Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജങ്ക് ഫുഡിന്റെ ചൂണ്ടയിൽ

_FAST-FOOD-CHICKEN

കുട്ടികളിലെ പൊണ്ണത്തടി സംബന്ധിച്ച് എറണാകുളത്തെ 46 സ്കൂളുകളിലെ കാൽലക്ഷത്തോളം കുട്ടികളെ ഉൾപ്പെടുത്തി കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി ഗവേഷണവിഭാഗം നടത്തിയ പഠനത്തിലെ മുഖ്യകണ്ടെത്തൽ ഇതാണ്; കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പൊണ്ണത്തടിക്കാരായ കുട്ടികളുടെ എണ്ണം ഇരട്ടിയിലേറെയായി!

കുട്ടികളുടെ ഉയരവും ശരീരഭാരവും അളന്ന് അനുപാതം കണക്കാക്കിയായിരുന്നു പഠനം. അമിതഭാരത്തിനു മുകളിൽ അപകടകരമായി ശരീരഭാരം വർധിക്കുമ്പോഴാണ് അതിനെ പൊണ്ണത്തടിയായി വിലയിരുത്തുക. അമിതഭാരക്കാർ ഏറെയുണ്ടെങ്കിലും അവസ്ഥ അപകടകരമല്ല. കൗതുകകരമായ മറ്റൊരു കണ്ടെത്തൽ: ഫാസ്റ്റ് ഫുഡ് സംസ്കാരം വേഗം പടർന്നുപിടിക്കുന്ന നഗരങ്ങളിലെ സ്കൂളുകളിലെ കുട്ടികളിലാണു പൊണ്ണത്തടി ഏറെയും കണ്ടെത്തിയത്. അതും സ്വകാര്യ സ്കൂളുകളിലെ കുട്ടികളിൽ.

നാട്ടിൻപുറത്തെ സ്കൂൾ കുട്ടികളിലും സർക്കാർ സ്കൂൾ കുട്ടികളിലും പൊതുവെ പൊണ്ണത്തടി കുറവാണെന്നു പഠനത്തിനു നേതൃത്വംനൽകിയ ഡോ. ആർ. കൃഷ്ണകുമാറും ഡോ. ഡി. മനുരാജും ചൂണ്ടിക്കാട്ടി. പൊണ്ണത്തടിയുടെ മുഖ്യകാരണം കാലറി കൂടിയ ജങ്ക് ഫുഡിന്റെ നിരന്തര ഉപയോഗം തന്നെ. വ്യായാമം ഇല്ലെന്നത് അനുബന്ധ കാരണവും.

രുചിയല്ല, പ്രധാനം ഗുണം

ആറുവയസ്സും 20 കിലോഗ്രാം ശരീരഭാരവുമുള്ള കുട്ടിക്ക് ഒരു ദിവസം വേണ്ട ഊർജത്തിന്റെ തോത് 1500 കിലോ കാലറിയാണ്. 10 വയസ്സും 30 കിലോ ഭാരവുമുള്ള കുട്ടിക്ക് ഇത് 1700 കിലോ കാലറിയും, കൗമാരക്കാരായ ആൺകുട്ടികൾക്ക് 2400 കിലോ കാലറിയും പെൺകുട്ടികൾക്ക് 2200 കിലോ കാലറിയുമാണ്. ഒരു ബർഗറോ മീറ്റ് റോളോ രണ്ടു കഷണം ഫ്രൈഡ് ചിക്കനോ കഴിക്കുമ്പോൾ ലഭിക്കുന്നത് 1200-1500 കിലോ കാലറി. അതായത് ആറു വയസ്സുകാരന് ഒരുദിവസം വേണ്ട ഊർജമത്രയും ഇതിൽനിന്നു മാത്രം ലഭിക്കുന്നു. കൂടുതൽ കഴിക്കുന്ന ഭക്ഷണത്തിലെ കാലറിയെല്ലാം അധിക ഊർജമാണ്.

