Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രോയിലർ ചിക്കൻ ആരോഗ്യത്തിനു ഹാനികരമോ?

broiler-chicken

ചിക്കൻ—മലയാളിയുടെ നോൺ വെജ് ആഹാരസങ്കൽപങ്ങളിൽ ചിക്കൻ സൃഷ്ടിച്ച തരംഗം വളരെ വലുതാണ്. ആരോഗ്യത്തിന് വല്യകുഴപ്പമൊന്നും വരുത്താത്ത ഇറച്ചി എന്ന പൊൻതൂവലും ഈ പക്ഷിമാംസത്തിനു നാം ചാർത്തിക്കൊടുത്തു. എന്നാൽ കണ്ണുമടച്ച് ചിക്കനെ വിശ്വസിക്കും മുമ്പ് നിർബന്ധമായും അറിയേണ്ട നിരവധി കാര്യങ്ങളുണ്ട്.

ബ്രോയിലർ ചിക്കനും ഹോർമോണും

വളർച്ചാഹോർമോൺ കുത്തിവച്ചു വളർത്തുന്ന കോഴികളാണ് ബ്രോയിലർ ചിക്കൻ എന്നതാണു സാധാരണവിശ്വാസം. എന്നാൽ ഈ കോഴികളിൽ ഹോർമോൺ കുത്തിവയ്ക്കുന്നില്ല എന്നതാണു ശരി. ജനിതകവ്യതിയാനം വരുത്തി ഉത്പാദിപ്പിക്കുന്ന സങ്കരയിനം കോഴികളാണിവ. തീറ്റയെ പെട്ടെന്ന് മാംസമാക്കി മാറ്റാനുള്ള കഴിവാണ് ജനിതകവ്യതിയാനത്തിലൂടെ ഇവയിലുണ്ടാക്കുന്നത്.

ഇത്തരം കോഴികൾ ഒരു കിലോ തൂക്കം വയ്ക്കാൻ ഒന്നേ മുക്കാൽ കിലോ തീറ്റ മാത്രം മതി. ഇവയ്ക്കു നൽകുന്ന കുത്തിവയ്പുകൾ രോഗം വരാതിരിക്കാനുള്ളതാണ്. അല്ലാതെ വളരാനുള്ളതല്ല.

ബ്രോയിലർ ചിക്കൻ കഴിക്കുന്നതു മൂലം പെൺകുട്ടികൾക്കു വളരെ നേരത്തെ ആർത്തവം വരുന്നതായോ, സ്ത്രീകളിൽ ഹോർമോൺ അസന്തുലിതാവസ്ഥ ഉളവാക്കി, ഗർഭധാരണം തടസപ്പെടുത്തുന്നതായോ ശാസ്ത്രീയ പഠനങ്ങൾ ഇല്ല. എന്നാൽ കോഴിയിറച്ചി മാംസ്യവും കൊഴുപ്പും അടങ്ങിയ ആഹാരമാണ്. ഇതു കറിവച്ചും പൊരിച്ചും വറുത്തും കൂടുതൽ കഴിക്കുമ്പോൾ ലഭിക്കുന്ന അമിതോർജവും കുട്ടികളുടെ കായികവിനോദങ്ങൾ കുറഞ്ഞ ജീവിതശൈലിയും ചേരുമ്പോൾ ആർത്തവം വരുന്നതിനുള്ള ക്രിട്ടിക്കൽ വെയ്റ്റ് അഥവാ നിർണായകതൂക്കം നേരത്തെ എത്തുന്നു. ഇതു പെൺകുട്ടികളിൽ ആർത്തവം നേരത്തെ വരാൻ കാരണമാകും.

ആഹാരത്തിലൂടെ കൂടുതലായി ശരീരത്തിൽ കൊഴുപ്പടിയുന്നതിലൂടെ അരോമാറ്റേസ് എന്ന എൻസൈമിന്റെ അളവു കൂടും. അതു ശരീരത്തിൽ ഈസ്ട്രജന്റെ അളവു വർധിപ്പിക്കുകയും തൽഫലമായി ശരീരത്തിൽ ടെസ്റ്റോസ്റ്റീറോൺ, ഈസ്ട്രജൻ ഹോർമോൺ അനുപാതം വ്യത്യാസപ്പെടുകയും ചെയ്യും. പോളിസിസ്റ്റിക്ക് ഒവേറിയൻ ഡിസോർഡർ പോലുള്ള പ്രശ്നങ്ങൾക്കും ഗർഭധാരണം തടസപ്പെടാനും ഇത് ഇടവരുത്താം.

ഗോവയിലെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നടത്തിയ പഠനത്തിൽ മാരകമായ കാൻസർ ഉൾപ്പടെയുള്ള പലവിധ ആരോഗ്യപ്രശ്നങ്ങളിലേക്കും ബ്രോയിലർ ചിക്കൻ വഴിവയ്ക്കുന്നതായി കണ്ടെത്തിയിരുന്നു. മാത്രമല്ല ന്യൂഡൽഹിയിലെ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് പുറത്തു വിട്ട റിപ്പോർട്ട് അനുസരിച്ച് ബ്രോയിലർ കോഴികളിൽ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകൾ പ്രതിരോധ ശേഷി നഷ്ടപ്പെടുത്തുകയും ആന്റിബയോട്ടിക്കുകൾ ശരിയായ രീതിയിൽ പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുമുണ്ട്.