Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരീക്ഷിച്ചു നോക്കൂ 6 പുതുഭക്ഷണങ്ങള്‍

tomato

ചില ആഹാരപദാര്‍ഥങ്ങള്‍ അതില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ നശിക്കാതെ കഴിച്ചാല്‍ രക്താതിസമ്മര്‍ദത്തെ ഒരു പരിധിവരെ തടയാമെന്നാണ് പുതിയ ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

തക്കാളിയിലെ ലൈകോപിന്‍

ഇസ്രായേലില്‍ നടത്തിയ ഒരു ഗവേഷണം പറയുന്നതു തക്കാളിപഴത്തിനു രക്തസമ്മര്‍ദം തടയാന്‍ കഴിയുമെന്നാണ്. ഇതിനു കാരണം അതിലടങ്ങിയിട്ടുള്ള ലൈകോപിന്‍ എന്ന രാസവസ്തുവാണ്. അതോടൊപ്പം അതില്‍ ഹൃദയസംബന്ധമായ രോഗത്തെ തടയുന്ന ആന്റിഓക്സിഡന്റുകള്‍ ധാരാളമായുണ്ട്. ഒരു ദിവസം പല പ്രാവശ്യം തക്കാളികുഴമ്പ് (ടൊമാറ്റോപ്യൂരി) അടങ്ങിയ ആഹാരം കഴിക്കുന്ന ഇറ്റലിക്കാര്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ കുറഞ്ഞ നിരക്കില്‍ കാണുന്നതിന്റെ കാരണം ഇതാകാം. ഏകദേശം നാലു തക്കാളിപ്പഴമാണ് രക്തസമ്മര്‍ദം തടയാനാവശ്യം. വെറുതെ കഴിക്കാനിഷ്ടമില്ലാത്തവര്‍ക്ക് സലാഡിന്റെ കൂടെ കഴിക്കാം. തക്കാളി ജ്യൂസ്, തക്കാളി ചേര്‍ത്ത കറികള്‍ എന്നിവ ആഹാരത്തിലുള്‍പ്പെടുത്താം.

ബ്രൊക്കോളി എന്ന ക്രൗണ്‍ജ്യുവല്‍

brocoli

ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ ഗവേഷകര്‍ നടത്തിയ ഒരു പഠനറിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത് ബ്രൊക്കോളിയെക്കുറിച്ചാണ്. ഇതിലടങ്ങിയിട്ടുള്ള ബീറ്റാകരോട്ടിന്‍, ഫോളേറ്റ്, ബി- വിറ്റമിനുകള്‍ എന്നീ പോഷകങ്ങള്‍ക്ക് ഹൃദയപേശികളെ ബലപ്പെടുത്താനും ഹൃദയാഘാതത്തെ തടയാനും കഴിയുമെന്ന് ഗവേഷകര്‍ കണ്ടെത്തി. കാന്‍സറിനെയും ഹൃദയസംബന്ധമായ രോഗങ്ങളെയും ചെറുക്കാന്‍ കഴിവുള്ള രണ്ടുതരം ഫൈറ്റോ കെമിക്കലുകള്‍ (ഇന്‍ഡോള്‍ കാര്‍ബിനോളും സള്‍ഫറാഫേനും) ബ്രൊക്കോളിയിലുണ്ട്. വിറ്റമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയിട്ടുള്ള ഈ പച്ചക്കറിയില്‍ ഹൃദയപേശികളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന കാത്സ്യം, പൊട്ടാസ്യം എന്ന രണ്ടു ധാതുക്കള്‍ ഹൃദ്രോഗങ്ങളെ ചെറുക്കാന്‍ മറ്റു പോഷകങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടാണ് ക്രൂസിഫെറസ് വര്‍ഗത്തില്‍പ്പെട്ട പോഷകസമ്പന്നമായ ബ്രൊക്കോളി എന്ന പച്ചപ്പൂവിനെ ദ ക്രൌണ്‍ ജ്യൂവല്‍ ഓഫ് ന്യൂട്രീഷന്‍ എന്നു ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്.

