Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മായം കലർന്ന രുചിയിലെ ആരോഗ്യവിപത്തുകൾ

mayam-food

മാഗി കൊണ്ടു മാത്രം തീർന്നില്ല, പരിശോധിച്ചു നോക്കിയാൽ അറിയാം നാം വാങ്ങിക്കഴിക്കുന്ന പായ്ക്കറ്റ് വിഭവങ്ങളിൽ എന്തിലൊക്കെ മായം ചേർത്തിട്ടുണ്ടെന്ന്. ഈയം (ലെഡ്), മോണോ സോഡിയം ഗ്ലൂട്ടമേറ്റ് (എംഎസ്ജി) തുടങ്ങിയവയാണ് മാഗിയിൽ കണ്ടെത്തിയിരിക്കുന്നത്. ഈയം ഒരു തരത്തിലും മനുഷ്യ ശരീരത്തിനു നല്ലതല്ല. അത് പിന്നീട് പലതരം രോഗങ്ങൾക്ക് കാരണമാകും. അമിതമായ അളവിൽ അകത്തു ചെന്നാൽ മരണത്തിനു വരെ കാരണമാകാം.

മോണോ സോഡിയം ഗ്ലൂട്ടമേറ്റ് അജിനോമോട്ടോ എന്ന ബ്രാൻഡ് നാമത്തിലാണ് പൊതുവെ അറിയപ്പെടുന്നത്. ഇത് കടകളിൽനിന്നു വാങ്ങാൻ കിട്ടും. പക്ഷേ, ഇതു പായ്ക്കറ്റു കണക്കിനു വാങ്ങുന്നത് ചില ഹോട്ടലുകാരാണ്.

ഭക്ഷണത്തിനു രുചിയും മണവും കൂട്ടാനാണ് എംഎസ്ജി ഉപയോഗിക്കുന്നത്. ഇത് അനുവദനീയമായതിലും കൂടുതൽ അളവിലാണ് ഉപയോഗിക്കുന്നത്. അജിനോമോട്ടോ ചേർത്ത ഭക്ഷണം വീണ്ടും വീണ്ടും കഴിക്കാൻ തോന്നിക്കും എന്നതിനാലാണ് ചില ഹോട്ടലുകാർ ഇത് വാരിക്കോരി ഉപയോഗിക്കുന്നത്. ചിലയിടങ്ങളിൽ ചായ മുതൽ കുഴിമന്തിയിൽ വരെ അജിനോമോട്ടോ ഉപയോഗിക്കുന്നുണ്ട്. ഭക്ഷണസാധനങ്ങളിൽ അജിനോമോട്ടോയുടെ അളവ് ഒരു ശതമാനത്തിൽ കൂടാൻ പാടില്ലെന്നാണു നിയമം. എന്നാൽ, പലപ്പോഴും ഇത് അഞ്ചുശതമാനം വരെ ആകാറുണ്ട്.

മോണോ സോഡിയം ഗ്ലൂട്ടമേറ്റ് എന്ന വില്ലൻ

മോണോ സോഡിയം ഗ്ലൂട്ടമേറ്റ് കൂടിയ തോതിൽ ഉള്ളിലെത്തിയാലോ സ്‌ഥിരമായി അതു ചേർത്ത ഭക്ഷണം കഴിച്ചാലോ തലവേദന, മയക്കം, കൈകൾക്കും നെഞ്ചിനും പുകച്ചിൽ, തരിപ്പ്, ശ്വാസതടസ്സം, പലതരം അലർജികൾ എന്നിവയുണ്ടാകാം.

ഇതിന്റെ രുചികളിൽ പ്രധാനമായും ആകൃഷ്‌ടരാകുന്ന കുട്ടികളിൽ തലച്ചോറിലെ കോശങ്ങൾക്കുവരെ തകരാർ ഉണ്ടാകാം.

തുടർച്ചയായുള്ള ഉപയോഗം നമ്മുടെ നാഡീഞരമ്പുകളുടെ പ്രവർത്തനങ്ങളെ ബാധിക്കും. അതുമൂലം തലവേദന, ഹൃദയസ്‌പന്ദനത്തിൽ വ്യതിയാനങ്ങൾ തുടങ്ങിയവും ചിലർക്ക് ഛർദി, വയറിളക്കം തുടങ്ങിയവും ഉണ്ടാകുന്നു. കുട്ടികളിൽ അമിതവണ്ണത്തിനും ഇത് കാരണമാകും.

