കുടവയർ ഇല്ലാതാക്കാൻ ജപ്പാൻകാരുടെ ഈ ‘സീക്രട്ട് വാട്ടർ’ കുടിക്കാം; തയാറാക്കേണ്ടത് ഇങ്ങനെ

Mail This Article
സാങ്കേതികവിദ്യയുടെ കാര്യത്തിലായാലും ഫാഷന്റെ കാര്യത്തിലായാലും അതല്ല ആരോഗ്യത്തിന്റെ കാര്യത്തിലായാലും ജപ്പാൻകാർ എന്നും ഒരുപടി മുന്നിലാണ്. അവരുടെ ദീർഘായുസ്സിന്റെയും സമ്മർദരഹിതവും സന്തോഷം നിറഞ്ഞതുമായ ജീവിതത്തിന്റെ രഹസ്യം മനസ്സിലാക്കുന്നത് പ്രയാസകരവുമല്ല. ജപ്പാൻകാരുടെ പ്രത്യേകതയാണ് അവരുടെ ശരീരത്തിന്റെ ഫിറ്റ്നെസ്. കുടവയറുള്ള ഒരാളെയും നമ്മൾക്ക് അവിടെ കാണാനാവില്ല. ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒരു ‘സീക്രട്ട് വാട്ടർ’ ആണ് ഈ ഫിറ്റ്നസ് നിലനിർത്തുന്നതിനു പിന്നിൽ.
ഇഞ്ചിയും നാരങ്ങയും ചേർത്തുണ്ടാക്കുന്ന ഈ പാനീയം വയറിലെ കൊഴുപ്പ് കുറയ്ക്കുകയും രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. ചർമം തിളങ്ങാനും ഇത് സഹായിക്കും.
ലോകത്ത് ഇപ്പോൾ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഈ പാരമ്പര്യപാനീയത്തിന്റെ ആരോഗ്യഗുണങ്ങളും ഇത് തയാറാക്കുന്നതെങ്ങനെയെന്നും അറിയാം.
∙കുടവയർ കുറയ്ക്കുന്നു
മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് കുടവയർ. പഠനങ്ങളനുസരിച്ച് ഇതിന് പാർശ്വഫലങ്ങളും ഉണ്ട്. ഈ പാനീയത്തിലടങ്ങിയ ഇഞ്ചി കൊഴുപ്പിനെ കുറയ്ക്കും. ജിഞ്ചെറോൾ എന്ന സംയുക്തം ധാരാളം അടങ്ങിയ ഇഞ്ചി ഉപാപചയപ്രവർത്തനം വർധിപ്പിക്കുകയും വയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് കുറയ്ക്കുകയും ചെയ്യും. ഒതുങ്ങിയ വയർ ആഗ്രഹിക്കുന്നവർക്കെല്ലാം മികച്ച പാനീയമാണിത്. ഒപ്പം ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ നാരങ്ങാവെള്ളം കൊഴുപ്പിന്റെ തന്മാത്രകളെ വിഘടിപ്പിക്കുന്നു.
∙കൊളസ്ട്രോളും രക്തസമ്മർദവും കുറയ്ക്കുന്നു
ഈ പാനീയം കുടിക്കുന്നത് രക്തത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ട്രൈഗ്ലിസറൈഡ്, ടോട്ടൽ കൊളസ്ട്രോൾ ഇവ രണ്ടും കുറയ്ക്കാൻ ഇഞ്ചിനാരങ്ങാ പാനീയത്തിനു കഴിവുണ്ട്. ഇവ രണ്ടും ഹൃദയാഘാതത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിക്കുന്ന ഘടകങ്ങളാണ്.
രക്തചംക്രമണം വർധിപ്പിക്കാൻ ഇഞ്ചി സഹായിക്കും. നാരങ്ങയിലടങ്ങിയ പൊട്ടാസ്യം, രക്തക്കുഴലുകളുടെ സമ്മർദം കുറച്ച് ഹൃദയത്തെ ആരോഗ്യമുള്ളതാക്കി നില നിർത്തും. ദിവസവും ഈ പാനീയം ശീലമാക്കുക വഴി ഹൃദയാരോഗ്യം ഏറെ മെച്ചപ്പെടുത്താനാവും.
∙ദഹനവും ഉദരാരോഗ്യവും
ഇഞ്ചിയിലും നാരങ്ങയിലും ദഹനം മെച്ചപ്പെടുത്തുന്ന എൻസൈമുകൾ ധാരാളമുണ്ട്. ഇത് മലബന്ധം, അസിഡിറ്റി, ബ്ലോട്ടിങ്ങ് ഇവ അകറ്റുന്നു. ഉദരാരോഗ്യം മെച്ചപ്പെടുത്താനും രോഗപ്രതിരോധശക്തി വർധിപ്പിക്കാനും ഈ പാനീയം സഹായിക്കും.

∙ഇൻഫ്ലമേഷൻ കുറയ്ക്കുന്നു
മിക്ക രോഗങ്ങളുടെയും പ്രധാന കാരണം ഇൻഫ്ലമേഷൻ അഥവാ വീക്കം ആണ്. ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഇഞ്ചി ചേർത്ത ഈ പാനീയം പതിവായി കുടിക്കുന്നത് സന്ധിവേദന, വീക്കം, പ്രത്യേകിച്ച് തണുപ്പുകാലത്തുണ്ടാകുന്ന വേദനകൾ ഇവയ്ക്ക് ആശ്വാസമേകും.
∙ചർമത്തിന്റെ ആരോഗ്യം
മുഖക്കുരു, ഹൈപ്പർ പിഗ്‌മെന്റേഷൻ തുടങ്ങിയവ മൂലം വിഷമിക്കുന്നവർക്ക് തീർച്ചയായും ഈ വെള്ളം കുടിക്കുന്നത് ഗുണകരമാണ്. നാരങ്ങയിലടങ്ങിയ വൈറ്റമിൻ സി അഴുക്കുകൾ അകറ്റി ചർമം തിളങ്ങാൻ സഹായിക്കും.

∙ജാപ്പനീസ് പാനിയം എങ്ങനെ തയാറാക്കാം?
വളരെ എളുപ്പത്തിൽ തന്നെ ഇത് തയാറാക്കാം. ഏതാണ്ട് ഒരിഞ്ച് നീളമുള്ള ഇഞ്ചി, ഒന്നര കപ്പ് വെള്ളത്തിൽ 5–6 മിനിറ്റ് തിളപ്പിക്കുക. ഈ വെള്ളം കുറച്ചു സമയം തണുക്കാൻ അനുവദിക്കുക. മുഴുവൻ തണുക്കും മുൻപ് ഇളം ചൂടോടു കൂടിയ വെള്ളത്തിൽ അര നാരങ്ങാ പിഴിഞ്ഞു ചേർക്കുക. നന്നായി ഇളക്കുക.
ഏതു സമയത്തും ഈ ഇഞ്ചി നാരങ്ങാ വെള്ളം കുടിക്കാം. എന്നാൽ ഇത് രാവിലെ വെറുംവയറ്റിൽ കുടിക്കുന്നതാണ് കൂടുതൽ ഗുണങ്ങൾ ലഭിക്കാൻ നല്ലത്. രാവിലെ മുതൽ തന്നെ ദഹനം മെച്ചപ്പെടുത്താനും ഉപാപചയപ്രവർത്തനം വർധിപ്പിക്കാനും ഇത് സഹായിക്കും.