RICE-MEALS

‘ആവശ്യത്തിലേറെ കാലറി ശരീരത്തിലെത്തുകയും കാര്യമായ ശാരീരിക അധ്വാനമില്ലാതെ വരികയും ചെയ്യുമ്പോൾ അതു കൊഴുപ്പായി ശരീരത്തിലടിഞ്ഞ് ചീത്ത കൊളെസ്ടെറോൾ വർധിപ്പിക്കുന്നു. പൊണ്ണത്തടിയും ഉണ്ടാവും. ഹൃദ്‌രോഗത്തിലേക്കും മറ്റു ജീവിതശൈലീ രോഗങ്ങളിലേക്കുമുള്ള വഴിയാണിത്’ - തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ശിശുരോഗവിഭാഗം മേധാവി ഡോ. കെ.ഇ. എലിസബത്ത് ചൂണ്ടിക്കാട്ടുന്നു.

ഇത്തരത്തിൽ കാലറി (ഊർജം) ആവശ്യത്തിലേറെയുള്ളതും എന്നാൽ കുട്ടികളുടെ വളർച്ചയിൽ നിർണായകമായ ധാതുലവണങ്ങളും പോഷകങ്ങളും തീരെ കുറഞ്ഞ ഭക്ഷണ സാധനങ്ങളെയാണ് ജങ്ക് ഫുഡ് എന്നു പറയുന്നത്. മാത്രവുമല്ല, ഇത്തരം ആഹാരസാധനങ്ങളിൽ കൊഴുപ്പ്, ഉപ്പ്, മധുരം എന്നിവ അമിതമായ അളവിലുണ്ടാവും. ഇത്തരം ആഹാരം ശീലമാക്കിയവരിൽ ഹൃദ്‌രോഗ സാധ്യത 80% കൂടുതലാണെന്നു വിവിധപഠനങ്ങൾ വ്യക്തമാക്കുന്നു. ഇത്തരക്കാർക്ക് കാൻസർ സാധ്യതയും ഏറെയാണെന്നു പ്രശസ്ത കാൻസർ ചികിൽസകനായ ഡോ. വി.പി. ഗംഗാധരൻ.

‘ഭക്ഷണത്തിന്റെ രുചിയും ആകർഷണവും കൂട്ടാനായി ചേർക്കുന്ന കൃത്രിമ നിറങ്ങളും വലിയ പ്രശ്നമാണ്. പൂപ്പൽ ഒഴിവാക്കാൻ ചേർക്കുന്ന സോഡിയം ബെൻസൊയേറ്റ്, പൊട്ടാസ്യം ബെൻസൊയേറ്റ് എന്നിവയൊക്ക ഈ ഗണത്തിൽപ്പെടുന്നവയാണ്. സംസ്കരിച്ച മാംസാഹാരത്തിലെ സോഡിയം നൈട്രേറ്റ് കുടലിലെ അർബുദത്തിനാണു കാരണമാവുക. റസ്റ്ററന്റുകളിലും മറ്റും വറുക്കുന്നതിനും പൊരിക്കുന്നതിനും ഉപയോഗിക്കുന്ന എണ്ണ പാത്രത്തിൽനിന്നു മാറ്റാതെ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുമ്പോൾ അടിഞ്ഞുകൂടുന്ന രാസപഥാർഥങ്ങളും കാൻസറിലേക്കാവും നയിക്കുക’- ഡോ. വി.പി. ഗംഗാധരൻ ചൂണ്ടിക്കാട്ടുന്നു.

FAST-FOOD-

കപ്പലണ്ടിയും കടലയും മുതൽ നാടൻ പലഹാരങ്ങൾ വരെ ഇടനേരത്തെ ആഹാരമായിരുന്ന കാലം മാറി ഇപ്പോൾ കുട്ടികൾക്കു കൊറിക്കാൻ ബ്രാൻഡഡ് സ്നാക്സുകൾ തന്നെ വേണമെന്നായി. ഇതിനുപിന്നിലെ രഹസ്യവും രുചിവർധകങ്ങളായ രാസവസ്തുക്കൾ തന്നെ. മിക്ക പായ്ക്കറ്റ് സ്നാക്സുകളിലും ഉപ്പിന്റെ അളവു വളരെ ഉയർന്ന തോതിലാണെന്ന് ഐഎപി ദേശീയ പ്രസിഡന്റും കൊച്ചിയിലെ പ്രമുഖ ശിശുരോഗ വിദഗ്ധനുമായ ഡോ. സച്ചിതാനന്ദ കമ്മത്ത് ചൂണ്ടിക്കാട്ടുന്നു.

