പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ?

Mail This Article
വേനൽക്കാലമെത്തി. ഒപ്പം മാമ്പഴക്കാലവും. പോഷകഗുണങ്ങൾ ഏറെയുള്ള മാമ്പഴത്തില്‍ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഈ വേനൽക്കാലത്ത് പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ? അറിയാം. ഭക്ഷ്യ നാരുകളും അവശ്യപോഷകങ്ങളും ഏറെയുള്ള മാമ്പഴം പ്രമേഹരോഗികൾ ഒഴിവാക്കണം എന്നു പറയാറുണ്ട്. മാമ്പഴത്തിൽ നാച്വറൽ ഷുഗർ കൂടുതൽ അടങ്ങിയതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ കാരണമാകും.
നാരുകളും ആന്റിഓക്സിഡന്റുകളും വിവിധയിനം വൈറ്റമിനുകളും അടങ്ങിയ മാമ്പഴത്തിൽ നാച്വറൽ ഷുഗറും കാർബോഹൈഡ്രേറ്റും കൂടിയ അളവിൽ ഉണ്ട്. പ്രമേഹ രോഗികൾ ഗ്ലൈസെമിക് ഇന്‍ഡക്സ് കൂടിയ ഭക്ഷണം ഒഴിവാക്കുകയാണ് പതിവ്. മാമ്പഴത്തിന്റെ ഗ്ലൈസെമിക് ഇൻഡക്സ് (GI) 51 ആണ്. അതായത് കൂടിയ അളവിൽ മാമ്പഴം കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടും. ഇതൊഴിവാക്കാൻ എത്ര മാമ്പഴം കഴിക്കണം എന്നറിയാം.

എത്രമാമ്പഴം കഴിക്കാം?
മാമ്പഴത്തിൽ നാച്വറല്‍ ഷുഗർ ധാരാളമുണ്ട്. ഇത് പ്രമേഹരോഗികൾക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലുള്ളവർക്കും നല്ലതല്ല. എന്നാൽ പ്രമേഹരോഗികൾക്കും മാമ്പഴം കഴിക്കാം. പക്ഷേ അളവ് ശ്രദ്ധിക്കണമെന്നു മാത്രം. ആഴ്ചയിൽ ഒന്നോ രണ്ടോ ചെറിയ കഷണം മാമ്പഴം മാത്രമേ കഴിക്കുന്നുള്ളൂ എന്നുറപ്പു വരുത്താം. കൂടാതെ മാമ്പഴത്തോടൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ആരോഗ്യകരമായ എന്തെങ്കിലും ഭക്ഷണം കൂടെ കഴിക്കാം.
ഭക്ഷണത്തിൽ എന്ത് ഉൾപ്പെടുത്തുമ്പോഴും അതിനുമുൻപ് രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കേണ്ടതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താൻ മാമ്പഴത്തോടൊപ്പം ഗ്രീക്ക് യോഗർട്ടോ ഒരു പിടി ബദാമോ കഴിക്കാം. പ്രമേഹരോഗി ആണെന്നു കരുതി മാമ്പഴം പൂർണമായും ഒഴിവാക്കേണ്ടതില്ല. ഭക്ഷണത്തിൽ ബുദ്ധിപൂർവം ഒപ്പം ബാലൻസ്ഡ് ആയും മാമ്പഴം ഉൾപ്പെടുത്താം.