Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചക്ക.... സൂപ്പര്‍ ഭക്ഷണം

chakka-health

ഇന്നു നമ്മുടെ നാട്ടില്‍ ലഭ്യമായ ഭക്ഷ്യവിഭവങ്ങളില്‍ വിഷമില്ലാത്ത ഒരേ ഒരു ഭക്ഷ്യവസ്തുവാണ് ചക്ക. അത്ഭുതപ്പെടേണ്ട. ആര്‍ക്കും ഒരു വിലയുമില്ലാത്ത ഭക്ഷ്യവസ്തുവായതു തന്നെയാണ് കീടനാശിനികളില്‍ നിന്നും ചക്കയെ രക്ഷിച്ചതും. എന്നാല്‍, ചക്ക അത്ര വില കുറഞ്ഞ വിഭവമല്ല എന്നാണു പഠനങ്ങള്‍ പറയുന്നത്.

ഇടിച്ചക്ക ഏറ്റവും മികച്ചത്

മള്‍ബറി കുടുംബത്തില്‍പെട്ട വൃക്ഷമാണ് ചക്ക. മരത്തില്‍ വിളയുന്ന ഫലവര്‍ഗങ്ങളില്‍ വച്ച് ലോകത്തിലെ തന്നെ ഏറ്റവും വലുതാണിത്. ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ചക്കയുടെ തൂക്കം 34 കിലോയാണ്. എന്നാല്‍ 70 കി ഗ്രാമിനു മുകളിലുള്ള ചക്കകള്‍ തമിഴ്നാട്ടിലെ കുടയൂര്‍ ജില്ലയിലുള്ള പണ്‍റുട്ടിയില്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. വരിക്ക, കൂഴ എന്നിങ്ങനെ രണ്ടുതരം ചക്കകളാണുള്ളത്. വരിക്കയെ അപേക്ഷിച്ച് കൂഴചക്കയില്‍ കൂടുതല്‍ അളവില്‍ നാരുകളുണ്ട്. വിളയാത്ത ചക്ക (ഇടിച്ചക്ക) വളരെ സ്വാദിഷ്ഠമായ വിഭവമാണ്. വിളഞ്ഞ ചക്കയെ അപേക്ഷിച്ച് കൂടുതല്‍ പോഷകസമൃദ്ധമാണിത്. വിറ്റമിന്‍ എ, ബി2, സി എന്നിവയാല്‍ സമ്പുഷ്ടമാണ് ഇടിച്ചക്ക.

രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ ചക്ക

കോംപ്ളക്സ് കാര്‍ബോഹൈഡ്രേറ്റുകള്‍, നാരുകള്‍, വിറ്റമിന്‍ എ, സി, വിവിധ ബി വിറ്റമിനുകള്‍ എന്നിവയുടെ കലവറയാണ് ചക്ക. കാത്സ്യം, സിങ്ക്, ഫോസ്ഫറസ് എന്നീ ധാതുക്കള്‍ ധാരാളമായി ചക്കയിലുണ്ട്. വിറ്റമിന്‍ സിയുടെ ഒന്നാന്തരം ഉറവിടമാണിത്. അതുകൊണ്ടുതന്നെ മികച്ച ആന്റി ഓക്സിഡന്റും. ചക്കയില്‍ ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. സോഡിയത്തിന്റെ അളവാകട്ടെ തീരെ കുറവും. ഇത് രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇക്കാരണം കൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും പ്രയോജനപ്രദമാണ്.

തികച്ചും കൊളസ്ട്രോള്‍ രഹിതമായ ഭക്ഷണം കൂടിയാണ് ചക്ക. ഇതില്‍ കൊഴുപ്പ് ഇല്ലാത്തതിനാല്‍ വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമാണ്. മറ്റു ഫലവര്‍ഗങ്ങളെ അപേക്ഷിച്ച് കൂടുതല്‍ അളവില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കും. വയറിളക്കവും മലബന്ധവും മാറ്റി ആശ്വാസമേകും.

