മുറുക്കുന്ന പതിവുണ്ടോ? നല്ല ശീലമല്ലെങ്കിലും വെറ്റില ചവച്ചാല്‍ ഗുണങ്ങള്‍ പലതെന്ന് ആരോഗ്യവിദഗ്ധർ!

Mail This Article
ഊണ് കഴിഞ്ഞ് വെറ്റിലയും അടയ്ക്കയും പുകയിലയും എല്ലാം കൂട്ടി മുറുക്കണ ശീലം നമ്മുടെ പഴമക്കാര്‍ക്ക് പലര്‍ക്കും ഉണ്ടായിരുന്നു. പുകയിലയും മറ്റും ആരോഗ്യത്തിന് ഹാനികരമാണെന്ന തിരിച്ചറിവില്‍ പുതിയ തലമുറ മുറുക്കുന്ന പരിപാടി ഉപേക്ഷിച്ചു. എന്നാല്‍ ഇതേ വെറ്റിലയില്‍ മധുരമുള്ള ഗുല്‍ക്കണ്ടും ജീരകവും ഏലയ്ക്കവും നുറുക്കിയ ഈന്തപ്പഴവുമൊക്കെ ചേര്‍ത്ത് മീഠാ പാന്‍ ഇന്ന് ഹോട്ടലുകളില്‍ അടക്കം ലഭ്യമാണ്. ഇതിലെ അമിതമായ മധുരം അത്ര നല്ലതല്ലെങ്കിലും ഊണ് കഴിഞ്ഞ് വെറ്റില ചവയ്ക്കുന്നത് കൊണ്ട് പല ഗുണങ്ങളുമുണ്ടെന്ന് എന്‍ഡിടിവിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
1. ദഹനം മെച്ചപ്പെടും
ദഹനരസങ്ങളെ ഉദ്ദീപിപ്പിക്കുന്ന വെറ്റില വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ഗ്യാസ്, അസിഡിറ്റി, ദഹനക്കേട് പോലുള്ള പ്രശ്നങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യും. ഭക്ഷണത്തിന് ശേഷം വെറ്റില ചവയ്ക്കുമ്പോള്‍ ഉമിനീരിന്റെ ഉത്പാദനം കൂടുന്നത് മികച്ച ദഹനവും പോഷണങ്ങളുടെ ആഗീരണവും സാധ്യമാക്കും.
2. വായുടെ ആരോഗ്യത്തിന് നല്ലത്
വെറ്റിലയിലെ ആന്റി ബാക്ടീരിയല്‍, ആന്റിസെപ്റ്റിക് ഗുണങ്ങള്‍ വായിലെ ഹാനികരങ്ങളായ ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിക്കും. ഇത് വായില്‍ അണുബാധയും പോടുകളും വായ്നാറ്റവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. വായ പൊതുവില്‍ ശുദ്ധീകരിക്കാന്‍ വെറ്റില സഹായകമാണ്.
3. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കും
വെറ്റിലയിലെ പോളിഫെനോളുകള്‍ ശരീരത്തിലെ ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും കാര്‍ബോഹൈഡ്രേറ്റുകള്‍ വിഘടിക്കുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യും. ഇത് രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരുന്ന സാഹചര്യം ഒഴിവാക്കും.
4. ചയാപചയം മെച്ചപ്പെടുത്തും
ചയാപചയത്തെ മെച്ചപ്പെടുത്താനും വെറ്റിലയിലെ പ്രകൃതിദത്ത ഉത്തേജകങ്ങള്‍ സഹായിക്കും. ശരീരത്തിലെ കാലറി വിനിയോഗം മികച്ചതാക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഇത് വഴി സാധിക്കും.
5. നെഞ്ചെരിച്ചിലും ആസിഡ് റീഫ്ളക്സും കുറയ്ക്കും
വെറ്റിലയുടെ ആല്‍ക്കലൈന്‍ സ്വഭാവം വയറിലെ ആസിഡിനെ നിര്‍വീര്യമാക്കും. ഇത് മൂലം ആസിഡ് റീഫ്ളക്സ്, നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാകും.
6. വിഷമുക്തമാക്കും പ്രകൃതിദത്തമായി
ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമായ വെറ്റില ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യാന്‍ സഹായിക്കും. വെറ്റിലയുടെ നിരന്തമായ ഉപയോഗം കരളിന്റെ പ്രവര്‍ത്തനത്തെയും സഹായിക്കും.
7. ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും
വെറ്റിലയുടെ ആന്റി മൈക്രോബിയല്‍, ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ കഫം കെട്ടിക്കിടക്കുന്നത് ഒഴിവാക്കി, ശ്വാസകോശ നാളികള്‍ തുറന്ന് വയ്ക്കും. ഇത് ശ്വസനപ്രക്രിയ എളുപ്പമാക്കും.
8. സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കും
വെറ്റിലയിലെ ചില സംയുക്തങ്ങള്‍ സെറോടോണിന്‍, ഡോപ്പമിന്‍ തുടങ്ങിയവയുടെ ഉത്പാദനത്തെ വര്‍ധിപ്പിച്ച് മൂഡ് മെച്ചപ്പെടുത്തുകയും സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. ഊണ് കഴിഞ്ഞ് വെറ്റില ചവയ്ക്കുന്നത് നാഡീവ്യൂഹവ്യവസ്ഥയെയും ശാന്തമാക്കും.
9. മലബന്ധം നിയന്ത്രിക്കും
ലഘുവായ ലാക്സേറ്റീവ് ഗുണങ്ങളുള്ള വെറ്റില ദഹനരസങ്ങളെ ഉത്തേജിപ്പിച്ച് നല്ല മലശോധന നല്കുന്നു. വയറിലെ ഗുണപരമായ ബാക്ടീരിയകളെയും ഇവ പിന്തുണയ്ക്കുന്നു.
10. ചര്‍മ്മാരോഗ്യത്തിനും നല്ലത്
വെറ്റിലയുടെ ആന്റി ഇന്‍ഫ്ളമേറ്ററി, ആന്റി മൈക്രോബിയല്‍ ഗുണങ്ങള്‍ രക്തത്തെ ശുദ്ധീകരിക്കുകയും ചര്‍മ്മപ്രശ്നങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു. ശരീരത്തെ വിഷമുക്തമാക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നത് വഴി കൂടുതല്‍ തെളിവാര്‍ന്നതും ആരോഗ്യമുള്ളതുമായ ചര്‍മ്മം ലഭിക്കാനും വെറ്റില സഹായിക്കുന്നു.
ഇത്രയും ഗുണങ്ങളുണ്ടെന്ന് കരുതി പുതിയ ശീലങ്ങളൊന്നും തുടങ്ങിവയ്ക്കേണ്ട കാര്യമില്ല കേട്ടോ...