അജിനോമോട്ടോ നമ്മുടെ നാവിലുള്ള സ്വാദുമുകുളങ്ങളെ ഉത്തേജിപ്പിക്കുകയാണു ചെയ്യുന്നത്. ∙ ഇവ ഉണ്ടാക്കുന്ന പൊതുവേയുള്ള ആരോഗ്യ പ്രശ്‌നങ്ങളാണു ചൈനീസ് റസ്‌റ്ററന്റ് സിൻഡ്രോം എന്ന പേരിലറിയപ്പെടുന്നത്.

ചൈനീസ് റസ്‌റ്ററന്റുകളിൽനിന്നേ ഭക്ഷണം കഴിക്കൂ എന്ന് വാശിപിടിക്കുന്നവരെ കാത്തിരിക്കുന്ന അസുഖമാണിത്. മിതമായ തോതിൽ വല്ലപ്പോഴും ഉപയോഗിക്കുകയാണെങ്കിൽ ഇത്തരം രോഗങ്ങൾ പിടിപെടണമെന്നില്ല.

ആകർഷകമായ പാക്കറ്റുകളിൽ ലഭ്യമായ ഉരുളക്കിഴങ്ങ് ഫ്ലേവറുകളിലും ചിപ്‌സുകളിലും മറ്റും മോണോ സോഡിയം ഗ്ലൂട്ടമേറ്റ് അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ കുട്ടികൾക്കു കൊടുക്കുന്നത് അഭികാമ്യമല്ല എന്ന് പായ്‌ക്കറ്റുകളിൽ രേഖപ്പെടുത്താറുണ്ട്. ധാന്യങ്ങൾ, കരിമ്പിൻ ജ്യൂസ്, മൊളാസിസ് തുടങ്ങിയവ പുളിപ്പിച്ച് അതിൽനിന്നാണു മോണോ സോഡിയം ഗ്ലൂട്ടമേറ്റ് ഉണ്ടാക്കുന്നത്.

വേറെയും രാസവസ്തുക്കൾ

മോണോ സോഡിയം ഗ്ലൂട്ടമേറ്റിനു പുറമെ പല ഹോട്ടലുകളിലും ഭക്ഷണപദാർഥങ്ങളിൽ ചേർക്കുന്ന രാസവസ്‌തുക്കളാണ് എറിത്രോസിൻ, ടാർട്രസിൻ തുടങ്ങിയവ. ഒട്ടുമിക്ക രാസവസ്‌തുക്കളും വൃക്ക, തലച്ചോറ്, ആമാശയം എന്നിവയുടെ പ്രവർത്തനത്തെ തകരാറിലാക്കും. കോള പോലുള്ള പാനീയങ്ങളും ചില ബേക്കറി ഉൽപന്നങ്ങളും രാസവസ്‌തുക്കൾ ചേർക്കുന്നുണ്ട്. പ്രമേഹത്തിനുവരെ കാരണമാകുന്ന ബെൻസീനും മധുരം കൂട്ടാൻ ചേർക്കുന്ന ഹൈഫ്രക്‌ടോസ് കോൺസിറപ്പും അപകടകരികളാണ്.

പാക്കറ്റ് ഭക്ഷണ സാധനങ്ങൾ ദീർഘനാൾ കേടുകൂടാതെ സൂക്ഷിക്കാൻ പല രാസവസ്തുക്കളും ചേർക്കാറുണ്ട്. ഇവയെല്ലാം അപകടകാരികൾ തന്നെ. ഫോസ്ഫറിക് ആസിഡ് ചേർത്തുള്ള ഭക്ഷണം പതിവായി കഴിച്ചാൽ അസ്ഥികൾ ബലമില്ലാതാവുകയും വൃക്കകൾക്ക് തകരാർ സംഭവിക്കുകയും ചെയ്യും. ബോറിക് ആസിഡ് വൃക്കകൾ, വൃഷണം എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കും.

bakery-food

കാൽസ്യം, പൊട്ടാസ്യം, സോഡിയം എന്നിവ രക്തസമ്മർദം കൂട്ടാനും കാൽസ്യം അടി‍ഞ്ഞു കൂടാനും കാരണമാകും. കൃത്രിമ നിറങ്ങൾ അസിഡിറ്റി, തൈറോയ്ഡ് പ്രശ്നങ്ങൾ, ചർമരോഗം, വയറുവേദന എന്നിവയ്ക്കു കാരണമാകും. അസ്പാർട്ടേം അർബുദം, അപസ്മാരം, സ്വഭാവ വ്യതിയാനം എന്നിവയ്ക്കു കാരണമാകാം.