പ്രമേഹരോഗികള്‍ക്കു കഴിക്കാമോ?

അഞ്ചു ടേബിള്‍ സ്പൂണ്‍ ചക്കയില്‍ ഒരു കപ്പു ചോറിനു സമാനമായ കാലറി അടങ്ങിയിരിക്കുന്നു. അതുകൊണ്ട് പ്രമേഹരോഗികള്‍ക്ക് ചക്കയും ചോറും ഒരുമിച്ചു കഴിക്കരുത്. ചക്കപഴത്തിലും ഗൂക്കോസ് അടങ്ങിയിട്ടുണ്ട്. എങ്കിലും, ഇടയ്ക്കു വല്ലപ്പോഴും രണ്ടു മൂന്നു ചുള ചക്കപ്പഴം കഴിക്കുന്നതില്‍ തെറ്റില്ല. ചര്‍മസംബന്ധിയായ പ്രശ്നങ്ങള്‍ക്ക് മികച്ച മരുന്നാണ് ചക്ക. പ്രായത്തെ ചെറുത്തുതോല്‍പിക്കാനും ചക്ക സഹായിക്കും. ഇത് കുടല്‍വ്രണത്തിനും നല്ലൊരു പ്രതിവിധിയാണ്.

ചക്കക്കുരുവും കാന്‍സറും

chakkakuru-health

ചക്കക്കുരുവിന് കാന്‍സറിനെ പ്രതിരോധിക്കാനും കുറയ്ക്കാനുമുള്ള ശക്തിയുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കാന്‍സര്‍ കോശങ്ങളെ നിയന്ത്രിച്ചുനിര്‍ത്താന്‍ ചക്കക്കുരിവിലുള്ള നിസിത്തിന്‍ സഹായിക്കും. മാത്രമല്ല, ശരീരത്തിന്റെ ആകെയുള്ള രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തെ ഇതു കൂടുതല്‍ മെച്ചമാക്കുമത്രേ. ചക്കക്കുരുവിലുള്ള എ, സി വിറ്റമിനുകളും കാന്‍സര്‍ ബാധിക്കാനുള്ള സാധ്യത കുറയ്ക്കും. കാന്‍സര്‍ നിര്‍ണയത്തിനും ചക്കക്കുരുവിനു പങ്കുണ്ടെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. ചക്കക്കുരുവില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന നെക്റ്റിന്‍ രോഗിയില്‍ റേഡിയേഷന്‍ ചികിത്സ എത്രമാത്രം ഫലപ്രദമാണെന്ന് അറിയാന്‍ സഹായിക്കുമെന്നും ഈ മേഖലയിലുള്ള പഠനങ്ങള്‍ പറയുന്നു. കാന്‍സര്‍ നിര്‍ണയത്തിനും നെക്റ്റിന്‍ സഹായിക്കുമത്രേ.

കേരളത്തിലെ ഗവേഷണങ്ങള്‍ പറയുന്നത്

തിരുവനന്തപുരം സിഎസ്ഐആര്‍-ന്റെ അഗ്രോപ്രൊസസിങ് ആന്‍ഡ് നാച്ചുറല്‍ പ്രൊഡക്റ്റ്സ് ഡിവിഷനിലെ ഡോ എ സുന്ദരേശന്റെയും ഡോ പി നിഷയുടെയും ഗവേഷണഫലങ്ങള്‍ സൂചിപ്പിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങള്‍ ചക്കയ്ക്കുണ്ടെന്നാണ്. ഇവരുടെ പഠനമനുസരിച്ച് ചക്കച്ചുളയില്‍ ഓരോ 100 ഗ്രാമിലും 18.9 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 0.8 ഗ്രാം ധാതുലവണങ്ങള്‍, 30 ഇന്റര്‍നാഷണല്‍ യൂണിറ്റ് വിറ്റമിന്‍ എ, 0.25 ഗ്രാം തയാമിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. ആദ്യഘട്ടിലെ ഗവേഷണങ്ങള്‍ അനുസരിച്ച് മാനസികസംഘര്‍ഷവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ക്രമക്കേടുകള്‍ തടയാനും ചക്ക സഹായകരമാണ്.

ചക്കവൈന്‍ ഉണ്ടാക്കാം

ചക്കവൈനിനു വേണ്ട ചേരുവകള്‍: ചക്കച്ചുള- 5 കിഗ്രാം (പഴുത്ത വരിക്കച്ചക്ക), പഞ്ചസാര- മൂന്ന് കിലോ വെള്ളം- അഞ്ചു ലിറ്റര്‍, കറുവപ്പട്ട- 15 എണ്ണം, ഗ്രാമ്പു - 20 എണ്ണം പൊട്ടാസ്യം ബൈ മെറ്റാസള്‍ഫേറ്റ്- 500 മി ഗ്രാം, വൈന്‍, യീസ്റ്റ്- 20 ഗ്രാം.

ചക്കച്ചുള നന്നായുടച്ചശേഷം പഞ്ചസാര, തിളപ്പിച്ചാറിയ വെള്ളം ചതച്ചെടുത്ത ഗ്രാമ്പു, കറുവപ്പട്ട എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. ഇങ്ങനെ വച്ച് രണ്ടു മണിക്കൂറിനുശേഷം, 20 ഗ്രാം യീസ്റ്റ് 100 മിലീ ചെറുചൂടുവെള്ളത്തില്‍ ലയിപ്പിച്ച് ഒരുമണിക്കൂര്‍ വച്ചെടുക്കുന്ന സ്റ്റാര്‍ട്ടര്‍ ലായനി ചേര്‍ത്ത് ഇളക്കി ഭരണികളില്‍ അടച്ച് സൂക്ഷിക്കുന്നു. 15 ദിവസത്തിനുശേഷം ലായനി അരിച്ചെടുത്ത് മുട്ടയുടെ വെള്ള പതപ്പിച്ചു ചേര്‍ത്ത് 20 ദിവസം കൂടി അടച്ചു വയ്ക്കുന്നു. അതിനു ശേഷം, തെളിഞ്ഞ വൈന്‍ അരിച്ചെടുത്ത് സൂക്ഷിക്കാം.

തമിഴ്നാട്ടില്‍ ഒരു ചക്ക ഗ്രാമം

തമിഴ്നാട്ടിലെ കുടയൂര്‍ ജില്ലയിലെ പണ്‍റുട്ടി എന്ന ഗ്രാമമാണ് ചക്കഗ്രാമമെന്ന പേരില്‍ പ്രശസ്തമാകുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിവര്‍ഷ ചക്ക ഉപഭോഗം ഇവിടെയാണ്. പണ്‍റുട്ടിക്കാരുടെ ജീവിതമാര്‍ഗം തന്നെ ചക്ക കൃഷിയാണെന്നു പറയാം. ഒരേക്കര്‍ തുടങ്ങി 10-20 ഏക്കറിലധികം വരെ ചക്കകൃഷി ഇവിടുത്തെ സ്ഥലവാസികള്‍ക്കുണ്ട്. പണ്‍റുട്ടിക്കാര്‍ സ്വന്തമായ കൃഷിരീതി വഴി വര്‍ഷത്തില്‍ എല്ലാ മാസവും തന്നെ ചക്ക വിളയിക്കുന്നുണ്ട്. പ്രതിദിനം 1500 ലോഡ് ചക്കയാണ് പണ്‍റുട്ടിയില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പോകുന്നത്.

_ഡോ അനിതാ മോഹന്‍, തിരുവനന്തപുരം.

ഡോ നിഷ പി സയന്റിസ്റ്റ്, അഗ്രോ പ്രൊസസിങ് ആന്‍ഡ് നാച്ചുറല്‍ പ്രൊഡക്റ്റ്സ് ഡിവിഷന്‍, തിരുവനന്തപുരം._