Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടിക്കുറുമ്പിന്റെ ആഹാരം

474812574

ഒന്നു മുതൽ നാലു വയസ്സു വരെയുള്ള പ്രായം കുസൃതിയുടെ കാലമാണ്. ഈ കാലഘട്ടത്തിൽ കുസൃതിക്കുടുക്കകളെ ആഹാരം കഴിപ്പിക്കാൻ പാടുപെടാത്ത അമ്മമാരുണ്ടാകില്ല. കുട്ടികളുടെ ശരീരവളർച്ചയുടെയും ബുദ്ധിവികാസത്തിന്റെയും പ്രതരോധശേഷിയുടെയും അടിസ്ഥാനമിടുന്ന സമയമായതിനാൽ സമീകൃതാഹാരം ഉറപ്പാക്കാൻ മറക്കരുത്.

ഒരു വയസ്സിലെ ആഹാരം

ഒരുവയസ്സുള്ള കുഞ്ഞിന് വീട്ടിൽ പാകപ്പെടുത്തുന്ന ആഹാരം കുറഞ്ഞത് അഞ്ചു പ്രാവശ്യമെങ്കിലും നൽകണം. രണ്ടു വയസ്സു വരെ മുലപ്പാൽ തുടരണം. കാർബോഹൈഡ്രേറ്റ് (ധാന്യങ്ങൾ), കൊഴുപ്പുകൾ എന്നിവ ആവശ്യത്തിനു നൽകുമ്പോൾ മാംസ്യം (പ്രോട്ടീന്‍), സൂക്ഷ്മ പോഷകങ്ങൾ (മൈക്രോ ന്യൂട്രിയന്റ്സ്, വൈറ്റമിനുകൾ, ധാതുക്കൾ) എന്നിവ ധാരാളം ലഭ്യമാക്കണം. ഒരു ചെറിയ പ്ലേറ്റ്, കുഞ്ഞിനു വേണ്ടി സങ്കൽപിക്കാം. അതിൽ നാലു ഭാഗങ്ങള്‍, ഒരു ഭാഗത്ത് പയറു വർഗങ്ങൾ, പരിപ്പ്, മീൻ, അടുത്ത ഭാഗത്ത് പച്ചക്കറികള്‍, അതിനടുത്ത ഭാഗത്ത് തൈര് അല്ലെങ്കില്‍ പാലുത്പന്നങ്ങൾ ഇവ വയ്ക്കാം. ഇത് കുഞ്ഞിനു സമീകൃതാഹാരം നൽകും.

ആഹാരം വേണ്ട, കളി മാത്രം

‘യൂ ആർ വാട്ട് യു ഈറ്റ്’ എന്നു കേട്ടിട്ടില്ലേ? ഒരു വയസ്സുവരെ മുലപ്പാലും അതിനോടൊപ്പം നൽകുന്ന കുറുക്കും വീട്ടിലെ ഭക്ഷണപദാർഥങ്ങളും എല്ലാം വാശിയില്ലാതെ കഴിച്ചു കൊണ്ടിരിക്കുന്ന കുഞ്ഞു പെട്ടെന്നു വാശിക്കാരനും വാശിക്കാരിയും ആകുന്നു. ടെറിബിൾ ടൂസ് ആൻഡ് ത്രീസ് (Terribile Twos & Threes) എന്നു വിളിക്കുന്ന കാലഘട്ടത്തിൽ അവർക്ക് കളിയും വാശിയും കുറുമ്പും ആണു പ്രധാനം. ആഹാരത്തിൽ തീരെ ശ്രദ്ധയില്ല. എന്നാൽ ഒരു കുഞ്ഞിന്റെ ആദ്യ 1000 ദിവസങ്ങളിലെ ഒരു പ്രധാന കാലഘട്ടമാണ് ഈ സമയം എന്നതു പ്രത്യേകം ഓർമിക്കണം. രണ്ടു വയസ്സാകുമ്പോഴേക്കും ശരീരവളർച്ച 20 ശതമാനവും ബുദ്ധിവികാസം 80 ശതമാനവും ആകേണ്ടതാണ്. ഇത് സംഭവിക്കണമെങ്കിൽ നല്ല പോഷണവും പരിചരണവും കിട്ടിയേ സാധിക്കൂ.

എങ്ങനെ ആഹാരം നൽകണം?