കുട്ടികളിൽ നല്ലൊരുപങ്ക് മാംസാഹാര പ്രിയരാണ്. അതും ഫ്രൈഡ് ചിക്കൻ പോലെ വറുത്ത മാംസാഹാരങ്ങളോടുള്ള പ്രിയം. മാംസവിഭവങ്ങളിൽ പൂരിതകൊഴുപ്പ് അമിതമായ അളവിലുണ്ട്. ഹോർമോൺ കുത്തിവച്ചു വളർത്തുന്ന കോഴികളുടെയും മറ്റും മാംസം നിരന്തരം കഴിക്കുമ്പോൾ ആ വളർച്ചാ ഹോർമോണുകളും ശരീരത്തിൽ വൻ തോതിലെത്തും.

മികച്ചതു വീട്ടിലെ ഭക്ഷണം

പായ്ക്ക് ചെയ്തു വരുന്ന ചില ഭക്ഷണങ്ങളിലും ചില റസ്റ്ററന്റുകളിൽനിന്നു വാങ്ങുന്ന വിഭവങ്ങളിലുമെല്ലാം രുചികൂട്ടാനായി മോണാ സോഡിയം ഗ്ലൂട്ടാമേറ്റ് (എംഎസ്ജി) ഉപയോഗിക്കുന്നുണ്ട്. സംസ്കരിച്ച പായ്ക്കറ്റ് ആഹാരങ്ങളിൽ പലതിലും ഇതിന്റെ അളവ് കൂടുതലാണ്.

LP-FRUITS

നാഡീ സംവേദനശേഷി നശിപ്പിക്കുന്ന എംഎസ്ജി അധിമായാൽ തലവേദനയും ക്ഷീണവും മുതൽ മറവിരോഗവും പാർക്കിൻസൺസും വരെയുള്ള പ്രശ്നങ്ങളിലേക്കാവും എത്തുക. ഈയം, നൈട്രേറ്റ് എന്നിവയും ഉയർന്നതോതിൽ അടങ്ങിയിട്ടുണ്ട്. മുൻപൊക്കെ വയറിളക്കമായിരുന്നു കുട്ടികളുടെ പൊതുവായൊരു പ്രശ്നമെങ്കിൽ ഇപ്പോഴതു മലബന്ധമാണെന്നും ഇതിന്റെ കാരണങ്ങളിലൊന്നു ജങ്ക് ഫുഡിന്റെ നിരന്തര ഉപയോഗമാണെന്നും ചൈൽഡ് ആൻഡ് അഡോളസന്റ് കൺസൽട്ടന്റായ ഡോ. എം. എൻ. വെങ്കിടേശ്വരൻ.

ഏറ്റവും നല്ല ഭക്ഷണം ഏതെന്ന ചോദ്യത്തിന് ഉത്തരം ലളിതമാണ്; വീട്ടിൽ പാകംചെയ്യുന്ന ഭക്ഷണം. വൃത്തിയാക്കി ഉടനടി കഴിക്കാവുന്ന പഴങ്ങളും പച്ചക്കറികളുമാണു പ്രകൃതിദത്തമായ യഥാർഥ ഫാസ്റ്റ് ഫുഡ് എന്ന കാര്യം നാം മറന്നുപോകുന്നു.

കുടിക്കുന്നത് വിഷമാവരുത്

പായ്ക്ക് ചെയ്ത പാനീയങ്ങളുടെ വിപണി മുഖ്യമായും ലക്ഷ്യമിടുന്നതു കുട്ടികളെയും യുവാക്കളെയുമാണ്. ഇതിൽ പലതും ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നതും അടിമകളാക്കുന്നതുമാണെന്നതു പരസ്യമായ വസ്തുത. ശരീരത്തിന് ഏറ്റവും നല്ല പാനീയം ഏതെന്ന ചോദ്യത്തിനും ഉത്തരം വീട്ടിലുണ്ടാക്കുന്നത് എന്നതു തന്നെ. കഞ്ഞിവെള്ളം, സംഭാരം, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം എന്നിവയെ വെല്ലുന്ന ഒരു എനർജി ഡ്രിങ്കുമില്ല. വേനൽക്കാലത്തു ശരീരത്തിൽനിന്നു ജലാംശത്തിനൊപ്പം ലവണങ്ങളും നഷ്ടപ്പെടും. ഇതിനു പരിഹാരം ഉപ്പിട്ട കഞ്ഞിവെള്ളവും സംഭാരവുമെല്ലാം കുടിക്കുകയാണ്.

