Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസറുണ്ടാക്കാൻ വെറും രണ്ട് സ്ളൈസ് ബ്രെഡ് മതി

bread-slice

ബ്രെഡ്, ബൺ, ബിസ്ക്കറ്റ് പിസ്സ ഇവയൊക്കെ സുരക്ഷിതമല്ലെന്ന സെന്റർ ഓഫ് സയൻസ് ആന്റ് എൻവയോണ്‍മെന്റിന്റെ പഠനം പുറത്തുവന്നതിനെത്തുടർന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. കാൻസർ -തൈറോയ്ഡ് പ്രശ്നങ്ങളുണ്ടാകാൻ ദിനവും വെറും രണ്ട് സ്ളൈസ് ബ്രെഡ് ധാരാളം മതിയെന്ന് സിഎസ്ഇ ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഭൂഷൺ പറയുന്നു.

ഡല്‍ഹിയില്‍ വില്‍പ്പനയിലുള്ള വൈറ്റ് ബ്രെഡ്, പാവ്, ബണ്‍, പിസ, ബര്‍ഗര്‍ തുടങ്ങിയവയാണ് സി.എസ്.ഇ. പരിശോധിച്ചത്. 24 ബ്രാന്‍ഡുകളുള്ള ബ്രെഡുകളില്‍ 19 എണ്ണത്തിലും പൊട്ടാസ്യം ബ്രോമേറ്റിന്റെയും അയോഡേറ്റിന്റെയും സാന്നിധ്യം 1.15-22.54 പി.പി.എം. (പാര്‍ട്‌സ് പെര്‍ മില്യണ്‍) എന്ന അളവിലാണ്.

ധാന്യമാവിനെ ബേക്ക് ചെയ്യാനായി ഉപയോഗിക്കുന്നതിനു മുമ്പാണ് പൊ‌ട്ടാസ്യം ബ്രോമേററും അയഡേറ്റുമ‌ടങ്ങിയവ ചേർക്കുക. ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ ( IARC ) പ്രകാരം പൊട്ടാസ്യം ബ്രോമേറ്റ് മനുഷ്യർക്ക് അർബുദത്തിന് കാരണമാകുന്നതാണ്. തൈറോയ്ഡിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നതുകൊണ്ട് പൊട്ടാസ്യം അയഡേറ്റ് പല രാജ്യങ്ങളിലും നിരോധിച്ചിരിക്കുകയാണ്. എന്നാൽ നമുക്ക് യഥേഷ്‌ടം ലഭ്യമാകുന്നുമുണ്ട്. ഒരു വിഷ വസ്തുവാെന്നതിനാൽ ഇതിന്റെ ഉപയോഗം അനുവദിക്കാനാവില്ലെന്നാണ് ജോയിന്റ് എഫ്എഒ /ഡബ്ലിയുഎച്ച്ഒ വിദഗ്ദ സമിതിയുടെ നിഗമനം.

യൂറോപ്യൻ യൂണിയൻ , കാനഡ, നൈജീരിയ , ബ്രസീൽ , ദക്ഷിണ കൊറിയ , പെറു എന്നീ രാജ്യങ്ങളിൽ ഇത്തരം ഘടകങ്ങൾ ചേർത്ത ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം നിരോധിച്ചിരിക്കുകയാണ്. വയറുവേദന, വയറിളക്കം, ഓക്കാനം, ഛർദ്ദി, കിഡ്നി പരാജയം, വിഷാദം എന്നീ നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

നമ്മുടെ നാട്ടിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ( FSSAI ) ബേക്കറി ഉൽപ്പന്നങ്ങളിൽ പൊട്ടാസ്യം ബ്രോമേറ്റും / അല്ലെങ്കിൽ പൊട്ടാസ്യം അയഡേറ്റും നിയന്ത്രിതമായ അളവിൽ ഉപയോഗിക്കാൻ അനുവാദം നൽകിയിട്ടുണ്ടെന്ന റിപ്പോർ‌ട്ടുകൾ പറയുന്നു. ഈ നിയമത്തിൽ എന്തെങ്കിലും മാറ്റമുണ്ടായാൽ വിപണിയിലുള്ള പല ഉത്പന്നങ്ങൾക്കും തിരിച്ചടിയാകും.