ആഹാരസമയം സന്തുഷ്ടമാക്കണം. അതു യുദ്ധക്കളമാക്കി മാറ്റരുത്. ചിലർ കുട്ടികൾക്ക് ചോറും മറ്റും മിക്സിയിൽ അടിച്ച് ദ്രവരൂപത്തിലാക്കി പാൽക്കുപ്പിയില്‍ അടച്ചു നൽകും. ആ രീതി നല്ലതല്ല. ചെറിയപ്രായത്തിൽ തന്നെ വിവിധതരം ഭക്ഷണങ്ങൾ കഴിപ്പിച്ചു ശീലിപ്പിക്കുന്നത് ഭാവിയിൽ നല്ല ആഹാരശീലം രൂപപ്പെടുത്തുവാൻ സഹായിക്കും. മുതിർന്നവരെപ്പോലെ കട്ടിയാഹാരം കഴിക്കുവാൻ പരിശീലിപ്പിക്കണം.

മറ്റു ചിലരാകട്ടെ മൊബൈൽ ഫോൺ, ടിവി, ഐ പാഡ് എന്നിവ കാണിച്ചും കൈയിൽ കൊടുത്തും നേർച്ച പോലെ ആഹാരം നൽകും. ആഹാരം നൽകുമ്പോൾ കുഞ്ഞിനോട് അതിനെപ്പറ്റി സംസാരിക്കുകയും അത് കഴിക്കുവാൻ പ്രേരിപ്പിക്കുകയും നല്ല ശീലങ്ങൾ പഠിപ്പിക്കുകയും ചെയ്യണം. ആഹാരം ഉരുട്ടി വയ്ക്കുക. ആകർഷണമായി അലങ്കരിക്കുക, ആവശ്യത്തിന് മാത്രം വിളമ്പി, പ്ലേറ്റ് കാലിയാകുമ്പോൾ കുഞ്ഞിനെ അഭിനന്ദിച്ച് മുമ്പോട്ടു പോകുക. കുറെയധികം വിളമ്പി, പാഴാക്കി, അടിപിടിയിൽ അവസാനിപ്പിക്കാതിരിക്കുക.

കപ്പലണ്ടി, നിലക്കടല, കുരുവുള്ള മുന്തിരി തുടങ്ങിയ ഭക്ഷണസാധനങ്ങൾ തൊണ്ടയിൽ തടയുന്നതിനു സാധ്യത ഉള്ളതിനാൽ രണ്ടു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് അവ നൽകാതിരിക്കുന്നതാണു നല്ലത്. കോഴിയിറച്ചി, മീന്‍ എന്നിവ നൽകുമ്പോൾ ചെറിയ മുള്ളുകളും എല്ലുകളും നീക്കി നൽകണം.

സ്വയം കഴിക്കാൻ പഠിപ്പിക്കണം

രണ്ടു വയസ്സായാൽ ആഹാരം കൈകൊണ്ടോ സ്പൂണ്‍ കൊണ്ടോ സ്വയം വാരിക്കഴിക്കാൻ ശീലിപ്പിക്കണം. ആദ്യമൊക്കെ ശരിയായി കഴിക്കണമെന്നില്ല. ആഹാരം പാത്രത്തിനു പുറത്തു കളയുകയും ടേബിൾ വൃത്തികേടാക്കുകയുമൊക്കെ ചെയ്യുമെന്നു കരുതി വഴക്കു പറയുകയും പാത്രത്തിൽ നൽകാതിരിക്കുകയും ചെയ്യരുത്. സാവധാനം കുട്ടി സ്വയം കഴിക്കാൻ പഠിച്ചു കൊള്ളും. അതുപോലെ കുടിക്കാനുള്ള വെള്ളം കുപ്പിയിൽ നൽകുന്ന ശീലം മാറ്റിയെടുക്കാം. ഭംഗിയുള്ള ചെറിയ ഗ്ലാസ് വാങ്ങി അതിൽ വെള്ളം നിറച്ചു കൊടുക്കാം. ഇടയ്ക്കു വെള്ളം കുടിപ്പിക്കണം.

