Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്താതിമർദം കുറയ്ക്കാൻ ബീറ്റ്റൂട്ടും ഇന്തുപ്പും

beetroot

ഡോക്ടർ പറഞ്ഞ മരുന്നെല്ലാം കഴിച്ചിട്ടും ബിപി കുറയുന്നില്ലല്ലോ? പലപ്പോഴും കേൾക്കാറുള്ള ഒരു പരാതിയാണിത്. മറ്റെല്ലാ ജീവിതശൈലീരോഗങ്ങളേയും പോലെ രക്തസമ്മർദം കുറയണമെങ്കിലും മരുന്നുമാത്രം പോര, ഒപ്പം ഭക്ഷണക്രമീകരണവും കൃത്യമായ വ്യായാമവും വേണം. നമ്മുടെ അടുക്കളകൾ വെറും ഷോ കിച്ചണുകളായി പരിണമിക്കുകയും ഈറ്റിങ് ഒൗട്ട് സംസ്കാരം വ്യാപകമാവുകയും ചെയ്തപ്പോൾ ഉപ്പിന്റെയും കൊഴുപ്പിന്റെയുമൊക്കെ ഉപയോഗം വർധിച്ചു. റെഡി ടു ഈറ്റ് വിഭവത്തിൽ രുചി കൂട്ടാനും കേടുകൂടാതിരിക്കാനും ചേർക്കുന്ന പലതരം രാസപദാർഥങ്ങൾ രക്തസമ്മർദം കൂട്ടിയെന്നു വരാം. ഭക്ഷണകാര്യത്തിൽ അൽപം ശ്രദ്ധിച്ചാൽതന്നെ രക്തസമ്മർദം നിയന്ത്രിച്ചു നിർത്താനും പ്രതിരോധിക്കാനുമാകും എന്നതിൽ തർക്കമില്ല.

∙ നാരുകൾ കഴിക്കാം– ഉയർന്ന രക്തസമ്മർദമുള്ളവർക്കും രക്തസമ്മർദം വരരുത് എന്നാഗ്രഹിക്കുന്നവർക്കും ഒരേപോലെ ഗുണകരമാണ് പഴങ്ങളും പച്ചക്കറികളും. രക്താതിമർദം നിയന്ത്രിക്കാൻ സഹായിക്കുന്ന നാരുകൾ പഴവർഗങ്ങളിലും പച്ചക്കറിയിനങ്ങളിലും ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രതിദിനം 40 ഗ്രാം ഭക്ഷ്യനാരുകൾ ആഹാരത്തിലൂടെ ലഭിക്കണം. ഇവയിലെ ആന്റി ഒാക്സിഡന്റുകളും ജീവകങ്ങളായ എ,സി,ഇ തുടങ്ങിയവയും ധമനീരോഗങ്ങളെ പ്രതിരോധിക്കാനും ബി.പി.നിയന്ത്രിക്കാനും സഹായിക്കുന്നു.

നാരക വർഗത്തിൽ പെട്ട പഴങ്ങൾ, പൈനാപ്പി‌ൾ, പപ്പായ, വെള്ളരി, തക്കാളി, കാരറ്റ്, പയറുവർഗങ്ങൾ എന്നിവയിൽ ഫ്ളവനോയിഡുകൾ ധാരാളമുണ്ട്. ശ്വാസകോശത്തിലും തലച്ചോറിലും വൃക്കയിലുമൊക്കെ കാണപ്പെടുന്ന ആൻജിയോ ടെൻസിൻ കൺവെർട്ടിങ് എൻസൈം രക്തസമ്മർദം ഉയർത്തുന്ന ഘടകമാണ്. ഇവയുടെ പ്രവർത്തനത്തെ തടയുന്ന ഫൈറ്റോകെമിക്കലുകളാണ് ഫ്ളവനോയിഡുകൾ.

ബീറ്റ്റൂട്ടും ഒാട്സും

∙ ബീറ്റ്റൂട്ട്– 2015–ൽ നടന്ന ഒരു ബ്രിട്ടീഷ് പഠനത്തിൽ ദിവസവും ബീറ്റ്റൂട്ട് ജ്യ‍ൂസ് കഴിച്ച രക്തതിമർദ രോഗികളിൽ പ്രകടമായ രീതിയിൽ രക്തസമ്മർദത്തിൽ കുറവു വന്നതായി കണ്ടു. ഇവയിലെ നാരുകളുടെയും ബീറ്റാ കരോട്ട‍ിൻ പോല‍‍ുള്ള ആന്റി ഒാക്സിഡന്റുകളുടെയും സാന്നിധ്യമാണ് രക്തസമ്മർദത്തിൽ സ്വാധീനം ചെലുത്തുന്നത്.