പല പായ്ക്കറ്റ് ഭക്ഷണ പദാർഥങ്ങളിലും സോഡിയത്തിന്റെ അളവ് കൂടുതലായിരിക്കും, ഇത് പലപ്പോഴും നാം അറിയാറില്ല. 100 ഗ്രാം പായ്ക്കറ്റ് ന്യൂഡിൽസിൽ 1170 മില്ലി ഗ്രാം സോഡിയം അടങ്ങിയിട്ടുണ്ടാകും. എന്നാൽ, ഒരു മനുഷ്യന്റെ ശരീരത്തിൽ ഒരു ദിവസം അനുവദനീയം 2000 മില്ലി ഗ്രാം സോഡിയം മാത്രമാണ്. സോഡിയത്തിന്റെ അളവ് കൂടുന്നത് ഹൈപ്പർ ടെൻഷൻ, കിഡ്നി രോഗം, ഹൃദ്രോഗം എന്നിവ ഉള്ളവരെ പെട്ടെന്ന് ബാധിക്കും.

പഴവർഗങ്ങളും മറ്റും പഴുപ്പിക്കാൻ ഉപയോഗിക്കുന്ന കാൽസ്യം കാർബൈഡ് പോലുള്ളവയും വളരെ ഹാനികരമാണ്. ഭക്ഷണസാധനങ്ങൾക്കു നിറം ലഭിക്കുന്നതിന് സാഫ്‌റോൺ, ടർമറിക് തുടങ്ങിയ രാസപദാർഥങ്ങളും ബേക്കറി സാധനങ്ങൾക്കു മധുരം കൂട്ടുന്നതിനു സാക്കറിൻ, കേടുകൂടാതെ സൂക്ഷിക്കുന്നതിനു സോർബിക് ആസിഡ് തുടങ്ങിയവയുമാണു ചേർക്കുന്നത്.

ഇവയിൽ പലതിലും നൈട്രേറ്റുകളും അടങ്ങിയിട്ടുണ്ട്. നാളുകൾ കഴിയുമ്പോൾ ഇവ നൈട്രോ സമീൻ ആയി മാറും. ഇത് ആമാശയത്തിലും അന്നനാളത്തിലും കാൻസറിനു കാരണമാകും.

ഭക്ഷണസാധനങ്ങളിൽ ചേർക്കുന്ന സൾഫൈറ്റുകൾ ഭക്ഷണ അലർജിക്കും കാരണമാകാറുണ്ട്. രുചിയും മണവും വർധിപ്പിക്കുന്നതിനു ചേർക്കുന്ന മോണോ സോഡിയം ഗ്ലൂട്ടമേറ്റ് പോലുള്ള രാസവസ്‌തുക്കൾ ഒരു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഏറെ ദോഷകരമാണ്. ഇവ കുട്ടികളുടെ തലച്ചോറിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കും.

ഈയം

ഈയം ഭക്ഷണത്തിലൂടെ സ്ഥിരമായി അകത്തുചെല്ലുന്നത് വന്ധ്യതയ്ക്കു കാരണമാകും. കുട്ടികളിൽ പെരുമാറ്റ വൈകല്യം ഉണ്ടാക്കും. ഈയം പോലുള്ള ലോഹങ്ങൾ സ്ഥിരമായി ഭക്ഷണത്തിലൂടെ ഉള്ളിൽച്ചെല്ലുമ്പോൾ രണ്ടുതരത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാകുക. ഒന്ന് ശാരീരികവും രണ്ടാമത്തേത് മാനസികവും. മടി, അലസത, കാലിനു വേദന തുടങ്ങിയവയാണ് ലെഡ്, കാഡ്മിയം, മെർക്യുറി തുടങ്ങിയവ കൊണ്ടുണ്ടാകുന്ന ശാരീരിക പ്രശ്നങ്ങൾ. രക്തത്തിലെ പ്ലേറ്റ്ലറ്റിന്റെ അളവ് കുറയ്ക്കാനും കരൾ, കിഡ്നി തകരാറുകൾ ഉണ്ടാക്കാനും ഇടയാക്കും. ചിന്താശേഷി കുറയുക, മറവി, കുട്ടികളിൽ പല കാര്യങ്ങളോടുമുള്ള വിമുഖത, വ്യക്തിത്വ വികാസം ഇല്ലായ്മ തുടങ്ങിയവയൊക്കെയാണ് മാനസിക പ്രശ്നങ്ങൾ.

പഴകിയ മാംസത്തിനു മാർദവം കൂട്ടാൻ

മാംസവിഭവങ്ങളിലും പച്ചക്കറികളിലും രുചിയും മണവും നിറവും കൂട്ടാൻ ചേർക്കുന്ന രാസപദാർഥമാണ് മോണോ സോഡിയം ഗ്ലൂട്ടമേറ്റെങ്കിലും പഴകിയ മാംസപദാർഥങ്ങൾക്കു മാർദവം ഉണ്ടാക്കാനും ഇത് ഉപയോഗിക്കുന്നുണ്ട്. വെളുത്ത തരികളുടെ രൂപത്തിലുള്ള അജിനോമോട്ടോ ഗ്ലൂട്ടാമിക് ആസിഡിന്റെ സോഡിയം ലവണമാണ്.