അഞ്ചു തവണ, അഞ്ചു നിറങ്ങൾ

ഒരു വയസ്സു മുതൽ നാലു വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്കു ഫൈവ് ടൈംസ് ഫൈവ് ഫൂഡ് ഗ്രൂപ്സ് ആൻഡ് ഫൈവ് കളേഴ്സ് (5 Times, 5 Food Groups & 5 Colours) എന്ന മുദ്രാവാക്യമാണ്. പയറ്റേണ്ടത്. ഇങ്ങനെ നൽകിയാൽ ആവശ്യത്തിന് കാർബോഹൈഡ്രേറ്റ്, എസന്‍ഷ്യല്‍ ഫാറ്റി ആസിഡുകള്‍, പ്രൊട്ടീൻ, വൈറ്റമിനുകൾ, മിനലറുകൾ എന്നിവ ലഭിക്കും.

ആവശ്യത്തിന് ഊർജം ലഭിക്കുവാൻ വേണ്ടി ധാന്യങ്ങളും കിഴങ്ങുവർഗങ്ങളും നൽകണം. മേന്മയേറിയ പ്രോട്ടീൻ ലഭിക്കുവാന്‍ പയറുവർഗങ്ങൾ, മീൻ, മുട്ട, ഇറച്ചി ഇവ നൽകണം. എസൻഷ്യൽ ഫാറ്റി ആസിഡുകൾ ലഭിക്കുവാന്‍ എണ്ണക്കുരുക്കൾ, നട്സ്, പാൽ, വെണ്ണ, നെയ്യ് എന്നിവ നൽകണം. ആവശ്യത്തിന് സൂക്ഷ്മപോഷകങ്ങൾ (Micro Nutrients) ലഭിക്കുവാൻ പഴവർഗങ്ങളും ഇലക്കറികളും പച്ചക്കറികളും നൽകണം.

ബിഗ്–ജിയോർ

കുട്ടിക്ക് അഞ്ചു പ്രാവശ്യം അഞ്ചു തരം ഭക്ഷണപദാർഥങ്ങള്‍ അഞ്ചു നിറങ്ങളിൽ നൽകണം എന്നതിന്റെ വിളിപ്പേര് ബിഗ്–ജിയോർ എന്നാണ്. ഇതിനെ മഴവിൽ വിപ്ലവം അഥവാ ‘റെയിൻബോ റെവല്യൂഷൻ’ എന്നും പറയും. B-for ബ്രൗൺ (മുഴുവനായ ധാന്യങ്ങൾ, പയറുവർഗങ്ങൾ (മൈദ, വെള്ളച്ചോർ എന്നിവയല്ല), G-for ഗ്രീൻ (ഇലക്കറികൾ), Y – for യെല്ലോ (Vitamin a, Beta Carotene) O for ഓറഞ്ച് (Vitamin C), R for റെഡ് (Antioxidant).

രണ്ടു വയസ്സാകുമ്പോൾ‌ കുട്ടിക്ക് ജനനസമയത്തെ ഭാരത്തിന്റെ നാലിരട്ടി വേണം. നീളം 88 സെ. മീറ്ററും വേണം. രണ്ടു വയസ്സിലെ നീളത്തിന്റെ ഏകദേശം ഇരട്ടിയാണ് പ്രായപൂർത്തിയാകുമ്പോൾ നമുക്കു ലഭിക്കുന്നത്. മൂന്നു വയസ്സിൽ 14 കി. ഗ്രാം തൂക്കവും 93 സെ. മീറ്റർ ഉയരവും. നാലുവയസ്സാകുമ്പോൾ ജനനസമയത്തെ നീളം 50 സെ.മീറ്റർ ഇരട്ടിയായ 100 സെ. മീറ്ററും തൂക്കം 16 കി.ഗ്രാമും ആകണം.

മധുരം അധികമാകേണ്ട

മധുരമുള്ള ഡെസേർട്ടുകൾ, ശീതളപാനീയങ്ങൾ, പഴങ്ങളുടെ ഫ്ളേവറുള്ള പാനീയങ്ങൾ, ചിപ്സ്, മിഠായികൾ, പഞ്ചസാര പൊതിഞ്ഞ ധാന്യവിഭവങ്ങള്‍ എന്നിവയിൽ പ്രത്യേക പോഷകാംശങ്ങൾ ഒന്നുമില്ല. അവ കുട്ടികൾക്കു കഴിയുന്നതും നൽകാതിരിക്കുക. നൽകിയാൽ തന്നെ വല്ലപ്പോഴും മതി.

