Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രമേഹമുള്ളവർ പഴങ്ങൾ കഴിക്കാമോ?

diabetes-fruits

പ്രമേഹം തടയാൻ മാത്രമല്ല പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാര ഏറ്റക്കുറച്ചിലുകളില്ലാതെ നിലനിർത്താനും ഭക്ഷണക്രമീകരണങ്ങൾ സഹായിക്കും. പ്രമേഹരോഗികളും പ്രമേഹം പ്രതിരോധിക്കാനാഗ്രിഹിക്കുന്നവരും ശ്രദ്ധിക്കേണ്ട ഭക്ഷണകാര്യങ്ങളറിയാം.

∙ തവിടു നീക്കാത്ത ധന്യങ്ങൾ അഥാവാ ഹോൾഗ്രെയ്ൻ കഴിക്കാം– ധാന്യത്തിന് മൂന്നു ഭാഗമാണുള്ളത്. പുറംപള്ളി അഥവാ തവിട്, ഉൾപ്പാളി (ജേം), അന്നജമുള്ള ഭാഗം (എൻഡോസ്പ‍േം). ഇതു മൂന്നും ചേരുമ്പോഴാണ് ഹോൾഗ്രെയ്ൻ ആകുന്നത്. ഹോൾഗ്രെയ്നിൽ നാരുകൾ ധാരാളമുണ്ട്. രക്തത്തിലെ പഞ്ചസാരയ്ക്ക് ചാഞ്ചാട്ടമില്ലാതെ നിലനിർത്താൻ ഇവ സഹായിക്കും. അരിയാണോ ഗോതമ്പാണോ നല്ലത് എന്ന തർക്കവും വളരെക്കാലമായി നിലവിലുണ്ട്. യഥാർഥത്തിൽ വേവിച്ചുകഴിയുമ്പോൾ അരിയിലെയും ഗോതമ്പിലെയും ഗ്ലൈസീമിക് ഇൻഡക്സ് ഏതാണ്ട് തുല്യമാണ്. അതുകൊണ്ട് അരിയാണെങ്കിലും ഗോതമ്പാണെങ്കിലും കഴിക്കാം, അളവിൽ ശ്രദ്ധിച്ചാൽ മതി.

∙ മീൻ കൂടുതൽ – ആഴ്ചയിൽ രണ്ടു പ്രാവശ്യം കഴിക്കാം. ചൂര, മത്തി, അയല, തിലോപ്പിയ, ക‍ാല (സൽമൺ)തുടങ്ങിയ മീനുകളും ഞണ്ട്, കൊഞ്ച്, കണവ പോലുള്ള കടൽ വിഭവങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

∙ ബാർലി– ബാർലിയിൽ ബീറ്റാ ഗ്ലൂക്കൻ എന്ന ലയ‍ിക്കുന്ന നാരുകൾ ഉണ്ട്. ഇവ രക്തത്തിലെ പഞ്ചസാരനിലവാരം സന്തുലിതമായി നിലനിർത്തും. തലേന്ന് വെള്ളത്തിലിട്ട് കുതിർത്ത ബാർലി, സൂപ്പുകളിലോ കറകളിലോ ചേർത്ത് ഉപയോഗിക്കാം. ബാർലി ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്.

∙ ദിവസവും പഴങ്ങൾ– പ്രമേഹരോഗികൾ പഴങ്ങൾ കഴിക്കുന്നതു നല്ലതല്ല എന്ന ധാരണ തെറ്റാണ്. ദിവസവും 150–200 ഗ്രാം പഴങ്ങളെങ്കിലും നിർബന്ധമായും കഴിക്കണം. മാമ്പഴം , ചക്കപ്പഴം, മുന്തിരി, സപ്പോട്ട, ഈന്തപ്പഴ‌ം എന്നിവയൊഴിച്ചുള്ള എല്ലാ പഴങ്ങളും കഴിക്കാം. വാഴപ്പഴങ്ങളിൽ റോബസ്റ്റയാണ് നല്ലത്. പഴച്ചാറുകൾ അധികം വേണ്ട. അഥവാ കഴിച്ചാൽ തന്നെ പഞ്ചസാര ചേർക്കര‍ുത്.

