Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്വാസംമുട്ടലിന് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

food-asthma

ആസ്മ പൂർണമായി മാറ്റുവനോ ഭേദമാക്കുവാനോ ഒരു പ്രതേ‍്യക ഭക്ഷണരീതികൊണ്ടു സാധിക്കുകയില്ല. പക്ഷേ, ചില ഭക്ഷണങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതു വഴി ആസ്മ കൂടുതൽ കടുക്കാതിരിക്കാനും അടിക്കടി ശ്വാസംമുട്ടലും മറ്റ് അസ്വസ്ഥതകളും വരുന്നത് തടയുവാനും സാധിക്കും.

തൂക്കം കുറയ്ക്കാം, വെയിൽ കായാം

ദിവസേന ഭക്ഷണത്തിൽ വൈറ്റമിൻ സി, വൈറ്റമിൻ ഇ, ബീറ്റാ കരോട്ടിൻ, മഗ്നീഷ്യം, സെലിനിയം, ഒമേഗ–3, കൊഴുപ്പുകൾ (fatty acid) അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. ആപ്പിൾ, മധുരക്കിഴങ്ങ്, ഇഞ്ചി, അവക്കാഡോ, കിവിപ്പഴം, മധുരനാരങ്ങ, മഞ്ഞൾ, തക്കാളി, കാരറ്റ് മുതലായവയെല്ലാം ദിവസേന ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ആസ്മ രോഗികൾക്കു നല്ലതാണ്. വൈറ്റമിൻ ഡി അടങ്ങിയ ഭക്ഷണങ്ങളായ മത്സ്യം, പാൽ, മുട്ട മുതലായവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതും ദിവസേന കുറച്ചു സമയം വെയിൽ കായുന്നതും ആസ്മ രോഗികൾക്ക് നല്ലാതണ്.

അമിതവണ്ണം ആസ്മ കൂട്ടും. അമിതവണ്ണമുള്ള ആസ്മ രോഗികൾ തൂക്കം കുറയ്ക്കാനായി ശ്രമിക്കുക. നല്ല ഭക്ഷണരീതി കൗമാരത്ത‍ിൽ പാലിക്കുന്നത‍ു ഭാവ‍ിയിൽ ആസ്മ വരാനുള്ള സാധ്യത കുറയ്ക്കും.

കുറഞ്ഞ അളവിൽ കട്ടൻകാപ്പി കുടിക്കുന്നതു ശ്വാസംമുട്ടൽ കുറയ്ക്കാൻ സഹായിക്കും. കട്ടൻകാപ്പിയിലെ കഫീൻ ഒരു ബ്രോങ്കോഡൈലേറ്റർ ആണ്. ചെറുചണവിത്തിൽ (ഫ്ളാക്സ്‍സീഡ്) ഒമേഗ 3 കൊഴുപ്പും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇവയും ആഹാരത്തിൽ ഉൾപ്പെടുത്തുന്നതു ശ്വാസംമുട്ടൽ കുറയ്ക്കാൻ സഹായിക്കും. പുതിനയില ആഹാരത്തിൽ ഉൾപ്പെടുത്തുന്നതും ശ്വാസംമുട്ടലും അസ്വസ്ഥതകളും കുറയ്ക്കുവാനായി സഹായിക്കും. പ‍ിരിഡോക്സിൻ അഥാവാ വൈറ്റമിൻ ബി6 അടങ്ങിയ ഭക്ഷണങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുക. ഏത്തപ്പഴം വൈറ്റമിൻ ബി6–ന്റെ നല്ല ഒരു സ്രോതസ്സാണ്.

വെളുത്തുള്ളി വേവിക്കാതെ കഴിക്കുന്നത് ആസ്മയുടെ ലക്ഷണങ്ങളെ നിയന്ത്രിക്കുമെന്നു പറയുന്നു. മൂന്നോ നാലോ ചുള വെളുത്തുള്ളി ചെറുതായി അരിഞ്ഞ് പച്ചവെള്ളത്തിലിട്ട് ഞെരടി കഴിക്കുന്നത് ഗുണകരമായിരിക്കും.