ബീറ്റ് റൂട്ടും നൈട്രേറ്റും

beetroot

അമേരിക്ക് ഹാര്‍ട്ട് അസോസിയേഷന്റെ രക്തസമ്മര്‍ദത്തക്കുറിച്ചുള്ള ജേര്‍ണലില്‍ ലണ്ടനിലെ ക്യൂന്‍മേരി സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകര്‍ പറയുന്നത് ബീറ്റ്റൂട്ടിനു രക്താതിസമ്മര്‍ദം തടയാനും കുറയ്ക്കാനും കഴിയുമെന്നാണ്. ബീറ്റ്റൂട്ടിലടങ്ങിയിട്ടുള്ള നൈട്രേറ്റ് എന്ന ഘടകമാണ് കാരണം. രക്തസമ്മര്‍ദം സ്വാഭാവികമായി നിയന്ത്രിക്കാനാഗ്രഹിക്കുന്നവര്‍ക്കുള്ള ശുഭവാര്‍ത്തയാണ് ഗവേഷണം നടത്തിയ പ്രൊഫസര്‍ അമൃത അലുവാലിയ പങ്കുവയ്ക്കുന്നത്. ബീറ്റ്റൂട്ടിലടങ്ങിയിട്ടുള്ള നൈട്രേറ്റ് രക്തചംക്രമണത്തിനാവശ്യമായ നൈട്രിക് ഓക്സൈഡ് എന്ന വാതകത്തിന്റെ അളവു കൂട്ടാന്‍ സഹായിക്കുന്നു, അങ്ങനെ കാര്‍ഡിയോ വാസ്കുലര്‍ ഡിസീസും ഹൈപ്പര്‍ടെന്‍ഷനും കുറെയൊക്കെ നിയന്ത്രിക്കാം. ഏകദേശം 250 മി ലി ജ്യൂസ് ദിവസവും കഴിക്കുന്നതു നല്ലതാണ്.

സെലറിയുടെ ഇലയും തണ്ടും

celery

വിറ്റമിന്‍ എ, വിറ്റമിന്‍ ബി1, ബി2, ബി6, വിറ്റമിന്‍ സി, പൊട്ടാസ്യം, ഫോളിക്ആസിഡ്, കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ്, സോഡിയം, എസന്‍ഷ്യല്‍ അമിനോ ആസിഡുകള്‍ അങ്ങനെ വിവിധ പോഷകങ്ങള്‍ നിറഞ്ഞതാണ് സെലറി. ഇലയും തണ്ടുമാണ് കൂടുതല്‍ പോഷകസമ്പന്നം. ഇതിലടങ്ങിയ സോഡിയം, പൊട്ടാസ്യം എന്നിവ ശരീരത്തിലെ വെള്ളത്തിന്റെ അളവിനെ നിയന്ത്രിച്ച് മൂത്രത്തിന്റെ ഉല്‍പാദനത്തെ വര്‍ധിപ്പിക്കുന്നു. സെലറിയില്‍ അടങ്ങിയിട്ടുള്ള ഫ്ളറൈഡുകള്‍ക്ക് രക്തസമ്മര്‍ദം കുറയ്ക്കാന്‍ കഴിവുണ്ട്. ഫ്ളറൈഡുകള്‍ ധമനികള്‍ക്കു ചുറ്റുമുള്ള പേശികളെ അയച്ചു രക്തപ്രവാഹത്തെ സാധാരണ നിലയിലാക്കുന്നു. നല്ല പച്ചനിറമുള്ള ഇലകളാണ് ഉപയോഗിക്കാന്‍ ഏറ്റവും അനുയോജ്യം. ഒരു നനഞ്ഞ തുണിയിലോ പ്ളാസ്റ്റിക് ബാഗിലോ അല്ലെങ്കില്‍ ഒരു അടച്ച പാത്രത്തിലോ ആക്കി ഇവ ഫ്രിഡ്ജില്‍ വയ്ക്കണം. കാരണം, തണ്ടും ഇലയും വാടിയാല്‍ രുചിയും ഗുണവും കുറയും. വാടിയ തണ്ടാണെങ്കില്‍ വെള്ളം തളിച്ചു ഫ്രിഡ്ജില്‍ വച്ചാല്‍ കുറെ മണിക്കൂറുകള്‍ കഴിഞ്ഞെടുത്താലും ഫ്രഷായിരിക്കും.