മൽസ്യത്തിലും മായമുണ്ട്

കേരളത്തിൽ ലഭിക്കുന്ന കടൽ മൽസ്യം പൊതുവേ രാസമാലിന്യങ്ങളിൽനിന്നു മുക്‌തമാണ്. പ്രശ്‌നങ്ങൾ സംഭവിക്കുന്നതു മൽസ്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ നടത്തുന്ന പ്രക്രിയയിലാണ്. ഇതിനു വേണ്ടി മൽസ്യങ്ങളിൽ അമോണിയ പുരട്ടുന്നു. അമോണിയയുടെ അംശം കുടലിൽ കാൻസർ തുടങ്ങി പല ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കും. അതുകൊണ്ടു മൽസ്യങ്ങൾ വെള്ളത്തിൽ കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും ഇട്ടശേഷം പല പ്രാവശ്യം കഴുകിയശേഷമേ പാകം ചെയ്യാവൂ.

കോഴിയിറച്ചിയും പ്രശ്നം

chicken

കോഴിയെ അതിവേഗം വിൽപനയ്‌ക്കു പാകപ്പെടുത്താൻ സ്‌ത്രീഹോർമോണായ ഈസ്‌ട്രജനും ആന്റിബയോട്ടിക്കുകളും തീറ്റയിൽ കലർത്തി നൽകാറുണ്ട്. തുടകൾക്കും നെഞ്ചിനും വലുപ്പം വയ്‌പ്പിച്ചു തീൻമേശയിലെത്തിക്കുകയാണു ലക്ഷ്യം. കോഴിയിറച്ചി പതിവായി കഴിക്കുന്നവരിലേക്കും ഈസ്‌ട്രജൻ കടന്നുവരാം. ചില ആൺകുട്ടികൾ പെൺകുട്ടികളുടെ രൂപത്തിലും ഭാവത്തിലും അമിത വണ്ണത്തിലും വളരാനുള്ള ഒരു കാരണം ഇതാണെന്നു ഡോക്‌ടർമാർ പറയുന്നു. പുരുഷ ശരീരത്തിൽ ഈ സ്‌ത്രീ ഹോർമോൺ അമിതമായി എത്തുന്നതുമൂലം വന്ധ്യതയ്‌ക്കും മറ്റും കാരണമാകുന്നു.

ഈയം ഉണ്ടാക്കുന്ന മറ്റ് ആരോഗ്യ പ്രശ്നങ്ങൾ

ഈയം ചെറിയ അളവിൽ പോലും വിഷബാധയുണ്ടാക്കും. ഇത് ഉയർന്ന അളവിൽ ഉള്ളിൽച്ചെല്ലുന്ന് മരണത്തിനു വരെ കാരണമാകാം.

വളർച്ച ശോഷിക്കൽ, മസ്തിഷ്ക തകരാർ, പഠനവൈകല്യങ്ങൾ, അലസത, പെരുമാറ്റ വൈകല്യം, നാഡീ തകരാർ, സംസാര –കേൾവി പ്രശ്നങ്ങൾ, തലവേദന എന്നിവ ഉണ്ടാകാം.

വൃക്കകൾ തകരാറിലാകാം.

വിശപ്പില്ലായ്മ, വയറുവേദന, ശോധനക്കുറവ്, ക്ഷീണം, ഛർദി എന്നിവ ഉണ്ടാകാം.

അസ്ഥികളുടെയും പേശികളുടെയും വളർച്ചക്കുറവാണ് മറ്റൊരു പ്രശ്നം.

ഗർഭകാല രോഗങ്ങൾ, ഭ്രൂണ തകരാറുകൾ, ഗർഭം അലസൽ, വന്ധ്യത തുടങ്ങിവ സംഭവിക്കാം.

ഓർമക്കുറവ്, ശ്രദ്ധക്കുറവ് എന്നിവയുണ്ടാകാം.

അമിത രക്തസമ്മർദം ഉണ്ടാകാം.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. ആർ. ബിജയ്‌രാജ് ഫാമിലി ഫിസിഷ്യൻ, മിംസ് ഹോസ്‌പിറ്റൽ കോഴിക്കോട്

ഷെറിൻ തോമസ് _ചീഫ് മെഡിക്കൽ ന്യൂട്രീഷ്യനിസ്‌റ്റ് _ _മിംസ് ഹോസ്‌പിറ്റൽ കോഴിക്കോട് _

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.