റവ എന്നും ഭക്ഷണത്തിൽ ഉൾപ്പെടുത്താം; കുറഞ്ഞ കാലറിയിൽ, ഏറെ ഗുണങ്ങൾ

Mail This Article
ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒരു സൂപ്പർഫുഡ് ആണ് റവ. കാലറി വളരെ കുറഞ്ഞ, പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയ റവ, രുചിയുള്ളതും ആരോഗ്യകരവുമാണ്. റവയിൽ കാർബോഹൈഡ്രേറ്റ്, ഭക്ഷ്യനാരുകൾ, കൊഴുപ്പ്, പ്രോട്ടീൻ, വൈറ്റമിനുകളായ വൈറ്റമിൻ എ, തയാമിൻ (B1), റൈബോഫ്ലേവിൻ (B2), നിയാസിൻ (B3), വൈറ്റമിൻ ബി6, ഫോളേറ്റ് (B9), വൈറ്റമിൻ ബി12, വൈറ്റമിൻ സി ഇവ അടങ്ങിയിട്ടുണ്ട്. കൂടാതെ കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, സോഡിയം, സിങ്ക് തുടങ്ങിയ ധാതുക്കളും റവയിലുണ്ട്.
100 ഗ്രാം റവയിൽ 360 കാലറി ആണ് ഉള്ളത്. 1.1 ഗ്രാം കൊഴുപ്പ്, 1 മി.ഗ്രാം സോഡിയം, 186 മില്ലിഗ്രാം പൊട്ടാസ്യം, 73 ഗ്രാം കാർബോഹൈഡ്രേറ്റ്, 13 ഗ്രാം പ്രോട്ടീൻ എന്നിവയും ഉൾപ്പെട്ടിട്ടുണ്ട്.
റവ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. റവ നൽകും ആരോഗ്യഗുണങ്ങളെ അറിയാം
∙നാരുകളും കോംപ്ലക്സ് കാർബോഹൈഡ്രേറ്റും റവയിലുണ്ട്. ഇവയടങ്ങിയ ഭക്ഷണങ്ങൾ സാവധാനത്തിലേ ദഹിക്കുകയുള്ളൂ. ഏറെ നേരം വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കാൻ ഇവയ്ക്ക് കഴിയും. അമിതമായി ഭക്ഷണം കഴിക്കുന്നതും ഇടയ്ക്കിടെ ലഘുഭക്ഷണം കഴിക്കുന്നതും ഇതുമൂലം ഒഴിവാക്കാൻ സാധിക്കും. ശരീരത്തിലെത്തുന്ന കാലറി കുറയ്ക്കാനും റവ കഴിക്കുന്നതിലൂടെ സാധിക്കും.
∙കാർബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയതിനാൽ തന്നെ റവ, ഊർജമേകും. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതോടൊപ്പം പ്രഭാതഭക്ഷണമായി റവ ഉൾപ്പെടുത്തുന്നത് ഉപാപചയപ്രവർത്തനം വർധിപ്പിക്കാനും സഹായിക്കും. ഇഡ്ഡലി, ദോശ, ഉപ്പുമാവ് തുടങ്ങി വ്യത്യസ്ത വിഭവങ്ങൾ റവ കൊണ്ടുണ്ടാക്കാം.
∙ചെറിയ കുട്ടികൾ മുതൽ പ്രായമായവർക്കു വരെ കഴിക്കാവുന്ന റവ ദഹിക്കാനും എളുപ്പമാണ്. മുഴുധാന്യങ്ങളുടെ അത്ര ഇല്ലെങ്കിലും ഭക്ഷ്യനാരുകൾ റവയിലടങ്ങിയിട്ടുണ്ട്. ബവൽ മൂവ്മെന്റുകളെ നിയന്ത്രിക്കാൻ റവ സഹായിക്കും. മലബന്ധം അകറ്റുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും.
∙റവയിൽ മഗ്നീഷ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളുണ്ട്. ഇതുമൂലം നാഡീ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാൻ റവയ്ക്കു കഴിയും. നാഡീസംവിധാനത്തിന്റെ തകരാറ്, ഹെമറേജ്, വാസ്ക്കുലാർ ഡിസീസ് മറ്റ് ഗുരുതരമായ അണുബാധകൾ ഇവയ്ക്ക് കാരണമാകും. ഇവ തടയാൻ റവയ്ക്ക് കഴിയും.
∙റവയ്ക്ക് ഗ്ലൈസെമിക് ഇന്‍ഡക്സ് കുറവാണ്. അതുകൊണ്ടു തന്നെ റവ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുകയില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഇൻസുലിൻ പ്രതിരോധം ഒഴിവാക്കാനും റവ മികച്ച ഒരു ഭക്ഷണമാണ്. പൊണ്ണത്തടി, ശരീരഭാരം കൂടുക ഇവയ്ക്കെല്ലാം കാരണം ഇൻസുലിൻ പ്രതിരോധമാണ്. ഭക്ഷണത്തിൽ റവ ഉൾപ്പെടുത്തുന്നത് ഊർജം നിലനിർത്താനും അനാരോഗ്യഭക്ഷണങ്ങളോടുള്ള ആസക്തി തടയാനും സഹായിക്കും.