ഉപ്പു കുറയ്ക്കാം

ഉപ്പ് കൂടുതൽ കഴിക്കുന്നതു ശ്വാസകോശത്തിലെ നീരും പിരിമുറുക്കവും കൂട്ടും. തന്മൂലം ഭക്ഷണത്തിൽ ഉപ്പിന്റെ ‌ഉപയോഗം കുറയ്ക്കേണ്ടതാണ്. പുറമെ നിന്നു കഴിക്കുന്ന സംസ്കരിച്ച ഭക്ഷണങ്ങളിൽ നിന്നാണു കൂടുതൽ ഉപ്പ് ശരീരത്തിലെത്തുന്നത്. പുറമെനിന്നു ലഭിക്കുന്ന ഉരുളക്കിഴങ്ങ് ചിപ്സിലും മറ്റു വറപൊരി ഭക്ഷണങ്ങളിലും ഉപ്പിന്റെ അളവ് വളരെ കൂടുതലാണ്.

ഉണക്ക പഴങ്ങളും എണ്ണയിൽ വറുത്തതും വേണ്ട

സൾഫേറ്റുകൾ പ്രിസർവേറ്റീവുകൾ ആണ്. ഉണക്കിയ പഴങ്ങൾ, അച്ചാർ ശീതീകരിച്ച ചെമ്മീൻ, കടകളിൽ ലഭിക്കുന്ന വൈൻ ഇവയിലെല്ലാം സൾഫേറ്റുകൾ ഉണ്ട്. ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഇവ നല്ലതല്ല.

അലർജി ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതാണ്. സാധാരണ അലർജിയുണ്ടാക്കുന്ന ഭക്ഷണവിഭവങ്ങൾ പശുവിൻ പാൽ, ഗോതമ്പ്, മുട്ട, ചെമ്മീനും കൊഞ്ചും പോലെ തോടുള്ള മത്സ്യങ്ങൾ, നിലക്കടല, സോയാബിൻ, കടൽവിഭവങ്ങൾ എന്നിവയാണ്. രണ്ടു വയസ്സിൽ താഴെയുള്ള 50 ശതമാനം കുട്ടികളിലും പാൽ അലർജി മൂലമുള്ള ആസ്മ കണ്ടുവരുന്നുണ്ട്. പലപ്പോഴും ഭക്ഷണത്ത‍േക്കാളുപരി അതിൽ ചേർത്തിരിക്കുന്ന കൃത്രിമ നിറങ്ങളും കേടാകാതിരിക്കാനുള്ള രാസപദാർഥങ്ങളുമാണ് അലർജിയുണ്ടാക്കാറ്. ഏതെങ്കിലും ഭക്ഷണം കഴിച്ചതിനെ തുടർന്ന് ശരീരമാസകാലം ചൊറിഞ്ഞുതടിക്കലും ശ്വാസമെടുക്കാൻ പ്രയാസവും അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഭക്ഷണ അലർജിയാകാം. ഇങ്ങനെ പ്രശ്നമുണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കണം. എന്നാൽ കുട്ടികളിൽ പാൽ അലർജിയുണ്ടാക്കിയാൽ അത് നിർത്തുന്നത് ഒരു ഡോക്ടറോടു കൂടി ചോദിച്ചതിനുശേഷം മതി.

മണിക്കൂറുകളോളം എണ്ണയിൽ ഇട്ടുവറുക്കുന്ന ഭക്ഷണങ്ങളും പ്രത്യേകിച്ച് ഒമേഗ 6 ഫാറ്റി ആസിഡുകൾ കൂടുതൽ അടങ്ങിയ സസ്യ എണ്ണകളിൽ പാകം ചെയ്തതോ വറുത്തെടുത്തതോ ആയ ഭക്ഷണങ്ങളും ആസ്മ രോഗികൾ ഒഴിവാക്കേണ്ടതാണ്. പ്രിസർവേറ്റീ‌വുകൾ അടങ്ങിയ ശീതാളപാനീയങ്ങൾ, സോഡാ, ചിപ്സ്, മിഠായികൾ‌, ഇൻസ്റ്റന്റ് സൂപ്പ് എന്നിവ പാടില്ല.

