Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ഞളിന്റെ ഔഷധഗുണം പൊങ്ങച്ചംപറച്ചിലോ?

turmeric

കാൻസറിനും മറവിരോഗത്തിനും ഉൾപ്പെടെ ഉത്തമ ഔഷധമാണെന്ന് ഗവേഷണങ്ങൾ വെളിപ്പെടുത്തിയ മഞ്ഞളിന് പറയുന്നത്ര ഗുണങ്ങളൊന്നുമില്ലെന്ന് പഠനം. മഞ്ഞളിന് ഔഷധഗുണമുണ്ടെങ്കിൽത്തന്നെ അത് വളരെ തുച്ഛമാണ്. മഞ്ഞളുമായി ബന്ധപ്പെട്ട് 1990 മുതൽ നടന്ന ആയിരക്കണക്കിന് ഗവേഷണ റിപ്പോർട്ടുകൾ വിശകലനം ചെയ്ത് ജേണൽ ഓഫ് മെഡിക്കൽ കെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. എന്നാൽ ഇതിനെതിരെ മറുവിഭാഗം ഗവേഷകരും രംഗത്തു വന്നു കഴിഞ്ഞു. ഇന്ത്യയിലും ചൈനയിലും ആയുർവേദ മരുന്നുകളും ഭക്ഷ്യവസ്തുക്കളിലും മഞ്ഞൾ ചേർക്കുന്നത് പതിവാണ്. മികച്ചൊരു അണുനാശിനിയും ഭക്ഷണത്തിലെ വിഷഘടകങ്ങള്‍ നീക്കം ചെയ്യാൻ സഹായിക്കുന്നതുമാണ് മഞ്ഞളെന്നതും തലമുറകളായി ൈകമാറിവന്ന അറിവ്. കഷായങ്ങൾ, ലേഹ്യങ്ങൾ, ലേപനങ്ങൾ എന്നിവയിലെല്ലാം ഉണക്കിയ മഞ്ഞളിന്റെ സാന്നിധ്യമുണ്ട്. ചർമ്മരോഗങ്ങൾക്കും അലർജി സംബന്ധമായ അസുഖങ്ങൾക്കും ഫലപ്രദമായ ഔഷധങ്ങൾ മഞ്ഞൾ ചേർത്തുനിർമിക്കുന്നുമുണ്ട്.

അമിത രോമ വളർച്ച തടയുന്നതിന് പച്ചമഞ്ഞൾ അരച്ചുമുഖത്തു പുരട്ടാറുണ്ട്. പച്ചപപ്പായയും പച്ചമഞ്ഞളും കൂട്ടിയരച്ചു പുരട്ടുന്നത് ഇതിന് കൂടുതൽ സഹായകമാണത്രേ. പച്ചമഞ്ഞളും പർപ്പടകപ്പുല്ലും ചേർത്തരച്ച് വെളിച്ചെണ്ണയിൽ കലർത്തി തേച്ചാൽ ത്വക് രോഗങ്ങൾ പലതും ശമിക്കും. പച്ചമഞ്ഞളും വേപ്പിലയും ചേർത്ത് അരച്ചു പുരട്ടിയശേഷം കുളിക്കുന്നതും പല ത്വക് രോഗങ്ങളുടേയും നിവാരണത്തിന് സഹായകമാണ്. പച്ചമഞ്ഞളും ചെറുനാരകത്തിന്റെ തളിരിലയും ചേർത്ത് അരച്ചുപുരട്ടുന്നത് മുഖക്കരു മാറുവാൻ സഹായകം. വസൂരി, ചിക്കൻപോക്സ് എന്നിവയുടെ വ്രണങ്ങൾ വേഗം കരിയാനും ഉണക്കിയ മഞ്ഞൾ ചുട്ടുപൊടിച്ചത് വ്രണത്തിൽ തൂവുന്നത് സഹായകമാണ്. വസൂരിക്കല വേഗം മാറിക്കിട്ടുന്നതിന് മഞ്ഞൾപ്പൊടി തേനിൽ ചാലിച്ചും പുരട്ടാറുണ്ട്.

അൽഷ്‌ഹൈമേഴ്സിന് പ്രത്യേക ഔഷധമാണെന്ന് പാശ്ചാത്യ ഗവേഷകർ കണ്ടെത്തിയതോടെയാണ് മഞ്ഞൾ വിശ്വ പ്രസിദ്ധി നേടിയത്. വാർധക്യത്തെ അലട്ടുന്ന മറവി രോഗം അകറ്റുവാൻ മഞ്ഞൾപ്പൊടി ഒരു ചെറിയ സ്പൂൺ ദിവസവും വെള്ളത്തിൽ കലക്കി കുടിച്ചാൽ മതിയാകും എന്നുവരെ മാധ്യമങ്ങളിൽ വിവരങ്ങൾ വന്നു.

