Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്താതിമർദം കുറയ്ക്കാൻ കഴിക്കേണ്ടത്

bloodpressure-food Image Courtesy : The Week Smartlife Magazine

കുട്ടിക്കാലം മുതലുള്ള ഭക്ഷണരീതി, കൗമാരത്തിലെ ജീവിതശൈലി, വേണ്ടതിനും വേണ്ടാത്തതിനുമുള്ള മാനസിക പിരിമുറുക്കം എന്നിവയൊക്കെ രക്താതിമർദത്തിലേക്കു നയിക്കുന്നു. പുറമേയ്ക്കു കാര്യമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത ഈ അസുഖം പലപ്പോഴും സ്ട്രോക്, കാഴ്ചക്കുറവ് തുടങ്ങിയ ഗുരുതരമായ രോഗങ്ങളുണ്ടാക്കാം.

രക്താതിമർദം നിയന്ത്രിക്കാൻ മരുന്നുകളോടൊപ്പം ആഹാര കാര്യത്തിലും ശ്രദ്ധ പുലർത്തണമെന്ന് ആധുനിക വൈദ്യശാസ്ത്രം തിരിച്ചറിഞ്ഞു കഴിഞ്ഞു. നിത്യജീവിതത്തിലെ പല ഭക്ഷണവിഭവങ്ങളും മരുന്നിന്റെ ഗുണം ചെയ്യുമെന്നാണു പുതിയ ഗവേഷണങ്ങൾ പറയുന്നത്.

വെളുത്തുള്ളി മരുന്ന്

garlic

രക്താതിമർദം കുറയ്ക്കാൻ വെളുത്തുള്ളി സഹായിക്കുമെന്നാണു ഗവേഷണങ്ങൾ പറയുന്നത്. പഠനങ്ങളുടെ പിൻബലമില്ലാത്ത കാലത്തു പോലും ഇന്ത്യയിലെന്നല്ല, ചൈനയിലും ജർമ്മനിയിലുമെല്ലാം വെളുത്തുള്ളി രക്താതിമർദത്തിനുള്ള ഔഷധമായി ഉപയോഗിച്ചിരുന്നു. രക്തക്കുഴലുകളിലെ പേശികളെ ഭാഗികമായി അയച്ചു രക്തക്കുഴലുകളെ വികസിപ്പിച്ചാണു വെളുത്തുള്ളി രക്താതിമർദം കുറയ്ക്കുന്നതെന്നാണു ജോർജ് വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ നടത്തിയ ഗവേഷണങ്ങളിൽ തെളിഞ്ഞത്. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന അഡിനോസിൻ എന്ന പേശീ വിശ്രാന്ത ഘടകമാണത്രെ ഈ പ്രവർത്തനത്തിനു സഹായിക്കുന്നത്. ചുവന്നുള്ളിയ്ക്കും ഇതേ ഔഷധഗുണമുണ്ട്. അഡിനോസിൻ കൂടാതെ രക്താതിമർദം കുറയ്ക്കുന്ന പ്രോസ്റ്റാഗ്ലാൻഡിൻ എ1, ഇ എന്ന ഘടകങ്ങളും ചുവന്നുള്ളിയിലുണ്ട്. ചുവന്നുള്ളിയും വെളുത്തുള്ളിയും പച്ചയ്ക്കും പാകപ്പെടുത്തിയും കഴിക്കാമെങ്കിലും വെളുത്തുള്ളി പാകപ്പെടുത്താതെ കഴിക്കുന്നതാണു കൂടുതൽ ഗുണകരം.

നെല്ലിക്ക കഴിക്കൂ...

gooseberry

ഭക്ഷണത്തിലൂടെ ലഭിക്കുന്ന വിറ്റമിൻ സിയുടെ അളവു കുറഞ്ഞാൽ രക്തമർദം കൂടാം. അതുകൊണ്ട് തന്നെ രക്തമർദം കൂടാതിരിക്കാനുള്ള പ്രതിരോധ മരുന്നു കൂടിയാണ് വിറ്റമിൻ സി. വിറ്റമിൻ സി അടങ്ങിയ നെല്ലിക്ക, ഓറഞ്ച് മുതലായവ ദിവസവും ഓരോന്നു വീതമെങ്കിലും കഴിക്കുന്നതു കൂടിയ രക്തമർദം കുറയ്ക്കുമെന്നാണു ഗവേഷക മതം.

പൊട്ടാസ്യം ലഭിക്കാൻ പഴങ്ങൾ

രക്താതിമർദമുള്ളവർക്കു സോഡിയം അധികം അടങ്ങിയ ഭക്ഷണം കുറയ്ക്കുന്നതുപോലെ തന്നെ പ്രധാനമാണു പൊട്ടാസ്യവും കാത്സ്യവും അടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുകയെന്നതും. ഇവ രണ്ടും കൂടിയ രക്തമർദം കുറയ്ക്കും. ഏത്തപ്പഴം, മുന്തിരി, ആപ്രിക്കോട്ട്, പീച്ച് എന്നീ പഴങ്ങളിൽ പൊട്ടാസ്യം അധികമുണ്ട്.

