Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസർ: കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ആഹാരങ്ങൾ

fresh-vegetables-kerala

കാൻസർ ചികിത്സ തുടങ്ങുമ്പോൾ വിശപ്പില്ലായ്മ, ഒാക്കാനം, രുചിക്കുറവ് മുതലായവ ഉണ്ടാകും. തന്മൂലം ആഹാരം കഴിക്കാതിരിക്കുന്നതു പോഷകാഹാരക്കുറവിന് (Malnutrition) ഇടയ‍‍ാക്കും. കുറഞ്ഞ അളവിൽ ഭക്ഷണം ഒന്നോ രണ്ടോ മണിക്കൂർ ഇടവിട്ടു കഴിക്കുന്നതാണ് ഇതിനൊരു പരിഹാരം. ചീസ്, റസ്ക്, കേക്ക്, പുഡ‍ിങ്, പാലും പഴങ്ങള‍ും ചേർത്ത ഷേക്ക്, യോഗർട്ട്, പുളിയില്ലാത്ത തൈര്, െഎസ്ക്രീം, പോഷകസപ്ലിമെന്റുകൾ മുതലായവ ദിവസേന ആഹാരത്തിൽ ഉൾപ്പെടുത്തുക.

പാൽപ്പൊടി, ഭക്ഷണത്തോടൊപ്പമോ മിൽക്ക് ഷേക്കിനോടൊപ്പമോ ചേർത്തു കഴിക്കാം. ചോക്ലേറ്റ് കുറഞ്ഞ അളവിൽ കഴിക്കാം. തേൻ, സോസേ മുതലായവ ചേർത്തു ഭക്ഷണം കഴിക്കാം. ഖരാഹാരം ബുദ്ധിമുട്ടാണെങ്കിൽ ദ്രാവകരൂപത്തിൽ ഭക്ഷണങ്ങൾ കഴിക്കാം. മലബന്ധം ഒഴിവാക്കാനായി വെള്ളം കുറഞ്ഞ അളവിൽ പലപ്പോഴായി കുടിക്കണം.

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
സോഡ‍ാ, കാർബണേറ്റഡ് ഡ്രിങ്ക്സ്, പട്ടാണിക്കടല, ബ്രേ‍ാക്കൊളി, ബീൻസ്, കാബേ‍ജ്, മുള്ളങ്കി, വെള്ളരി മുതലായവ ഗ്യാസ് ഉണ്ടാക്കാം. ഇവ ഒഴിവാക്കുക. പച്ചക്കറികൾ പാകം ചെയ്തു മാത്രം കഴിക്കുക. കീടനാശിനികൾ ചേർക്കാത്ത പഴങ്ങളാണു നല്ലത്. നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന പഴങ്ങൾ തിരഞ്ഞെട‍ുക്ക‍ുക.

വനസ്പതി ചേർത്ത ഭക്ഷണങ്ങളും കൂടുതൽ വാസനയുള്ള ഭക്ഷണങ്ങളും ഒഴിവാക്കുക. വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണത്തിന്റെ മണം ചിലർക്ക് അരോചകമാകാറുണ്ട്. ഭക്ഷണം പാകം ചെയ്യുമ്പോൾ മാറിനിൽക്കാൻ അവർ‍ ശ്രദ്ധിക്കുക.

നാരങ്ങാമിഠായി, പുതിന മുതലായവ ചവയ്ക്കുന്നത് നല്ലതാണ്. വായ് ഭക്ഷണത്തിനു മുമ്പും ശേഷവും നന്നായി കഴുകുക. ഭക്ഷണം കഴിഞ്ഞയുടനെ കിടക്കരുത്. ഭക്ഷണത്തിന് ഒരു മണിക്കൂർ ശേഷമേ കിടക്കുവാൻ പാടുള്ളൂ. ഇരിക്കുകയോ ശരീരത്തിന്റെ മുകൾഭാഗം ഉയർന്ന രീതിയിൽ കിടക്കുകയോ ആവാം.

