കൊളസ്ട്രോൾ കൂടുതലോ? എങ്കിൽ കഴിക്കാം പച്ചനിറത്തിലുളള ഈ ഭക്ഷണങ്ങൾ

Mail This Article
പുതിയ കോശങ്ങളുടെയും ഹോർമോണുകളുടെയും നിർമാണത്തിന് ശരീരം ഉപയോഗിക്കുന്ന മെഴുകുപോലുള്ള വസ്തുവാണ് കൊളസ്ട്രോൾ. ശരീരത്തിന് ഇത് ആവശ്യമാണെങ്കിലും കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് ആരോഗ്യത്തിന് അത്ര നന്നല്ല. കൊളസ്ട്രോൾ കൂടിയാൽ അത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകും. കൊളസ്ട്രോൾ നിയന്ത്രിക്കാൻ മരുന്നുകൾ ഉണ്ടെങ്കിലും ഭക്ഷണത്തിലൂടെയും കൊളസ്ട്രോൾ കുറയ്ക്കാൻ സാധിക്കും.
കൊളസ്ട്രോൾ നിയന്ത്രിക്കുന്ന, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന പച്ചനിറത്തിലുള്ള ചില ഭക്ഷണങ്ങളെ അറിയാം.
പച്ചച്ചീര
സ്പിനാച്ച് അഥവാ പാലക് എന്നറിയപ്പെടുന്ന പച്ചച്ചീര കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. നാരുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയ പച്ചച്ചീര, ചീത്ത കൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ധമനികളിൽ അടിഞ്ഞുകൂടിയ കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ ചീരയിലടങ്ങിയ ല്യൂട്ടിൻ സഹായിക്കും.
കേൽ
വൈറ്റമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ, നാരുകള്‍ ഇവയിലടങ്ങിയ കേൽ ദഹനത്തിനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു. കൊളസ്ട്രോളിന്റെ ആഗിരണത്തെ തടയുന്ന ബൈൽ ആസിഡും കേലിലുണ്ട്.

വെണ്ണപ്പഴം
നല്ല കൊഴുപ്പ് അടങ്ങിയ മികച്ച ഒരു സൂപ്പർഫുഡ് ആണ് വെണ്ണപ്പഴം. ഇതിൽ ധാരാളം മോണോ അൺസാച്ചുറേറ്റഡ് കൊഴുപ്പ് ഉണ്ട്. ഇത് ചീത്ത കൊളസ്ട്രോളി (LDL) നെ കുറയ്ക്കാനും നല്ല കൊളസ്ട്രോളി (HDL) ന്റെ അളവ് കൂട്ടാനും സഹായിക്കുന്നു. സ്മൂത്തികളിലും സാലഡിലും ചേർത്ത് ഇത് ഉപയോഗിക്കാം.
ബ്രൊക്കോളി
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ബ്രൊക്കോളി, കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. നാരുകൾ ധാരാളമടങ്ങിയ ബ്രൊക്കോളി ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു. കൂടാതെ ഹൃദ്രോഗം തടയുന്ന സൾഫൊറാഫേൻ എന്ന സംയുക്തവും ബ്രൊക്കോളിയിലുണ്ട്.

ഗ്രീൻ ടീ
ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല കൊളസ്ട്രോൾ നിയന്ത്രിക്കാനും ഗ്രീൻ ടീ സഹായിക്കും. ചീത്തകൊളസ്ട്രോൾ കുറയ്ക്കാന്‍ സഹായിക്കുന്ന കറ്റേച്ചിനുകൾ ഇതിലുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. ദിവസവും രാവിലെ ഒരു കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും.
ചിയ സീഡ്സ്
ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ ചിയ സീഡ്സ് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന മികച്ച ഒരു ഭക്ഷണമാണ്. സോല്യുബിൾ ഫൈബറും ഇതിൽ ധാരാളമുണ്ട്. തലേന്ന് രാത്രി ഒരു സ്പൂൺ ചിയ സീഡ് കുതിരാൻ ഇടണം. പിറ്റേന്ന് രാവിലെ ഇത് കുടിക്കാവുന്നതാണ്.
∙ഫ്ലാക്സ് സീഡ്സ്
ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ ഒന്നാണ് ഫ്ലാക്സ് സീഡ്. സോല്യുബിൾ ഫൈബറും ഇതിൽ ധാരാളമുണ്ട്. ചീത്ത കൊളസ്ട്രോളും ഇൻഫ്ലമേഷനും കുറയ്ക്കാൻ ഇത് സഹായിക്കുന്നു.
ബ്രസൽസ് സ്പ്രൗട്ട്സ്
പോഷകസമ്പുഷ്ടമായ ബ്രസൽസ് സ്പ്രൗട്ട്സ് കൊളസ്ട്രോൾ കുറയ്ക്കാനും ഫലപ്രദമാണ്. നാരുകൾ ധാരാളം അടങ്ങിയ ഇവയിൽ കൊളസ്ട്രോളിന്റെ ആഗിരണം പരിമിതപ്പെടുത്തുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. അൽപ്പം ഒലിവ് ഓയിൽ ചേർത്ത് ബ്രസൽസ് സ്പ്രൗട്ട്സ് റോസ്റ്റ് ചെയ്തു കഴിക്കാം.

വെളുത്തുള്ളി
ആരോഗ്യഗുണങ്ങൾ ഏറെയുള്ള വെളുത്തുള്ളി കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.
ഗ്രീൻ ആപ്പിൾ
നാരുകളും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ ഗ്രീൻ ആപ്പിൾ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും ഗ്രീൻ ആപ്പിൾ കഴിക്കുന്നത് ഹൃദയാരോഗ്യം വർധിപ്പിക്കും.