BOTTLED-DRINKS

കുട്ടികൾ കുറഞ്ഞത് ഒന്നര ലീറ്റർ വെള്ളമെങ്കിലും ദിവസവും കുടിക്കണമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. നമ്മുടെ കുട്ടികൾ വാട്ടർ ബോട്ടിലുകളിൽ വെള്ളം സ്കൂളുകളിലേക്ക് കൊണ്ടുപോകുന്നുണ്ട്. പക്ഷേ, ഈ വെള്ളക്കുപ്പിതന്നെ അവരുടെ ആരോഗ്യം തകർക്കുന്ന ഘടകങ്ങളിലൊന്നാവുന്നതെങ്ങനെ? അതേക്കുറിച്ചു നാളെ...

കുട്ടികളുടെ വളർച്ചയ്ക്കു വേണ്ടതു സമീകൃതാഹാരം

കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്കു സമീകൃതാഹാരമാണു വേണ്ടത്. സമീകൃതാഹാരത്തിൽ വേണ്ടതെന്തൊക്കെ? കുട്ടികളുടെ ഒരുദിവസത്തെ ആഹാരം നാലു തുല്യഭാഗങ്ങളായി വീതിച്ചാൽ അതിൽ ഉൾപ്പെടുത്തേണ്ട ആഹാരസാധനങ്ങൾ (ഇവ പല സമയത്തെ ആഹാരത്തിലായി ഉൾപ്പെടുത്തിയാൽ മതി):

പഴങ്ങൾ: വാഴപ്പഴം, പേരയ്ക്ക, ചക്കപ്പഴം ഉൾപ്പെടെ ഓരോസമയത്തും ലഭ്യമായ പഴങ്ങൾ. ശരീരത്തിനുവേണ്ട വിവിധ പോഷകങ്ങൾ (വൈറ്റമിൻ) ആണ് ഇതിൽനിന്നു ലഭിക്കുക. പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് ഏറ്റവും അനുയോജ്യം.

_Vegetables

പച്ചക്കറി: പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പു നിറങ്ങളിലുള്ള പച്ചക്കറിയാണ് ഉത്തമം. നന്നായി വൃത്തിയാക്കി പച്ചയ്ക്കോ സാലഡായോ കഴിക്കാം. ഇല്ലെങ്കിൽ അൽപം ഉപ്പിട്ടു പാതി പുഴുങ്ങിയോ വെജിറ്റബിൾ പുലാവായോ നൽകാം. ചീര ഉൾപ്പടെയുള്ള ഇലക്കറികളും ഉൾപ്പെടുത്താം. തൊലി കളഞ്ഞും മുറിച്ചും ഏറെനേരം വെള്ളത്തിലിട്ടുവയ്ക്കുമ്പോഴും പാചകം ചെയ്യുമ്പോഴും പച്ചക്കറിയിലെ പോഷകഘടകങ്ങൾ നഷ്ടപ്പെടും. ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കളും പച്ചക്കറിയിൽനിന്നു ലഭിക്കും.

അരി, ഗോതമ്പ് ആഹാരങ്ങൾ: കാർബോ ഹൈഡ്രേറ്റും (അന്നജം), കാലറിയും (ഊർജം) ഇതിൽനിന്നു ലഭിക്കും. പക്ഷേ, അധികമാവാതെ സൂക്ഷിക്കുക. ബ്ലീച്ചിങ്ങിനു വിധേയമായ, ഒരുഗുണവുമില്ലാത്ത മൈദ വിഭവങ്ങൾ ഉപേക്ഷിക്കുക. പൊറോട്ടയും പല ബേക്കറി ഉൽപ്പന്നങ്ങളും മൈദയിലുണ്ടാക്കുന്നതാണ്. ഇതു പാൻക്രിയാസിനടക്കം ദോഷം ചെയ്യും. പൊറോട്ട ഇഷ്ടമാണെങ്കിൽ ഗോതമ്പു പൊറോട്ടയാണ് നല്ലത്.