നാലു വെളുത്തുള്ളിയല്ലികള്‍

garlic

രക്താതിസമ്മര്‍ദത്തെ ചെറുക്കാനുള്ള വെളുത്തുള്ളിയുടെ സിദ്ധിയെക്കുറിച്ചും നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഇതിലുള്ള മഗ്നീഷ്യം, ഫോസ്ഫറസ്, അഡെനോസിന്‍, അലിയം, സള്‍ഫര്‍ സംയുക്തങ്ങള്‍ എന്ന പദാര്‍ഥങ്ങളാണ് ഈ ഗുണവിശേഷത്തിനുള്ള കാരണം. ഈ പദാര്‍ഥങ്ങള്‍ രക്തപ്രവാഹത്തെ ഊര്‍ജിതമാക്കി രക്തസമ്മര്‍ദം കുറയ്ക്കുന്നു. നാലുവെളുത്തുള്ളിയല്ലികള്‍ അല്ലെങ്കില്‍ നാലു ഗ്രാം വെളുത്തുള്ളി ഒരുദിവസം കഴിക്കണം. പുരാതന ആയുര്‍വേദഗ്രന്ഥമായ ചരകസംഹിതയില്‍ വെളുത്തുള്ളി ഹൃദ്രോഗത്തിന്റെയും രക്താതിസമ്മര്‍ദത്തിന്റെയും ചികിത്സയ്ക്കു നിര്‍ദേശിച്ചതായി കാണുന്നു.

ഉള്ളിയും ക്വെര്‍സെറ്റവും

onion-small

ഉള്ളിയിലുള്ള ക്വെര്‍സെറ്റം എന്ന പേരുള്ള രാസപദാര്‍ഥമാവാം രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നതെന്ന് ഗവേഷകര്‍ കരുതുന്നു. അതുപോലെ ഉള്ളിയിലെ സള്‍ഫര്‍ സംയുക്തങ്ങളും ഫിനോളിക് ഫ്ളേവനോള്‍ അഥവാ ജിനോളിക് ഫൈറ്റോകെമിക്കലും രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നു. പക്ഷേ, ഈ രണ്ട് മൂലകങ്ങളും ഉള്ളി പാകം ചെയ്യുമ്പോള്‍ നശിച്ചു പോകുന്നു. വെളുപ്പുനിറത്തിലുള്ള സവോളയെക്കാള്‍ കൂടുതല്‍ ക്വെര്‍സെറ്റിന്‍ അടങ്ങിയിട്ടുള്ളത് ചുവന്നുള്ളിയിലും ചുവന്ന സവോളയിലുമാണ്. സ്വാഭാവിക ഭക്ഷ്യസാധനങ്ങളില്‍ നിന്നു ലഭിക്കുന്ന പോഷകങ്ങള്‍ക്ക് പല രോഗങ്ങളെയും തടയുന്നതിനും ആരോഗ്യം പ്രദാനം ചെയ്യാനും വളര്‍ച്ചയെ സഹായിക്കാനും കഴിയുമെന്നും ഗവേഷണങ്ങള്‍ തെളിയിച്ചു കഴിഞ്ഞു.

സോളി ജയിസ് പള്ളിക്കാപറമ്പില്‍ ചീഫ് ഡയറ്റീഷ്യന്‍, _എസ് എല്‍ രഹേജാ ഹോസ്പിറ്റല്‍, _ _മുംബൈ. _