതിക്കാണില്ല!

Mail This Article
വെളിച്ചെണ്ണയും ഒലിവ് ഓയിലും പോലെ പ്രചാരം നേടിയ ഒന്നല്ല നിലക്കടലയെണ്ണ. എന്നാൽ ഒരു പാചക എണ്ണ എന്നതിനപ്പുറം നിലക്കടലയെണ്ണ, ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒന്നാണ്. എന്തൊക്കെയാണ് ആ ഗുണങ്ങൾ എന്നറിയാം.
ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷണമേകുന്നു
കൊളസ്ട്രോളിനോട് സാമ്യമുള്ള ഒരു സംയുക്തമായ ഫൈറ്റോസ്റ്റിറോളുകൾ നിലക്കടലയെണ്ണയിൽ ധാരാളമുണ്ട്. ഇത് കൊളസ്ട്രോളുമായി പൊരുതുകയും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. ഫൈറ്റോസ്റ്റിറോൾ, ഹൃദയധമനിയുെട ആരോഗ്യം മെച്ചപ്പെടുത്തുകയും അതിറോസ്ക്ലീറോസിസ് വരാനുള്ള സാധ്യത തടയുകയും ചെയ്യും എന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. മറ്റ് എണ്ണകളേക്കാളധികം ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുള്ള കഴിവ് നിലക്കടലയെണ്ണയ്ക്കുണ്ട്.
ലഭിക്കും ദീർഘായുസ്സ്
ശക്തിയേറിയ ആന്റിഓക്സിഡന്റായ റെസ്‌വെറാട്രോൾ നിലക്കടലയെണ്ണയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ഇൻഫ്ലമേഷൻ കുറയ്ക്കുകയും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. ആന്റി ഏജിങ്ങ് ഗുണങ്ങളുള്ള ഈ സംയുക്തം, കോശങ്ങളുടെ നാശത്തിനു കാരണമാകുന്ന ഓക്സീകരണസമ്മർദത്തെ പ്രതിരോധിക്കുന്നു. റെസ്‌വെറാട്രോൾ അടങ്ങിയതിനാൽ തന്നെ പാചകത്തിന് ഉപയോഗിക്കാവുന്ന മികച്ച ഒരു എണ്ണയാണ് നിലക്കടലയെണ്ണ.

ചർമത്തിന്റെ ആരോഗ്യം
നിലക്കടലയെണ്ണയിൽ വൈറ്റമിൻ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും മുറിവുകൾ വേഗത്തിൽ ഉണങ്ങാൻ സഹായിക്കുകയും ചെയ്യും. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ എക്സിമ, സോറിയാസിസ് തുടങ്ങിയ ചർമരോഗങ്ങളെ സുഖപ്പെടുത്തുന്നു. നിലക്കടലയെണ്ണയിലെ ഫാറ്റി ആസിഡുകൾ ചർമത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടുന്നതിനെ തടയുകയും എപ്പോഴും ജലാംശം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
ഹോർമോൺ സന്തുലനം
ഹോർമോണുകളുമായി ബന്ധപ്പെട്ട ആരോഗ്യം നിലനിർത്താൻ നിലക്കടലയെണ്ണ സഹായിക്കും. ലിനോലെയിക് ആസിഡ് പോലുള്ള പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ ഈ എണ്ണയിലുണ്ട്. ഇത് ഹോർമോണുകളുടെ ഉൽപാദനത്തിന് സഹായിക്കുന്നു. ഇൻഫ്ലമേഷൻ തടയുകയും സെല്ലുലാർ കമ്മ്യൂണിക്കേഷൻ മെച്ചപ്പെടുത്തുകയും ഇതുവഴി ഹോർമോൺ സന്തുലനം സാധ്യമാകുകയും ചെയ്യുന്നു.
തലച്ചോറിന്റെ ആരോഗ്യം
ഒമേഗ 3 ഫാറ്റി ആസിഡ് പോലെ തന്നെ പ്രധാനമാണ് ഒമേഗ 6 ഫാറ്റി ആസിഡുകളും. നിലക്കടലയെണ്ണ ഒമേഗ 6 ഫാറ്റി ആസിഡിന്റെ ഉറവിടമാണ്. ഇത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും പ്രായമാകുമ്പോഴുണ്ടാകുന്ന ഓർമക്കുറവ് വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. വിഷാംശങ്ങളും ഓക്സീകരണ സമ്മർദവും എല്ലാം മൂലം തലച്ചോറിന്റെ കോശങ്ങൾക്കുണ്ടാകുന്ന ക്ഷതം തടഞ്ഞ് നിലക്കടലയെണ്ണയിലടങ്ങിയ റെസ്‌വെറാട്രോൾ തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കുകയും ഇതുവഴി അൾഷിമേഴ്സ് പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.