പയർ‌വർഗങ്ങൾ: പയറും കടലയും ഉൾപ്പടെയുള്ളവ. ശരീരത്തിനുവേണ്ട പ്രോട്ടീൻ ലഭ്യമാക്കുന്നതാണിവ. പയർ മുളപ്പിച്ചതായാൽ ഏറെ ഉത്തമം. മൽസ്യം, മാംസം എന്നിവയും ഈവിഭാഗത്തിലുള്ളവ തന്നെ. എന്നാൽ മാംസാഹാരത്തിന്റെ അമിത ഉപയോഗം കുറയ്ക്കുക. പ്രത്യേകിച്ചു വറുത്തവ. ഒപ്പം തൈര്, അല്ലെങ്കിൽ മോര് ഉൾപ്പെടുത്താം. ദഹനത്തിനു നല്ലതാണ്.

FOOD-GRAINS

രോഗിയാക്കുന്ന ഭക്ഷണം

ഫാസ്റ്റ് ഫുഡ്

അമിതഭാരം, പൊണ്ണത്തടി

ഹൃദ്‌രോഗം, പ്രമേഹം, രക്തസമ്മർദം

എല്ല് - പേശി ബലക്കുറവ്

കൃത്രിമ നിറങ്ങൾ വഴി കാൻസർ

കുടലിലെ അർബുദം

പെൺകുട്ടികളിൽ സ്തനാർബുദം, ഗർഭാശയ കാൻസർ

പായ്ക്ക്ഡ് ഭക്ഷണങ്ങൾ

പൊണ്ണത്തടി

അനീമിയ, ഉറക്കക്കുറവ്, ദഹനക്കുറവ്

തലവേദന, ക്ഷീണം, മറവി

പാർക്കിൻസൺസ്

മാനസികവളർച്ചയെ ബാധിക്കുന്നു

ആന്തരിക അവയവങ്ങളുടെ പ്രവർത്തനം തകരാറിലാക്കും

മലബന്ധം

നാഡീപ്രശ്നങ്ങൾ

PACKET-CHIPS-

ഫാസ്റ്റ് ഫുഡ് - മാംസ

പൊണ്ണത്തടി

കുടലിലെ അർബുദം

ഹോർമോൺ വ്യതിയാനം

പെൺകുട്ടികൾക്ക് ശൈശവം വിട്ടുമാറുംമുൻപേ പ്രായപൂർത്തി

പെൺകുട്ടികളിൽ ഗർഭാശയ പ്രശ്നങ്ങൾ

വന്ധ്യത

പായ്ക്ക്ഡ് പാനീയങ്ങൾ

ലഭിക്കുന്നത് ഓക്സിജന് പകരം കാർബൺ ഡൈ ഓക്സൈഡ്

ശാരീരികത്തളർച്ച, അനുബന്ധപ്രശ്നങ്ങൾ

തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കും

രാസവസ്തുക്കൾ ദോഷകരം

പ്രമേഹം

ഡോ. വി.പി. ഗംഗാധരൻ: പൊണ്ണത്തടി മറ്റു പല മാരകരോഗങ്ങളുടെയും അടിസ്ഥാനം . കാൻസർ സാധ്യത ഏറെ. പെൺകുട്ടികളിൽ സ്തനാർബുദം, ഗർഭാശയ കാൻസർ തുടങ്ങിയവയ്ക്ക് കാരണങ്ങളിലൊന്ന്.

ഡോ. സച്ചിതാനന്ദ കമ്മത്ത്: മിക്ക പായ്ക്കറ്റ് സ്നാക്സുകളിലും ഉപ്പിന്റെ അളവ് ഉയർന്ന തോതിൽ. കുട്ടികളെ ചെറുപ്പത്തിൽത്തന്നെ രക്തസമ്മർദത്തിന്റെ പാതയിലെത്തിക്കുന്നതിൽ ഇവയ്ക്കുള്ളത് വലിയ പങ്ക്.

ഡോ. എം. എൻ. വെങ്കിടേശ്വരൻ: മലബന്ധം കുട്ടികൾക്കിടയിൽ ഇക്കാലത്ത് ഏറെ വ്യാപകം. ഇതിനു പ്രധാന കാരണം നാരുകളില്ലാത്ത ജങ്ക് ഫുഡിന്റെ തുടർച്ചയായ ഉപയോഗം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.