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്യുമിൻ ആണ് അതിന്റെ ഔഷധഗുണത്തിനു കാരണമെന്നാണു കണ്ടെത്തിയിരുന്നത്. മഞ്ഞളിൽ മൂന്നു മുതൽ അഞ്ചു ശതമാനം വരെയും കുർക്യുമിനുണ്ട്. പാശ്ചാത്യരാണെങ്കിൽ ‘ഗോൾഡൻ സ്പൈസ്’ എന്നാണ് മഞ്ഞളിനെ വിശേഷിപ്പിക്കുന്നതു തന്നെ. ഗവേഷകരായ മൈക്കൽ എ.വാൾട്ടേഴ്സ്, ഗയ്ഡോ എഫ്.പൗളി എന്നിവർ ചേർന്നു തയാറാക്കിയ പഠനത്തിൽ മാധ്യമങ്ങൾക്കു നേരെയും വിമർശനമുണ്ട്. മഞ്ഞളുമായി ബന്ധപ്പെട്ട് പുറത്തിറങ്ങുന്ന പഠനങ്ങളെല്ലാം ശരിയായ രീതിയിലല്ല മാധ്യമങ്ങൾ വാർത്തയാക്കുന്നതെന്ന് ഇവർ പറയുന്നു. അത്തരത്തിൽ ‘ഊതിവീർപ്പിച്ച’ ഗുണങ്ങൾ മാത്രമേ കുർക്യുമിന് ഉള്ളൂവത്രേ! നിലവിൽ പരമ്പരാഗതമായ അറിവു മാത്രമേ മഞ്ഞളിന്റെ ഔഷധഗുണം സംബന്ധിച്ചുള്ളൂ. അതിന് ശാസ്ത്രീയമായൊരു അടിത്തറയ്ക്കാണ് തങ്ങൾ ശ്രമിച്ചതെന്നും ഗവേഷകർ പറയുന്നു. കുർക്യുമിൻ ശരീരത്തിലേക്ക് എളുപ്പത്തിൽ ആഗിരണം ചെയ്തെടുക്കാന്‍ പോലും പറ്റില്ലെന്നും ഇവരുടെ പഠനത്തിലുണ്ട്. മഞ്ഞൾ വിതരണം ചെയ്യുന്ന കമ്പനികളുമായി ബന്ധമുള്ള ഗവേഷകരോ കുർക്യുമിൻ വേർതിരിച്ചെടുത്തു വിൽക്കുന്നവരോ ആയിരിക്കാം മഞ്ഞളിന്റെ ഇത്തരം അദ്ഭുതഗുണങ്ങളുടെ പ്രചാരകരായതെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം മൃഗങ്ങളിലും പിന്നീട് മനുഷ്യരിലും നടത്തിയ പരീക്ഷണങ്ങളിലെല്ലാം മഞ്ഞളിന്റെ ഔഷധഗുണം തെളിഞ്ഞതാണെന്നാണ് മറുവിഭാഗം പറയുന്നത്. ഭക്ഷ്യവസ്തുക്കളോടൊപ്പം മഞ്ഞൾ ഒറ്റയ്ക്കല്ല കഴിക്കുക. മിക്കവരും കുരുമുളക് പൊടിയും ചേർക്കാറുണ്ട്. അങ്ങനെവരുമ്പോൾ കുർക്യുമിൻ എളുപ്പത്തിൽ രക്തത്തിലേക്ക് കടത്താനുള്ള വഴി കുരുമുളകിലെ രാസവസ്തുക്കൾ ഒരുക്കിത്തരാറുണ്ടെന്നും മഞ്ഞളിന്റെ ആരാധകർ പറയുന്നു. അമിതമായാൽ മാത്രമാണ് മഞ്ഞൾ പ്രശ്നമാകുക പതിവ്. പക്ഷേ കേരളത്തിൽപ്പോലും ഭക്ഷ്യവസ്തുക്കളിൽ മഞ്ഞളിന്റെ കണക്ക് ‘ഒരു നുള്ള്’ എന്നതാണ്. എന്തൊക്കെയാണെങ്കിലും പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരും ഭക്ഷണത്തിൽ നിന്ന് മഞ്ഞൾ ഒഴിവാക്കേണ്ടതില്ലെന്നും ഗവേഷകർ പറയുന്നുണ്ട്. മാത്രവുമല്ല ഇനിയും ഗവേഷണം തുടരണം. പക്ഷേ അത് കൂടുതൽ സമഗ്രമായിരിക്കണമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.