∙ പച്ചക്കറികളാണ് പ്രമേരോഗിക്ക് ഏറ്റവും മികച്ച ആഹാരം. ഇവയിൽ കാർബോഹൈഡ്ര‍േറ്റ് തീരെ കുറവാണ്, വൈറ്റമിനുകളും ധാതുക്കളും ധാരാളമുണ്ട്. ഒാരോ നേരത്തേയും ഭക്ഷണത്തിന്റെ പകുതിയോ മൂന്നിലൊന്നോ പച്ചക്കറികളായിരിക്കാൻ ശ്രദ്ധിക്കണം. ഇലക്കറികൾ, ബീൻസ്, കാരറ്റ്, പാവയ്ക്ക, കോവയ്ക്ക, വാഴച്ചുണ്ട്, പയർ, പപ്പായ, കുമ്പളങ്ങ, വെള്ളരിക്ക, വെണ്ടയ്ക്ക, തക്കാളി എന്നിവയൊക്കെ ആവശ്യംപോലെ കഴിക്കാം. കിഴങ്ങുവർഗങ്ങളിൽ അന്നജം ഏറെയുള്ളതിനാൽ കുറയ്ക്കുക. ദിവസവും പലതരം കറികളുണ്ടാക്ക‍ുകയോ പ്രാതലിൽ ദോശമാവിനും ചപ്പാത്തിമാവിനും ഉപ്പുമാവിനുമൊക്കെ ഒപ്പം പച്ചക്കറികൾ ചേർക്കുകയും ചെയ്താൽ നന്നായിരിക്കും. ഇടനേരങ്ങളിലെ ഭക്ഷണമായി (സ്നാക്ക്) പച്ചക്കറി സാലഡുകൾ കഴിക്കാം.

∙ ചെറിയ അളവിൽ ഇടവിട്ട്– രണ്ടോ മൂന്നോ പ്രാവശ്യമായി കഴിക്കുന്ന ഭക്ഷണത്തെ അഞ്ചോ ആറോ തവണകളാക്കി കഴിക്കുക. ഇത് രക്തത്തിൽ പഞ്ചസാരയും കൊഴുപ്പും പെട്ടെന്ന് അമിതമായി ഉയർന്ന് പലതരം പ്രശ്നങ്ങൾക്ക് ഇടവരുത്താതെ സൂക്ഷിക്കാൻ സഹായിക്കും

മിതമായി കഴിക്കാം

∙ വെണ്ണയും നെയ്യും – ഷോട്ട് ചെയിൻ ഫാറ്റി ആസിഡുകളാണിവ. എളുപ്പം ദഹിക്കും. സൺഫ്ളവർ ഒായിലുകൾ പലതും 70 ശതമാനം വരെ പാരഫിൻ (ശരീരത്തിനു ദോശകരമായ പെട്രോളിയം ഉൽപന്നം) കലർന്നതാണെന്നു വാർത്തകളുണ്ട്. ഗുണങ്ങൾ വച്ചുനോക്കിയാലും വെളിച്ചെണ്ണയാണ് നല്ലത്. പക്ഷേ വിപണിയിലുള്ളവയിൽ‌ ദോഷകാരികളായ ധാരാളം ഘടകങ്ങൾ കാണാം. അതിൽനാൽ തേങ്ങ ആട്ടിയെടുത്ത വെളിച്ചെണ്ണ ഉപയോഗിക്കുക. പക്ഷേ അളവിൽ ശ്രദ്ധ വേണം. കറിയിൽ തേങ്ങ ചേർക്കുമ്പോൾ വെളിച്ചെണ്ണ കൊണ്ടുള്ള വറവിടൽ(തോരൻ) ഒഴിവാക്കാൻ ശ്രദ്ധിക്കണം.

∙ ചോറ്– പ്രമേഹരോഗികൾ ആദ്യം ചെയ്യേണ്ടത് ചോറ് കുറച്ചുകഴിക്കുകയാണ്. ചോറ് അമിതമായി കഴിച്ചാൽ ആവശ്യത്തിലധികം കാർബോഹൈഡ്ര‍േറ്റ് ശരീരത്തിലുണ്ടാവുകയും അത് ഗ്ലൂക്കോസായി രക്തത്തിലെ പഞ്ചസാരനിരക്ക് ഉയർത്തുകയും പിന്നിട് കൊഴുപ്പായി ശേഖരിക്കപ്പെടുകയും ചെയ്യും. ഇങ്ങനെയുണ്ടാവുന്ന കൊഴുപ്പ് ശരീരത്തിന് ഒട്ടും ഗുണകരമല്ല,