∙ ഒാട്സ്, മുഴു ഗോതമ്പ്– തവിടുനീക്കാത്ത ധാന്യങ്ങൾ പതിവായി ഭക്ഷണത്തിലുൾപ്പെടുകയും മൈദയുൾപ്പടെ സംസ്കരിച്ച ധാന്യങ്ങള‍ുടെ ഉപയോഗം കുറയ്ക്കുകയും ചെയ്തവരിൽ രക്താതിമർദത്തിൽ 20 ശതമാനത്തോളം കുറവു വന്നതായി ഒരു ഹാർവാർഡ് പഠനം പറയുന്നു. തവിട‍ു കളയാത്ത പുഴുക്കലരി, അവിൽ, റാഗി എന്നിവയും നന്നായി ഉപയോഗിക്കാം. രക്താതിമർദമുള്ളവർക്ക് ഇടനേരങ്ങളിൽ (സ്നാക്ക്) കഴിക്കാവുന്ന വിഭവമാണ് ഒാട്സ്.

∙ ഫ്ളാക്സ് സീഡ്– 2015–ൽ നടന്ന കനേഡിയിൽ പഠനത്തിൽ ദിവസവും മൂന്നു ടേബിൾസ്പൂൺ വീതം ഫ്ളാക്സ് സീഡ് കഴിച്ചവരിൽ സിസ്റ്റോളിക് രക്തസമ്മർദം 15 മി.മീറ്ററോളം കുറഞ്ഞതായി കണ്ടു.

രക്തസമ്മർദം സംബന്ധിച്ചു നടന്ന ഗവേഷണങ്ങളിൽ ലഭിച്ച ഏറ്റവും ശക്തിമത്തായ പഠനമാണിതെന്ന് കരുതപ്പെടുന്നു.

ഉപ്പ് മിതമാക്കണം

പ്രമേഹവും പഞ്ചസാരയും പോലെ ഏവർക്കുമറിയാവുന്ന ബന്ധമാണ് ഉപ്പും ബിപിയും തമ്മിലുള്ളത്. സാധാരണ ആരോഗ്യമ‍ുള്ള ഒരാൾക്ക് പ്രതിദിനം ആറു മുതൽ എട്ടു ഗ്രാം വരെ (ഒരു ടീസ്പൂൺ) ഉപ്പ് ദിവസേന ഉപയോഗിക്ക‍ാം. എന്നാൽ ബിപി ഉയർന്നു നിൽക്കുന്നവർ ദിവസം രണ്ടു ഗ്രാം (കാൽ ടീസ്പൂൺ) ഉപ്പു മാത്രമേ ഉപയോഗിക്കാവൂ. ചെറിയ തോതിലുള്ള സോഡിയത്തിന്റെ നിയന്ത്രണം പോലും രക്തസമ്മർദം 6 മുതൽ 10 മി.മീ മെർക്കുറി വരെ കുറയ്ക്കും .

ഉപ്പു കുറയ്ക്കാനായി ചോറിലും കഞ്ഞിയിലുമൊക്കെ ഉപ്പൊഴിച്ചു കഴിക്കുന്ന ശീലം മാത്രം ഉപേക്ഷിച്ചാൽ പോരാ. മറിച്ച് സോഡിയം ധാര‍ാളമ‍ുള്ള പപ്പടം, അച്ചാറിനങ്ങൾ, ഉണക്കമീൻ, സോസുകൾ, ചൈനീസ് ഭക്ഷണം എന്നിവയും ഒഴിവാക്കണം.

∙ ഡാഷ് ഡയറ്റ്– രക്താതിമർദം കുറയ്ക്കാനായി ആഗോളവ്യാപകമായി അംഗീകരിക്കപ്പെട്ട മാതൃകാഭക്ഷണക്രമമാണ് ഡാഷ് ഡയറ്റ്. പച്ചക്കറികൾ, പഴങ്ങൾ, കൊഴ‍ുപ്പുകുറഞ്ഞ പാൽ ഉൽപന്നങ്ങൾ, തവിടു കളയാത്ത ധാന്യങ്ങൾ, മീൻ, കോഴ‍ിയുടെയും താറാവിന്റെയും ഇറച്ചി, അണ്ടിപ്പരിപ്പ് ഇവയാണ് ഡാഷ് ഡയറ്റിൽ നിർദേശിക്കപ്പെട്ട വിഭവങ്ങൾ. എട്ട് ആഴ്ചകളോളം ആരോഗ്യകരമായ ഈ ഭക്ഷണരീതി സ്വീകരിച്ചാൽ തന്നെ രക്തസമ്മർദം ഫലപ്രദമായി കുറയുമെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. ഡാഷ് ഡയറ്റിനൊപ്പം ഉപ്പുപയോഗം കുറയ്ക്കുക കൂടി ചെയ്താൽ കൂടുതൽ ഫലം കിട്ടും.