കൂട്ടായി കഴിക്കട്ടെ

കുഞ്ഞുങ്ങൾക്കു കൂട്ടമായി ഇരുന്ന് ഭക്ഷണം കഴിക്കുവാൻ അവസരം നൽകാം. ഇതിനു ഗ്രൂപ്പ് ഈറ്റിങ് എന്നു പറയും. അങ്കണവാടിയിലും പ്ലേസ്കൂളിലും ഇതിന് അവസരം ഒരുക്കാം. സാധാരണയായി കൂട്ടുകാര്‍ക്കൊപ്പം കഴിക്കുമ്പോൾ മിക്ക കുട്ടികളിലും ആഹാരത്തോടുള്ള വിമുഖത മാറാറുണ്ട്. അതു പോലെ അങ്കണവാടിയിൽ നിന്നും നൽകുന്ന അമൃതം ന്യൂട്രീമിക്സ് ഒരു വയസ്സു കഴിഞ്ഞ കുഞ്ഞുങ്ങൾക്ക് ഉത്തമമാണ്. അതുകൊണ്ടു വിവിധ വിഭവങ്ങൾ ഉണ്ടാക്കാവുന്നതാണ്.

സ്കൂൾ കാലം തുടങ്ങുമ്പോൾ

പ്ലേസ്കൂളിലും കിന്റർഗാർട്ടനിലും പോയിത്തുടങ്ങുന്ന കുട്ടിയുടെ ഭക്ഷണം സമീകൃതവും പോഷകസമൃദ്ധവുമായിരിക്കണം. ഇഡ്‌ലി, ദോശ, അപ്പം, ഇടിയപ്പം, പുട്ട് ഇവയിലൊന്നു നൽകാം. ഒപ്പം സാമ്പാർ, കടലക്കറി, ചട്നി, വെജിറ്റബിൾ കറി, മുട്ട, പാൽ ഇവ നൽകാം. വേവിച്ച പച്ചക്കറികൾ ഉള്ളിൽ വച്ച് സ്റ്റഫ്ഡ് ചപ്പാത്തി തയാറാക്കാം. സാധാരണ ചപ്പാത്തിയും നല്‍കാം. വൈകിട്ട് അവൽ ശർക്കരയും തേങ്ങയും ഉള്ളിൽ വച്ച് അരിപ്പൊടി കൊണ്ട് ആവിയിൽ വേവിച്ചെടുക്കുന്ന ഓട്ടട, അവലോസുണ്ട, കൊഴുക്കട്ട ഇവ നൽകാം. ഏത്തപ്പഴം പുഴുങ്ങിയോ പച്ചയ്ക്കോ നൽകാം. വൈകിട്ടും പാൽ നൽകാം.

കഴിപ്പിക്കാന്‍ തന്ത്രങ്ങൾ‌

കുട്ടിക്കു സൗകര്യപ്രദമായി ഇരിക്കാൻ സാധിക്കുന്ന തരം കസേര ഇഷ്ടമുള്ള പാത്രം. കപ്പുകൾ എന്നിവ നൽകാം. ഭംഗിയുള്ള പാത്രങ്ങൾ തിരഞ്ഞെടുക്കാം. അതിൽ കുട്ടിയുടെ ഇഷ്ട കാര്‍ട്ടൂൺ കഥാപാത്രങ്ങളുടെയും മറ്റും ചിത്രങ്ങളുണ്ടെങ്കിൽ കൂടുതൽ നന്ന്. അതിൽ ഇടയ്ക്കിടെ ആഹാരം നിറച്ചു വച്ചാൽ കളിക്കിടയിലും കുട്ടി താത്പര്യ പൂർവം കഴിച്ചു കൊള്ളും. കുട്ടിക്കിഷ്ടമുള്ള ന്യൂഡിൽസോ പലഹാരങ്ങളോ പാത്രത്തിൽ വയ്ക്കാം. അവ പോഷകസമൃദ്ധമാക്കുന്നതിന് പച്ചക്കറികളും പഴങ്ങളുമൊക്കെ ചേർക്കുന്നതും നല്ലതാണ്. വളരെ തണുത്തതും വളരെ ചൂടുള്ളതുമായ ആഹാരം കുഞ്ഞുങ്ങൾ കഴിച്ചെന്നു വരില്ല. കുഞ്ഞിന് ചെറുചൂടോടെ വേണം പാലും ആഹാരവും നൽകാന്‍.

ഡോ. കെ. ഇ. എലിസബത്ത്
തിരുവനന്തപുരം

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.