∙ ചക്ക– 100 ഗ്രാം ചക്കയിൽ 23ഗ്രാം അന്നജവും 19 ഗ്രാം പഞ്ചസാരയും 2.6 ഗ്രാം നാരുകളും ആണുള്ളത്. ഇത് 100 ഗ്രാം വാഴപ്പഴത്തിലുള്ളതിനു സമമാണ്. കഴ‍ിച്ചുകഴിഞ്ഞൽ എത്രത്തോളം പഞ്ചസാര ഉയരും എന്നതാണ് ഗ്ല‍ൈസീമിക് ഇൻഡക്സ്. മൊത്തമായി എത്ര പഞ്ചസാര രക്തത്തിലെത്തും എന്നതാണ് ഗ്ലൈസീമിക് ലോഡ്. ഇവ രണ്ടും കൂടിയ ഭക്ഷണങ്ങൾ പ്രമേഹരോഗികൾക്ക് പൊതുവേ നല്ലതല്ല. ചക്കയിൽ ഇതു രണ്ടും കൂടുതലാണ്. എങ്കിലും ചക്ക മൊത്തമായി എടുക്കുകയാണെങ്കിൽ (ചുള, ചകിണി, മടൽ) മേൽപ്പറഞ്ഞ രണ്ടും ശരാശരി നിലയിലാണ്. അതിനാൽ അധികം മൂപ്പെത്താത്ത പച്ചച്ചക്ക കുറച്ചുമാത്രം അളവിൽ കഴിക്കുകയാണ് വേണ്ടത്.

ഒഴിവാക്കേണ്ടവ

∙ മിതമായി കഴിച്ചാൽ മദ്യം ഹൃ‍ദയാരോഗ്യത്തിനു നല്ലതാണെന്നു പറയുമെങ്കിലും പ്രമേഹരോഗികളിൽ അത് ഹൈപ്പോഗ്ലൈസീമിയ (പഞ്ചസാരനിരക്ക് പെട്ടെന്നു കുറഞ്ഞുപോയി ബോധക്ഷയം വരുന്ന അവസ്ഥ) പോലുള്ള ചില അപകടങ്ങളുണ്ടാക്കാം. പ്രത്യേകിച്ച് വെറും വയറ്റിലോ രക്തത്തിലെ പഞ്ചാസാരനിരക്ക് കുറഞ്ഞിരിക്കുമ്പോഴോ കഴിച്ചാൽ.

∙ പൂരിക കൊഴുപ്പുകൾ –പ്രമേഹരോഗികൾക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത മറ്റുള്ളവരെക്കാൾ കൂടുതലാണ്. അതുകൊണ്ട് പൂരിതകൊഴുപ്പുകളും ട്രാൻസ്ഫ‍ാറ്റുകളും അമിതമധുരവും ഒഴിവാക്കണം.

Disease info പ്രമേഹം

ശരീരത്തിലെ ഗ്ലൂക്കോസിന്റെ സഞ്ചാരത്തെ നിയന്ത്രിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. പാൻക്രിയാസ് ഗ്രന്ഥിയാണ് ഇതുൽപാദിപ്പിക്കുന്നത്. ഗ്രന്ഥി ശരീരത്തിന് ആവശ്യമുള്ള ഇൻസുലിൻ ഉൽപാദിപ്പിക്കാതിരിക്ക‍ുകയോ (ടൈപ്പ് 1) ഉൽപാദിപ്പിക്കുന്ന ഇൻസുലിൻ ശരീരത്തിനു ഫലപ്രദമായി ഉപയോഗ‍ിക്കാൻ കഴിയാതെ വരുകയോ (ടൈപ്പ്2) ചെയ്യുന്നതിനെ പ്രമേഹം എന്നു പറയ‍ുന്നു. ടൈപ്പ് 1 രോഗികൾക്ക് ഇൻസുലിൻ കുത്തിവയ്ക്കേണ്ടി വരും. ടൈപ്പ് 2 പ്രമേഹത്തെ ഭക്ഷണമാറ്റം കൊണ്ട് ഫലപ്രദമായി നേരിടാനാകും.

Best food മെഡിറ്ററേനിയൻ ഡയറ്റ്

ഒലിവ് ഒായിലാണ് മെഡിറ്ററേനിയൻ ഭക്ഷണക്രമത്തിന്റെ മുഖ്യ ആകർഷണം. ഈയടുത്തു നടന്ന സ്പാനിഷ് പഠനത്തിൽ കൊഴുപ്പുകുറഞ്ഞ ഡയറ്റു പിന്തുടരുന്നവരെക്കാൾ മെഡിറ്ററേനിയൻ ഡയറ്റുകാരിൽ പ്രമേഹസാധ്യത 50 ശതമാനം കുറയുന്നുവെന്നു കണ്ടു. ഈ ഡയറ്റിൽ ഒലിവ് ഒായിൽ പോലെ പച്ചക്കറികളും പഴങ്ങളും പ്രധാനമാണ്. മാംസത്തെക്കാൾ മീനിനാണ് മുൻഗണന.

ഡോ. പി. സുരേഷ്കുമാർ
ചെയർമാൻ
ചീഫ് ഡയബറ്റോളജിസ്റ്റ്
ഡയാബ്കെയർ
കോഴിക്കോട്