Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിവസവും ഒരുപിടി നട്സ് കഴിച്ചാൽ?

handful-nuts

വണ്ണം വച്ചാലോ കൊളസ്ട്രോൾ കൂടിയാലോ എന്നൊക്കെ പേടിച്ച് കശുവണ്ടി കഴിക്കാത്തവർ ഉണ്ടാകാം. ബദാമും അണ്ടിപ്പരിപ്പും എല്ലാം ദിവസവും കഴിക്കാമോ എന്ന സംശയം ഉള്ളവരും കാണും. എന്നാൽ ആശങ്ക വേണ്ട. ഇനി മുതൽ ദിവസവും ഒരു പിടി അണ്ടിപ്പരിപ്പ് കഴിച്ചുതുടങ്ങാം. കശുവണ്ടിയോ നിലക്കടലയോ ബദാമോ എന്തുമാകട്ടെ ഏകദേശം 20 ഗ്രാം അണ്ടിപ്പരിപ്പ് (nuts) ദിവസവും കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും.

ദിവസവും 20 ഗ്രാം അതായത് ഒരുപിടി നട്സ് കഴിക്കുന്നത് ഹൃദ്രോഗം, അർബുദം, അകാലമരണം ഇവയ്ക്കുള്ള സാധ്യതയെ കുറയ്ക്കും, ദിവസവും 20 ഗ്രാം അണ്ടിപ്പരിപ്പ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യത 30, അർബുദ സാധ്യത 15, അകാല മരണസാധ്യത 22 ശതമാനം എന്ന തോതിൽ കുറയ്ക്കുമെന്ന് പഠനം. നട്സ് കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത പകുതിയും പ്രമേഹ സാധ്യത 40 ശതമാനവും കുറയ്ക്കും എന്നും ഗവേഷകർ പറയുന്നു.

അണ്ടിപ്പരിപ്പിന്റെ ഉപയോഗവും രോഗസാധ്യതകളും തമ്മിൽ നിലവിലുള്ള പഠനങ്ങള്‍ അപഗ്രഥിച്ചു ലോകത്താകമാനമുള്ള എട്ടുലക്ഷത്തിപ്പത്തൊമ്പതിനായിരം പേരെ പങ്കെടുപ്പിച്ച പ്രസിദ്ധീകൃതമായ 29 പഠനങ്ങൾ പരിശോധിച്ചു. കൊറോണറി ഹാർട്ട് ഡിസീസ് ഉള്ള 12,000 കേസുകളും, പക്ഷാഘാതം 9,000, ഹൃദയസംബന്ധമായ രോഗങ്ങൾ 18,000 അർബുദവും മറ്റ് മരണങ്ങളും 85,000 എന്നീ തോതിലാണ് പരിശോധിച്ചത്. ഇംപീരിയൽ കോളജ് ലണ്ടനിലെയും നോർവീജിയൻ യൂണിവേഴ്സിറ്റി ഓഫ്സയൻസ് ആൻഡ് ടെക്നോളജിയിലെയും ഗവേഷകരാണ് പഠനം നടത്തിയത്.‌

ഹേസൽനട്സ്, ട്രീ നട്സ്, വാൾ നട്സ് തുടങ്ങി എല്ലാത്തരം അണ്ടിപ്പരിപ്പുകളും പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നു. പയറു വർഗത്തിൽപ്പെട്ടതാണെങ്കിലും നിലക്കടലയുടെ ഗുണങ്ങളും പഠന വിധേയമാക്കി. അണ്ടിപ്പരിപ്പിന്റെ ഉപയോഗവും വിവിധ ആരോഗ്യ ഗുണഫലങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് പഠനത്തിൽ തെളിഞ്ഞു. ദിവസവും ഒരുപിടി അണ്ടിപ്പരിപ്പ് കഴിക്കുന്നതുമൂലം നിരവധി രോഗങ്ങൾക്കുള്ള സാധ്യതയെ കുറയ്ക്കാൻ സാധിക്കും എന്ന് തെളിഞ്ഞു.

ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയതിനാൽ അണ്ടിപ്പരിപ്പ് ആരോഗ്യത്തിന് വളരെ നല്ലതാണ്. നിലക്കടലയിലും, കശുവണ്ടിയിലും നാരുകൾ, മഗ്നീഷ്യം, പോളി അൺസാച്ചുറേറ്റഡ് ഫാറ്റുകള്‍ (അപൂരിത കൊഴുപ്പ്) മുതലായവയുമുണ്ട്. ഇവ ഹൃദയസംബന്ധമായ രോഗങ്ങളും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കുന്നു.

നട്സുകള്‍ പ്രത്യേകിച്ചും വാൾനട്ട്, ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയതിനാൽ ഓകാസീകരണ സമ്മർദ്ദത്തെ പ്രതിരോധിച്ച് അർബുധ സാധ്യത കുറയ്ക്കുന്നു. നട്സുകളിൽ കൊഴുപ്പ് (fat) അടങ്ങിയിട്ടുണ്ടെങ്കിലും നാരുകളും മാംസ്യവും ഉള്ളതിനാൽ പൊണ്ണത്തടി കുറയ്ക്കാനും സഹായിക്കുമെന്ന് ബി. എം. സി. മെഡിസിൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.