നാരുകൾ ഗുണകരം

പഴങ്ങളും പച്ചക്കറികളും ധാരാളമടങ്ങിയ ഡയറ്റു പതിവാക്കുന്നവർക്കു രക്തമർദം കൂടാതെ നിർത്താനാവുമത്രെ. ഇതിനായി അര കിലോ മുതൽ മുക്കാൽകിലോ വരെ പഴങ്ങളും പച്ചക്കറികളും നിത്യാഹാരത്തിൽ ഉൾപ്പെടുത്തണം.

vegetables-new

പഴങ്ങളിലും പച്ചക്കറികളിലുമുള്ള നാരുകളാണു രക്തമർദം കൂടാതെ സഹായിക്കുന്ന ഘടകമെന്നാണു ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നടന്ന പഠനം പറയുന്നത്. പച്ചക്കറികളേക്കാളും പഴങ്ങളിലെ നാരുകൾക്കാണത്രെ രക്താതിമർദം കുറയ്ക്കാനുള്ള കഴിവു കൂടുതൽ.

നാരുകൾ കൂടാതെ, പഴങ്ങളിലും പച്ചക്കറികളിലുമുള്ള ആന്റി ഓക്സിഡന്റുകൾ ഹോർമോണുകളോടു സമാനതയുള്ള പ്രോസ്റ്റാസൈക്ലിന്റെ ഉത്പാദനം കൂട്ടും. രക്തക്കുഴലുകളെ വികസിപ്പിച്ചു രക്താതിമർദം കുറയ്ക്കാൻ കഴിവുള്ള ഘടകമാണു പ്രോസ്റ്റാസൈക്ലീൻ.

രക്താതിമർദക്കാർക്കു മാതൃകാ ഡയറ്റ്

ധാരാളം നാരും ആന്റി ഓക്സിഡന്റുകളും ഉള്ള ഭക്ഷണക്രമമാണു ചുവടെ. ഇതു സമീകൃതവുമാണ്.

രാവിലെ :ചായ (പാട മാറ്റിയ പാൽ), പ്രാതൽ : ഗോതമ്പു ദോശ മൂന്ന് എണ്ണം/കനംകുറഞ്ഞ ചപ്പാത്തി — രണ്ട്/ഇഡ്ലി—രണ്ട്. പച്ചക്കറികളും ഏതെങ്കിലും പയറുവർഗവും ചേർത്ത കറി/ഏതെങ്കിലും ഒരു പഴം. പത്തുമണി: മധുരനാരങ്ങ/പപ്പായ ജ്യൂസ്. ഉച്ചയൂണ്: ഒരു കപ്പ് ചോറ്, പാവയ്ക്കാ വറ്റിച്ചത്, മുരിങ്ങയില തോരൻ, മീൻ ഒരു കഷണം കറിവെച്ചത് (ചാള/അയല/ചൂര/നെയ്മീൻ/കുറച്ചു നെത്തോലി.) വറുത്ത മീൻ ഒഴിവാക്കുക. മീനിനു പകരം കൊഴുപ്പില്ലാത്ത നാലു കഷണം മാംസം (ചെറുത്) കോഴിയാണെങ്കിൽ ഒരു വലിയ കഷണം കറിവച്ചു മാത്രം. മോര് (ഇഞ്ചി, പച്ചമുളക്, ഉള്ളി ഇവ ഉടച്ചു ചേർത്തത്) പേരയ്ക്ക അല്ലെങ്കിൽ പച്ചക്കറി സാലഡ്. നാലുമണി ഭക്ഷണം: സേമിയ ഉപ്പുമാവ്/അവൽ ഉപ്പുമാവ്— അര കപ്പ്, ചായ. അത്താഴം : ചപ്പാത്തി—രണ്ട്/കൂവരക്ദോശ/ഇഡ്ലി, തക്കാളി പീസ്കറി/പയറുകറി, സാലഡ് വെള്ളരി—അര കപ്പ്, നെല്ലിക്കാ മോരു പാനീയം.

ഉപ്പും മദ്യവും കുറയ്ക്കാം

ഉപ്പു കുറച്ചാൽ ഫലമുണ്ടോ? — രക്തമർദം കൂടുതലെന്നു പറയുമ്പോഴേ ഉപ്പു കുറയ്ക്കുന്നതിനെക്കുറിച്ചാണു ആളുകളുടെ ചിന്ത പോകുക. ഉപ്പിലെ സോഡിയം രക്തക്കുഴലുകളുടെ വികസിക്കാനുള്ള കഴിവു കുറച്ചാണു രക്തമർദം കൂട്ടുക. രക്താതിമർദമുള്ളവരിൽ ഉപ്പിന്റെ അളവു കുറയ്ക്കുന്നതു ഗുണം ചെയ്യാറുണ്ട്. നിങ്ങളുടെ പതിവു ഡയറ്റിൽ നിന്നും ഒരുദിവസം ഒരു ചെറിയ സ്പൂൺ ഉപ്പു കുറച്ചാൽ തന്നെ സിസ്റ്റോളിക് മർദത്തിൽ ഏഴും ഡയസ്റ്റോളിക് മർദത്തിൽ മൂന്നും കുറവുണ്ടാകുമത്രെ.

സോഡിയം കുറയ്ക്കാം: ടിന്നിലടച്ച ഭക്ഷണങ്ങൾ, ഉപ്പു ചേർത്ത വറ പലഹാരങ്ങൾ, എന്നിവ ഒഴിവാക്കുക. മദ്യം വേണ്ട: ആൽക്കഹോൾ അമിതമാകുന്നതും രക്താതിമർദം കൂട്ടാം. അമിതകൊഴുപ്പ്, റെഡിമെയ്ഡ് ഭക്ഷണങ്ങൾ, നാരില്ലാത്ത ഭക്ഷണം, സോസ്, സൂപ്പ് എന്നിവ കുറയ്ക്കണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.