ഒഴിവാക്കേണ്ടത്

∙ കഫീൻ കൂടുതലായുള്ള കാപ്പി, കോള, തുടങ്ങിയ പാനീയങ്ങൾ രക്തസമ്മർദം ഉയർത്തും.

∙ വറുത്ത പലഹാരങ്ങളും ചിപ്സും ബേക്കറി സാധനങ്ങളും ഒഴിവാക്കാം. ബേക്കറി സാധനങ്ങളിൽ ഡോഡിയം ബൈ കാർബണേറ്റ് (ബേക്കിങ് പൗഡർ) ചേർക്കാറുണ്ട്. ഇത് സോഡിയം അളവു കൂട്ടും.

∙ ചൈനീസ് ഭക്ഷണത്തിൽ രുചികൂട്ടാൻ ചേർക്കുന്ന മോണോസോഡിയം ഗ്ലൂട്ടാമേറ്റ് (അജിനോമോട്ടോ) സോഡിയത്തിന്റെ അളവു കൂട്ടും.

∙ മൈദ ചേർന്ന ഭക്ഷണം നാരുകൾ കുറഞ്ഞതായതിനാൽ ഒഴിവാക്കാം. ഉണക്കമീനും ഉപ്പു ചേർത്തു വറുത്ത അണ്ടിപ്പരിപ്പും വേണ്ട. ചുവന്ന മാംസം, മുട്ടയുടെ മഞ്ഞക്കുരു എന്നിവയിൽ പൂരിതകൊഴുപ്പ് ധാരാളമുണ്ട്, ഒഴിവാക്കുക.

∙ തോടുള്ള മത്സ്യങ്ങളായ ചെമ്മ‍ീൻ, കക്കായിറച്ചി എന്നിവയും ബിപി കൂടുതലുള്ളവർക്ക് നല്ലതല്ല.

Disease info ഉയർന്ന ബിപി

രക്തസമ്മർദം ഉയരുന്നതിന് വിവിധ കാരണങ്ങളുണ്ട്. പ്രധാനമായും അമിത ഉപ്പ്, കൊഴുപ്പ് പോലുള്ള കാരണങ്ങളാൽ രക്തധമനികളുടെ വ്യാസം കുറയ‍ുന്നതു മൂലം രക്തം ഒഴുക്കിന് തടസ്സം നേരിടുമ്പോൾ അത് ധമന‍ീഭിത്തികളിലേൽപിക്കുന്ന മർദം കൂടുന്നു. ഇതു രക്തസമ്മർദം ഉയർത്തു‍ം. 120/80 ആണ് സാധാരണ രക്തസമ്മർദ നിരക്ക്. അതിലും കൂടുന്നത് ഹൃദയാഘാതം, സ്ട്രോക്ക് പോലുള്ള ഗുരുതരപ്രശ്നങ്ങൾക്ക് ഇടയാക്കും. മാനസികപിരിമുറുക്കം, പാരമ്പര്യം എന്നിങ്ങനെ മറ്റു നിരവധി കാരണങ്ങളാൽ
ബിപി ഉയരാം.

Best food ഇന്തുപ്പ്

ഇന്തുപ്പിൽ സോഡിയം ക്ലേ‍ാറൈഡിനു പകരം പൊട്ടാസ്യം ക്ലോറൈഡാണുള്ളത്. അതു കൊണ്ട് ബിപി കൂടുതലുള്ളവർക്കും മിതമ‍ായ അളവിൽ‍ ഇന്തുപ്പ് ഉപയോഗിക്കാം. ഇന്തുപ്പ് ഉപയോഗിക്കുന്നതിനു മുമ്പ് വൃക്കതകരാറുകളൊന്നുമില്ലന്ന് ഉറപ്പാക്കണം. അതുപോലെ രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് കൂട്ടുന്ന ചില മരുന്നകളുടെ ഉപയോഗവും ഒഴിവാക്കണം. ഡോക്ടറുടെ നിർദേശാനുസരണം ഇന്തുപ്പ് ഉപയോഗിച്ചു തുടങ്ങുന്നതാണ് നല്ലത്.

ഡോ.ബി. പത്മകുമാർ
പ്രഫസർ മെഡിസിൻ വിഭാഗം മെഡി. കോളജ് തിരുവനന്തപുരം