സമീകൃതഭക്ഷണം നല്ലത്
ഒരു ഭക്ഷണഘടകത്തിനു മാത്രമായി കാൻസറിനെ പ്രതിരോധിക്കുവാൻ കഴിയുകയില്ല. പഴങ്ങൾ, പച്ചക്കറികൾ, നാരുകൾ മുതലായവ അടങ്ങിയ സമീകൃത ഭക്ഷണം കാൻസർ തടയുവാൻ സഹായിക്കും. നാരുകൾ കൂടുതലടങ്ങിയ ഒാട്സ്, തവിടുള്ള അരി, പയർ വർഗങ്ങൾ, പച്ചക്കറ‍ികളായ ചീര, കാരറ്റ്, തക്കാളി മുതലായവയ്ക്ക് കാൻസറിനെ തടയുവാൻ ശേഷിയുണ്ട്. ഇഞ്ചി, വെളുത്തുള്ളി, പുത‍ിന, മല്ലിയില മുതലായവ ഭക്ഷണത്തിൽ ചേർക്കുവാനായി ശ്രദ്ധിക്കുക. മത്സ്യം ദിവസേന ഭക്ഷണത്തിൽ ഉൾപ്പെട‍ുത്താം.

ചുവന്നതും സംസ്കരിച്ചതുമായ ഇറച്ചിയിൽ ഹീം എന്ന ചുവന്ന വർണകം ഉണ്ട്. ഇവ കാൻസർ സാധ്യത കൂട്ടും. കൂടുതൽ ചൂടിൽ ഇറച്ചി പാകം ചെയ്യുന്നതും കൂടുതൽ ചൂടിൽ ഗ്രില്ലിങ്, ബാർബ്ക്യു ചെയ്യുന്നതും സൈക്ലിക് അമീൻസ് (PCA)എന്ന കാൻസർ ഘടകങ്ങളുടെ അളവു കൂട്ടും.

കൂടുതൽ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ആമാശയ കാൻസർ വരാനുള്ള സാധ്യത കൂട്ടാം. അന്നജം അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ ചൂടാക്കുമ്പോൾ അക്രിലമൈഡ് ഉണ്ടാകുന്നതായി കാണുന്നു. ചിപ്സ് ഉദാഹരണമാണ്. ഇത് കാൻസറുണ്ടാക്കാം. പുകഞ്ഞ മാംസവും പൂരിതകൊഴുപ്പുകളും ഒഴിവാക്കുക.

Disease info കാൻസർ
ശരീരത്തിലെ കോശങ്ങളുടെ വളർച്ചാനിരക്ക് നിയന്ത്രിക്കുവാനുള്ള സംവിധാനം തകര‍ാറിലാകുന്നതുമൂലം ശരീരകോശങ്ങൾ അനിയന്ത്രിതമായി പെരുകുന്ന അവസ്ഥയാണ് അർബുദം. ജനിതക ഘടകങ്ങൾ, പാരമ്പര്യം തുടങ്ങി വ്യായാമമില്ലായ്മയും ഭക്ഷണത്തിലെ പ്രശ്നങ്ങളും വരെ വിവിധതരം കാൻസറുകൾക്ക് ഇടയാക്കാം. എല്ലാ കാൻസറുകൾക്കും ഭക്ഷണക്രമീകരണം കൊണ്ട് ഗുണം ലഭിക്കില്ല. എന്നാൽ ആമാശയ കാൻസർ, കുടൽ കാൻസർ, സ്തനാർബുദം എന്നിവയുടെ കാര്യത്തിൽ ഭക്ഷണത്തിനു നിർണായക പങ്കുണ്ട്. മാത്രമല്ല ആരോഗ്യകരമായ ആഹാരരീതി പൊതുവായി കാൻസർ വരാതെ തടയുകയും ചെയ്യും.

മിനി മേരി പ്രകാശ്

Your Rating: