Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമൃതഫലം നാളികേരം

coconut-day

സെപ്റ്റംബർ 2 ലോക നാളികേരദിനം. പതിനെട്ടംഗങ്ങളുള്ള ‘ഏഷ്യൻ ആൻഡ് പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റി (APCC) യാണ് ഇതിനായി ആഹ്വാനം ചെയ്തിട്ടുള്ളത്. ‘‘നാളികേരം - കുടുംബാരോഗ്യത്തിനും പോഷണത്തിനും സ്വാസ്ഥ്യത്തിനും’’ എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. ഇത്തവണ വിജയവാഡയിലാണ് സെമിനാറുകളും എക്സിബിഷനും മറ്റും സംഘടിപ്പിച്ചിരിക്കുന്നത്.

ഉപയോഗത്തിന്റെ വൈവിധ്യം മൂലം, മനുഷ്യന് ഇത്രയും ഉപകാരപ്രദമായ മറ്റൊരു വൃക്ഷമുണ്ടോ എന്ന കാര്യം സംശയമാണ്. ഗൃഹനിർമാണം മുതൽ ഭക്ഷണപദാർഥങ്ങൾ വരെ ഈ കൽപതരുവിന്റെ സംഭാവനകളിൽപ്പെടുന്നു. മദ്യമായും നീരയായും ഔഷധമായും കരിക്കായും തേങ്ങയായും വെളിച്ചെണ്ണയായും പിണ്ണാക്കായും ഇങ്ങനെ നിരവധിയാണ് ഭക്ഷ്യപേയങ്ങൾ.

Cocos Nucifera എന്ന ശാസ്ത്രനാമത്തോട് കൂടിയ തെങ്ങിനെക്കുറിച്ച് സഹസ്രാബ്ദങ്ങൾക്ക് മുൻപ് എഴുതപ്പെട്ട ആയുർവേദ ഗ്രന്ഥങ്ങളിൽ നിരവധി പരമാർശങ്ങളുണ്ട്. ഇളനീർ വെള്ളം സ്നിഗ്ധവും മധുരവുമാണ്. ശീതവീര്യത്തോടും ലഘുഗുണത്തോടും കൂടിയതാണ്. വൃക്ഷ്യവുമാണ്. ദാഹത്തെയും വാതപിത്തങ്ങളേയും ശമിപ്പിക്കും. അഗ്നിദീപ്തികരമാണ്. മൂത്രമൊഴിഞ്ഞ് പോകുന്നതിന് സഹായകരമാണ്. നാളികേരമാകട്ടെ മധുരരസവും ശീതവീര്യവുമുള്ളതാണ്. ഗുരു സ്നിഗ്ധഗുണങ്ങളുള്ളതാണ്. ശരീരപോഷകമാണ്. പിത്തത്തെ ശമിപ്പിക്കും. തേങ്ങാപ്പാലാകട്ടെ ഗുരുത്വമേറിയതാണ്. മോഹാലസ്യം, രക്തവാതം, മൂത്രകൃച്ഛ്രം എന്നീ രോഗങ്ങളെ ശമിപ്പിക്കും. പ്രമേഹരോഗികളും ശ്വിത്രരോഗികളും കുഷ്ഠരോഗികളും ഉപയോഗിക്കരുത്.

തെങ്ങിന്റെ എല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിച്ച് വരുന്നു. തെങ്ങിന്റെ വേര്, അശോകത്തൊലിയും ചേർത്ത് കഷായം വച്ച് കഴിച്ചാൽ ആർത്തവസംബന്ധമായ രോഗങ്ങൾക്ക് ശമനം ലഭിക്കും. തെങ്ങിൻവേര്, കുരുമുളകിൻ വേര്, കരിമ്പന വേര്, ഞെരിഞ്ഞിൽ വെള്ളരിയുടെ കുരു ഇവ സമമെടുത്ത് കാടി വെള്ളത്തിലരച്ച് നാഭിപ്രദേശത്ത് പുരട്ടിയാൽ മൂത്രതടസം മാറിക്കിട്ടും. തെങ്ങിൻ പൂക്കുലയരി പാലിൽ കാച്ചി സ്ഥിരമായി ഉപയോഗിച്ചാൽ വെള്ളപോക്ക്, ശീഘ്രസ്ഖലനം എന്നിവ നിയന്ത്രണാധീനമാകും. രക്താതിസാരത്തിന് തെങ്ങിൻ പൂക്കുലയാരി കഷായം വച്ച് സംവിക്കുന്നത് ഉത്തമമായ ഒരു പ്രതിവിധിയാണ്. അല്ലിക്കള്ള് അഥവാ മധു ഉത്തമമായ ഒരു ടോണിക്കാണ്. ജീവകം ബി തുടങ്ങിയവ ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ശ്വാസകോശരോഗങ്ങളെ ശമിപ്പിക്കും.

തേങ്ങാപ്പാലിൽ നിന്നുണ്ടാക്കുന്ന വെന്ത വെളിച്ചെണ്ണ പുരട്ടി നവജാതശിശുക്കളെ കുളിപ്പിക്കുന്നത് അത്യുത്തമമാണ്. ചിരട്ട ചുട്ടെടുക്കുന്ന തൈലം പുരട്ടുന്നത് ചൊറി, ചിരങ്ങ് ഇവ മാറുന്നതിനുത്തമമാണ്. അത്യന്തം ക്ഷീണാവസ്ഥയിലുള്ള രോഗിക്ക് കരിക്കിൻ വെള്ളത്തോളം ഉത്തമമായ പാനീയം ലോകത്തിലില്ലെന്നത് സുവിദിതമാണല്ലോ. ചകിരി കത്തിച്ച ഭസ്മവും കൽക്കണ്ടവും ചേർത്ത് കരിക്കിൻ വെള്ളം കൊടുക്കുന്നത് അമിതാർത്തവം നിലയ്ക്കുവാൻ നന്ന്.

മാവിൻ തളിര് കരിക്കിൻ വെള്ളത്തിൽ ചേർത്ത് കൊടുത്താൽ കാമില ശമിക്കും. വെളിച്ചെണ്ണ കവിൾക്കൊള്ളുന്നത് വായ്നാറ്റത്തിന് നല്ലതാണ്. ആയുർവേദ ഗ്രന്ഥങ്ങളിലെ നിരവധി തൈലങ്ങൾ ഉണ്ടാക്കുന്നത് വെളിച്ചെണ്ണയിലാണ്. കൂടാതെ ഇളനീർകുഴമ്പ്, തെങ്ങിൻ പൂക്കുലരസായനം തുടങ്ങിയ ഔഷധങ്ങളും പ്രസിദ്ധയോഗങ്ങളാണ്. ഇതിൽ നിന്നെല്ലാം നാളികേരം അമൃതഫലമാണെന്നും തെങ്ങ് കൽപവൃക്ഷമാണെന്നും നിസ്സംശയം പറയാവുന്നതാണ്.

ഡോ. ശിവകരൻ നമ്പൂതിരി

ശ്രീധരി കുറിച്ചിത്താനം

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.