ഇനി തേങ്ങ പൊട്ടിക്കുമ്പോൾ വെള്ളം കളയരുത്; ഇത്രയേറെ ഗുണങ്ങളോ?

Mail This Article
തേങ്ങയെ പോലെ തന്നെ തേങ്ങാ വെള്ളത്തിനും ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. ദാഹം ശമിപ്പിക്കാനും ശരീരത്തിൽ ജലാംശം നിലനിർത്താനും തേങ്ങാവെള്ളം കുടിക്കുന്നത് പതിവാണ്. പ്രകൃതിദത്തമായ ധാരാളം പോഷകങ്ങൾ തേങ്ങാവെള്ളത്തിൽ അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം തുടങ്ങി നിരവധി പോഷകങ്ങളുടെ കലവറയാണ്. മാത്രമല്ല രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ദഹനം എളുപ്പമാകാനും ഊർജം നൽകുന്നതിലും ഏറെ ഗുണകരമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിൻറെ വരൾച്ച മാറ്റി തിളക്കം നിലനിർത്താൻ സഹായിക്കുന്നു. എന്നും തേങ്ങ പൊട്ടിക്കുമ്പോൾ വെറുതേ കളയുന്ന ഈ വെള്ളം ശരീരത്തിന് എത്രത്തോളം നല്ലതെന്ന് നമ്മളിൽ പലര്‍ക്കും അറിവില്ല. ആ ഗുണങ്ങൾ അറിയാം.
പ്രകൃതിദത്തമായ ഇലക്ട്രോലൈറ്റ് പാനീയമായ തേങ്ങാ വെള്ളം ശരീരത്തിലെ ജലാംശത്തിന്റെ അളവ് നിലനിർത്തുകയും വരണ്ട ചർമ്മത്തിൽ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
വിശപ്പ് നിയന്ത്രിക്കാൻ തേങ്ങാ വെള്ളം സഹായിക്കും. ഭക്ഷണത്തിന് ശേഷം മധുരമോ, മധുര പാനീയങ്ങളോ ഇഷ്ടപ്പെടുന്നവരാണെങ്കിൽ കാലറിയും ഫാറ്റും കുറഞ്ഞ തേങ്ങാവെള്ളം ഉപയോഗിക്കാവുന്നതാണ്. തേങ്ങാ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ബയോ ആക്ടീവ് എൻസൈമുകൾ ദഹനം എളുപ്പമാക്കുന്നു.
തേങ്ങാവെള്ളത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍, വൈറ്റമിൻ സി, മഗ്നീഷ്യം എന്നിവ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു. ജലദോഷം, പനി തുടങ്ങിയ തണുപ്പുകാലരോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. തേങ്ങാവെള്ളം ചർമ്മത്തിലെ ജലാംശവും തിളക്കവും നിലനിർത്തി വിണ്ടുകീറലിൽ നിന്നും സംരക്ഷിക്കുന്നു.
തേങ്ങാവെള്ളത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, സോഡിയത്തിന്റെ അളവ് നിയന്ത്രിക്കുകയും രക്തസമ്മർദ്ദം സന്തുലിതമാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും തേങ്ങാ വെള്ളം കുടിക്കുന്നത് നല്ലതാണ്. കാർബോഹൈഡ്രേറ്റ്, ഇലക്ട്രോലൈറ്റ് എന്നിവ അടങ്ങിയിരിക്കുന്നതിനാൽ എനർജി ഡ്രിങ്കായും കുടിക്കാം.
ക്രിസ്റ്റലൈസേഷൻ കുറയ്ക്കുന്നതിലൂടെ കിഡ്‌നി സ്റ്റോൺ ഉണ്ടാകുന്നത് തടയാൻ തേങ്ങാവെള്ളം സഹായിക്കുന്നു. ജലാംശം നിലനിൽക്കുന്നതിലൂടെ വൃക്കകളുടെ പ്രവർത്തനവും സുഗമമാകുന്നു.
തേങ്ങാ വെള്ളത്തിന്റെ ആൽക്കലൈൻ സ്വഭാവം ശരീരത്തിന്റെ പിഎച്ച് അളവ് സന്തുലിതമാകുന്നു. അസിഡിറ്റി കുറയ്ക്കാനും ഇത് സഹായിക്കുന്നു.
തേങ്ങാവെള്ളത്തിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നീ സംയുക്തങ്ങൾ നിർജ്ജലീകരണം കാരണമുണ്ടാകുന്ന പേശിവലിവിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. ഇത്രയേറെ ഗുണങ്ങളുള്ള തേങ്ങാവെളളം ഇനി കളയല്ലേ.