Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞിനു കുറുക്കു നൽകുമ്പോൾ...

x-default

കുഞ്ഞിന്റെ ആഹാരരീതികൾ വളരെ പ്രധാനമാണ്. അതു വളര്‍ച്ചയെയും ബുദ്ധിവികാസത്തെയും ഉന്മേഷം, പ്രസരിപ്പ് എന്നിവയെയും നിയന്ത്രിക്കുന്നു. ഇതിന് ഉപരിയായി കുഞ്ഞിന്റെ പ്രതിരോധശേഷിയേയും ഭാവി ആരോഗ്യത്തെയും നിയന്ത്രിക്കുന്നു എന്നതാണ് പുത്തൻ തിരിച്ചറിവ്. ഇതിനെ ‘Early Nutrition Programming’ എന്നു പറയുന്നു.

ജനനത്തിനു മുമ്പു മുതലുള്ള പോഷണം ദൂരവ്യാപകമായ സ്വാധീനമാണ് നമ്മുടെ ശരീരത്തിൽ ഉളവാക്കുന്നത്. നമ്മുടെ ജനിതകപ്രക്രിയയുടെ താക്കോൽ തന്നെ ചില പോഷകഘടകങ്ങളുടെ നിയന്ത്രണത്തിലാണ് എന്ന അറിവും പുതിയതാണ്. ഇതിനെ എപ്പിജെനറ്റിക് ഇഫക്ട്സ് (Epigenetic Effects) എന്നു പറയുന്നു. ഒരു കുഞ്ഞിന്റെ ആദ്യത്തെ 1000 ദിവസങ്ങളിലാണ് ഇത്തരം സ്വാധീനങ്ങൾ പ്രവർത്തിക്കുന്നത്. കുഞ്ഞിന്റെ ആദ്യ ആയിരം ദിനങ്ങൾ എന്നു പറയുന്നത് ഗർഭാവസ്ഥയിലുള്ള ഒമ്പതു മാസവും (270 ദിവസം) ചേർന്നുള്ള കാലയളവാണ്.

അമ്മയാകാൻ തയാറെടുക്കുന്ന പെൺകുട്ടിയുടെ ആരോഗ്യവും പോഷണവും ആദ്യ 270 ദിവസത്തെ സ്വാധീനിക്കുന്നു. ജനിക്കുമ്പോൾ കുഞ്ഞിനു മൂന്നു കി. ഗ്രാം തൂക്കവും 50 സെ. മീറ്റർ നീളവുമാണ് അഭികാമ്യം, ആവശ്യത്തിന് കാത്സ്യം, ഫോസ്ഫറസ്, അയൺ, വൈറ്റമിനുകൾ തുടങ്ങിയ സൂക്ഷ്മപോഷകങ്ങളും ശരീരത്തിൽ ഉണ്ടാകണം.

ആദ്യമണിക്കൂറിലെ ജീവാമൃതം

ജനിച്ച ഉടൻ, ഒരു മണിക്കൂറിനുള്ളിൽ മുലയൂട്ടൽ തുടങ്ങണം. ഇതു കുഞ്ഞിന്റെ ജന്മാവകാശമാണ്. ജീവനുള്ള അമൃതാണ്. പ്രതിരോധശേഷിയുടെ കലവറയാണ്. മുലയൂട്ടുമ്പോൾ അമ്മ നൽകുന്ന സ്നേഹവും തലോടലും കൂടിയാകുമ്പോൾ കുഞ്ഞിന്റെ ശരീരവളർച്ചയ്ക്കൊപ്പം, ബുദ്ധിവികാസത്തിനും വൈകാരിക കെട്ടുറപ്പിനും സഹായകമാകുന്നു. ആറാമത്തെ ആഴ്ച ആദ്യ ചെക്കപ്പിനു പേകുമ്പോൾ കുഞ്ഞിന് ഒരു കിലോഗ്രാമെങ്കിലും തൂക്കം കൂടണം. ആറു മാസം വരെ കുഞ്ഞിനു മുലപ്പാൽ മാത്രം മതി. അങ്ങനെ നൽകുമ്പോൾ മൂന്നാമത്തെ കുത്തിവയ്പിനു കൊണ്ടുപോകുമ്പോൾ കുഞ്ഞിന്റെ തൂക്കം ആദ്യത്തെ മൂന്നു കി. ഗ്രാമിൽ നിന്നും ഇരട്ടിയായി 6 കി. ഗ്രാം ആകണം.

ജനിച്ചപ്പോൾ തൂക്കക്കുറവുള്ള കുഞ്ഞുങ്ങളും മറ്റുള്ളവരോടൊപ്പം എത്തണം. അവർ അതിന് അൽപം കൂടി സമയമെടുത്താൽപോലും. മുലപ്പാൽ നൽകുമ്പോൾ കുഞ്ഞിന്റെ ആവശ്യാനുസരണം (Demand Feeding) നൽകുന്നതാണ് നല്ലത്. 15–20 മിനറ്റോളം മുലയൂട്ടുകയും ഊറിയ മുലപ്പാൽ മുഴുവൻ കുഞ്ഞു കുടിച്ചുവെന്ന് ഉറപ്പാക്കുകയും വേണം. ആദ്യഘട്ടത്തിൽ ലഭിക്കുന്ന പാൽ കട്ടി കുറഞ്ഞതാ
ണ്, ദാഹം മാറാനേ ഉപകരിക്കൂ, മുലയൂട്ടലിന്റെ അവസാന ഘട്ടത്തിൽ മാത്രം ലഭിക്കുന്ന ഹിൻഡ് മിൽക്ക് (Hind Milk) കട്ടിയായാൽ മാത്രമേ കുഞ്ഞിന് ആവശ്യത്തിന് പോഷണവും ബുദ്ധിവികാസവും നടക്കുകയുള്ളു.

