സന്ധിവാതത്തിനും ജലദോഷത്തിനും പരിഹാരം! തണുപ്പ് കാലത്ത് ട്രെൻഡായി ഈ പാനീയങ്ങൾ

Mail This Article
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ അതികഠിനമായ തണുപ്പ് അനുഭവപ്പെടുന്നില്ല. എങ്കിലും തണുത്ത കാറ്റ് പോലും പലപ്പോഴും നമുക്ക് അരോചകമായി തോന്നിയേക്കാം. തണുപ്പ് കാലത്ത് ശരീരം ചൂടുപിടിക്കാൻ പല പൊടിക്കൈകളുമുണ്ട്. സ്വാഭാവികമായും തണുത്ത പദാർത്ഥങ്ങൾക്ക് പകരമായി ചൂടുള്ളത് കഴിക്കാനാവുമല്ലോ ആ സമയത്ത് നമുക്ക് ഇഷ്ടം. ഈ തണുപ്പത്ത് പോഷക ഗുണങ്ങൾ അടങ്ങിയ ചില പാനീയങ്ങൾ ഡയറ്റിന്റെ ഭാഗമായി ഉൾപ്പെടുത്തിയാലോ? പാനീയങ്ങളും ഗുണങ്ങളും അറിയാം.
1. ഇഞ്ചി ചായ
തണുപ്പ് കാലത്ത് ഇഞ്ചി ചായ (ജിഞ്ചർ ടീ) കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും ശരീരത്തെ ചൂടാക്കാനും സഹായിക്കും. തണുപ്പുകാലത്ത് പലപ്പോഴും കൈകകാലുകൾക്ക് വേദന അനുഭവപ്പെടാം. ആ ബുദ്ധിമുട്ടിൽ നിന്ന് രക്ഷപ്പെടാൻ ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ആൻറി ഇൻഫ്ലമേറ്ററി ഘടകങ്ങൾ സഹായിക്കുന്നു.
2. മഞ്ഞൾ ചേർത്ത പാൽ
മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തം ആന്റി ഓക്സിഡന്റുകളാലും ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാലും സമ്പന്നമാണ്. തണുപ്പുകാലത്ത് അനുഭവപ്പെടുന്ന ജലദോഷം, ചുമ വിവിധ രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിന് പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാം.

3. ഗ്രീൻ ടീ
ശരീരഭാരം കുറയ്ക്കുന്നതിനായാണ് സാധാരണയായി പലരും ഗ്രീൻ ടീ ഡയറ്റിൽ ഉൾപ്പെടുത്തുന്നുണ്ട്. ആന്റി ഓക്സിഡൻറുകളാൽ സമ്പന്നമായ ഗ്രീൻ ടീക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്.
ഗ്രീൻ ടീ കുടിക്കുന്നത് ഹൃദയാരോഗ്യം വർധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. തലച്ചോറിന്റെ പ്രവർത്തനം സുഗമമാകാനും ഗ്രീൻ ടീ നല്ലതാണ്.
4. ഹോട്ട് ചോക്ലേറ്റ്
തണുപ്പ് കാലത്ത് ഹോട്ട് ചോക്ലേറ്റ് ഭക്ഷണത്തില്‍ ഉൾപ്പെടുത്തുന്നതും നല്ലതാണ്. മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഉന്മേഷത്തോടെ ഇരിക്കാനും സഹായിക്കുന്ന
ഫ്ലേവനോയിഡുകൾ ഹോട്ട് ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട്. മധുരമില്ലാത്ത ചോക്ലേറ്റാണ് ഇത് തയ്യാറാക്കാൻ നല്ലത്.

5. കറുകപ്പട്ട
ശരീരത്തിലെ മെറ്റബോളിസത്തിന്റെ അളവ് വർധിപ്പിക്കാൻ കറുവപ്പട്ട പൊടി ഇട്ട വെള്ളത്തിലേക്ക് തേന്‍ ചേർത്ത് കുടിക്കുന്നത് നല്ലതാണ്.