പ്രതിരോധത്തിന് നിറമുള്ള പഴങ്ങൾ

കരോട്ടിനോയിഡ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുക. ബീറ്റാകരോട്ടിൻ അടങ്ങിയ മഞ്ഞയും ഒാറഞ്ചും നിറമുള്ള പഴങ്ങളും പച്ചക്കറികളും ലൈക്കോപ്പീൻ അടങ്ങിയ തക്കാളി, തണ്ണിമത്തൻ, ചുവന്ന നിറം ഉള്ള പേരയ്ക്കയും നല്ലതാണ്. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്ന കുട്ടികളിൽ അല്ലാത്ത കുട്ടികളെ അപേക്ഷിച്ച് ആസ്മ പ്രശ്നങ്ങൾ കുറവാണെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. പഴങ്ങളും പച്ചക്കറികളും നൽകുന്ന പ്രതിരോധശേഷിയാണ് ആസ്മയെ ചെറുക്കാൻ സഹായിക്കുന്നത്. ഒമേഗ 3 കൊഴുപ്പ് അടങ്ങിയ വാൽ നട്ട്, സോയാബീൻ, ഫ്ളാക്സ് സീഡ്, മത്സ്യം ഇവ ആഹാരത്തിൽ ഉൾപ്പെടുത്തുക.

Disease info ആസ്മ

ശ്വാസകോശനാളികളുടെ ചുരുക്കമോ നീർവീക്കമോ മൂലം ശ്വാസം കിട്ടാതെ വരുന്ന അവസ്ഥയാണ് ആസ്മ. ആസ്മയ്ക്ക് കാരണമാകുന്നത് പലപ്പോഴും എന്തിനോടെങ്കിലുമുള്ള അലർജിയാണ്. വലിവ്, കിതപ്പ്, വരണ്ട ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

ചിലരിൽ ആസ്മ വരുമ്പോൾ മ‍ിതമായ വിയർപ്പുണ്ടാകും. പൊടി, രാസമലിനീകാരികൾ, പൂമ്പൊടി, തണുപ്പ് എന്നിവയാണ് പ്രധാന അലർജനുകൾ. ഇവ ശരീരത്തിലെത്തുമ്പോൾ ശരീരം അവയ്ക്കെതിരെ ഹിസ്റ്റമിൻ പോലുള്ള രാസവസ്തുക്കൾ ഉത്പാദിപ്പിക്കും. ഇവ ശ്വാസനാളത്തെ ബാധിച്ചാണ് ആസ്മയുണ്ടാകുന്നത്.

Best foodആപ്പിൾ

അമേരിക്കൻ ജേണൽ ഒാഫ് റെസ്പിറേറ്ററി ക്രിട്ടിക്കൽ കെയറിൽ പ്രസിദ്ധ‍ീ‍കരിച്ച പഠനം പറയുന്നത് ആഴ്ചയിൽ രണ്ട് ആപ്പിളെങ്കിലും കഴിക്കുന്നവരിൽ ആസ്മ സാധ്യത മൂന്നിരട്ടിയായി കുറയുന്നുവെന്നാണ്. ഗർഭസമയത്ത് ആപ്പിൾ കഴിച്ച അമ്മമാരുടെ കുട്ടികൾക്ക് ആദ്യ അഞ്ചുവർഷം ആസ്മ വരാനുള്ള സാധ്യതയും കുറയുന്നു. 100ഗ്രാം അപ്പിളിൽ അത്രതന്നെ ഒാറഞ്ചിലുള്ളതിന്റെ മൂന്നിരട്ടിയും ഏത്തപ്പഴത്തിലുള്ളതിന്റെ എട്ടിരട്ടിയും ആന്റിഒാക്സിഡന്റുകളുണ്ട്. ഇതാണ് ആസ്മ കുറയ്ക്കുന്നത്. തൊലിയോടെ കഴിക്കുന്നത‍് കൂടുതൽ നല്ലത്.

മിനി മേരി പ്രകാശ്
ചീഫ് ക്ലിനിക്കൽ ഡയറ്റീഷൻ
പിആർഎസ് ഹോസ്പിറ്റൽ, തിരുവനന്തപുരം

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.