അമ്മ ആവശ്യത്തിന് പോഷകാഹാരം കഴിക്കുകയും 10–12 ഗ്ലാസ് വെള്ളം കുടിക്കുകയും സന്തോഷവതിയായി ഇരിക്കുകയും ചെയ്യണം. മുലപ്പാൽ രണ്ടു വയസ്സുവരെ നൽകുന്നതാണ് നല്ലത്.

ആറു മാസമാകുമ്പോൾ കുഞ്ഞിനു കട്ടിയാഹാരം കഴിക്കുവാൻ പരിശീലിപ്പിക്കണം. സ്പൂൺ ചരിഞ്ഞാൽ പോലും ഒഴുകിപ്പോകാത്ത രീതിയിലുള്ള കട്ടിയായ കുറുക്കാണ് നൽകേണ്ടത്. കുറുക്ക് പാൽക്കുപ്പിയിലാക്കി നൽകരുത്. കുഞ്ഞു ഭാവിയിൽ കട്ടിയാഹാരം കഴിക്കാതെ വരികയും ഗുരുതര പോഷണക്കുറവിന് അടിമയാകുകയും ചെയ്യും.

ആദ്യമായി ധാന്യങ്ങൾ, കൂവരക്, അരി, ഗോതമ്പ് എന്നിവ നൽകാം. ശേഷം ക്രമേണ രണ്ടു ഭാഗം ധാന്യത്തിന് ഒരു ഭാഗം പയറുവർഗം, (ചെറുപയർ, ഉഴുന്ന്, സോയബീന്‍, കടല) എന്നിവ ചേർത്ത് നൽകണം വീട്ടിലുള്ള കഞ്ഞിയും പയറും ദോശ, ഇഡ്ഡലി എന്നിവ കടലയോടൊപ്പം പരിശീലിപ്പിക്കാം. ഈ സമയം കൈവച്ച് ഉടച്ച പഴവർഗങ്ങൾ, പുഴുങ്ങിയ ഉരുളക്കിഴങ്ങ്, കിഴങ്ങുവർഗങ്ങൾ, ഏത്തപ്പഴം എന്നിവയും നൽകാം.

കുറുക്കു നൽകുമ്പോൾ

പുതിയ ആഹാരപദാർഥങ്ങള്‍ രാവിലെ നൽകി തുടങ്ങണം. പരിചയിച്ചവ വൈകുന്നേരത്തേക്കു മാറ്റാം. കരച്ചിൽ, വയറിളക്കം, ഛർദി, വയറെരിച്ചിൽ, ദഹനക്കേട് ഇവ വല്ലതും ഉണ്ടെങ്കിൽ രാത്രിയാകുന്നതിനുമുമ്പ് അറിയാൻ സാധിക്കാനാണിത്. ഒമ്പതു മാസം ആകുമ്പോൾ മുട്ടയുടെ മഞ്ഞ, നേർമമായ മീൻ, ഇറച്ചി എന്നിവ ക്രമേണ നൽകാം. മുട്ടയുടെ മഞ്ഞ ദഹിക്കുന്നുണ്ടെങ്കിൽ പിന്നീട് വെള്ളയും നൽകാം. കുഞ്ഞിനു ഗുണനിലവാരമുള്ള പ്രോട്ടീൻ ലഭിച്ചാൽ മാത്രമേ ശരിരവളർച്ച വരികയുള്ളു,

അന്നജം മാത്രം അടങ്ങിയ കൂവരക്, ഏത്തയ്ക്കാപ്പൊടി, കഞ്ഞി എന്നിവ നൽകിയാൽ ഊർജം മാത്രമേ ലഭിക്കുകയുള്ളൂ. സൂക്ഷ്മപോഷണങ്ങൾ (Micro Nutrients) ഉറപ്പു വരുത്താൻ പഴവർഗങ്ങളും ഇലക്കറികളും നൽകണം കരിപ്പട്ടി. ഈന്തപ്പഴം എന്നിവയിൽ ഇരുമ്പംശം ധാരാളമുണ്ട്. ഒമ്പത് മാസം പൂർത്തിയാകുമ്പോൾ കുഞ്ഞിനു തൂക്കം മൂന്നിരട്ടിയായി 9 കി. ഗ്രാം ആകണം.

ഒരു വയസ്സാകുമ്പോൾ കുഞ്ഞിനു 10 കി. ഗ്രാം തൂക്കവും 75 സെ മീറ്റർ നീളവുമാണ് അഭികാമ്യം. വീട്ടിലുള്ള ആഹാരമെല്ലാം അതേപടി, മിക്സിയിൽ അടിച്ചു നേർപ്പിക്കാതെ കഴിക്കുവാനും സാധിക്കണം. ഇതിനു ഫാമിലി പോട്ട് ഫീഡിങ് എന്നു പറയും. ഒപ്പം മുലപ്പാലും നൽകണം. തൂക്കക്കുറവുള്ള കുഞ്ഞുങ്ങളിലാണു ബുദ്ധിമാന്ദ്യവും രോഗങ്ങളും ഭാവിയിൽ കൂടുതൽ കാണുന്നത്.

ഡോ. കെ. ഇ. എലസബത്ത്
പ്രഫസർ & എച്ച്ഒഡി
ശിശുരോഗവിഭാഗം, മെഡി. കോളജ്, തിരുവനന്തപുരം