Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എളുപ്പത്തിൽ മുടി വളരാൻ 8 ഭക്ഷണങ്ങൾ

hair-growth Image Courtesy : The Week Smartlife Magazine

പെണ്ണഴകിന് മുട്ടോളം മുടി എന്ന് പഴമക്കാരുടെ ഭാഷ്യം. കാലം കടന്നപ്പോൾ മുടിയഴകിന് പല പെൺഭാഷ്യങ്ങളായി. എന്നാൽ മുടി വളർത്താനും പരിചരിക്കാനും ഇഷ്ടപ്പെടുന്ന പെൺകിടാങ്ങളും കുറവല്ല. ചിലർക്കാകട്ടെ എത്ര ശ്രമിച്ചിട്ടും തോളറ്റംപോലും കവിയാത്ത മുടിയായിരിക്കും പ്രശ്നം. മുടിക്കറുപ്പിനും നീളൻ മുടിക്കുമായി പരീക്ഷിക്കാവുന്ന ചില ഭക്ഷണക്കൂട്ടുകൾ ഇതാ.

1. കോര മത്സ്യം

ഇൗ മത്സ്യത്തിൽ അധികമായി അടങ്ങിയിരിക്കുന്ന ഒമേഗ–3 ഫാറ്റി ആസിഡുകൾ ശിരോചർമാരോഗ്യം വർധിപ്പിക്കുന്നു. മുടിവളർച്ചയ്ക്ക് അവശ്യഘടകങ്ങളായ വൈറ്റമിൻ ഡി, അമിനോ ആസിഡ് എന്നിവയുടെ കലവറയാണ് ഈ മത്സ്യം.

2. അവക്കാഡോ

അവക്കാഡോ പഴത്തിൽ വന്‍തോതിലുളള കൊഴുപ്പു ഘടകങ്ങൾ നീണ്ട് ഇടതൂർന്നതും തിളക്കവുമുളള മുടി സ്വന്തമാക്കാൻ സഹായിക്കുന്നു. ഒമേഗ–3 ഫാറ്റി ആസിഡുകൾ ഇൗ കൊഴുപ്പിൽ അടങ്ങിയിരിക്കുന്നതിനാൽ ശിരോചർമ്മസംരക്ഷണവും സാധ്യമാകുന്നു. കൂടാതെ ഇത് മുടിയിൽ നേരിട്ടു പുരട്ടുന്നത് ശിരോചർമ്മത്തിനു വളരെയധികം നല്ലതാണ്.

3. മുട്ടയുടെ മഞ്ഞ

മുട്ടയുടെ മഞ്ഞയിൽ ധാരാളമായി ഒമേഗ–3 ഫാറ്റി ആസിഡും വൈറ്റമിൻ ബി 7ഉം അടങ്ങിയിരിക്കുന്നു. ഇവ മുടിയുടെ വളർച്ചയ്ക്കും ദൃഢത വർദ്ധിപ്പിക്കാൻ സഹായകമാണ്. പക്ഷേ ബയോട്ടിന്റെ ശരിയായ ആഗീരണത്തിനായി മുട്ടയുടെ വെളള ഒഴിവാക്കണമെന്നു മാത്രം.

4. ബദാം

ബയോട്ടിനാൽ സമ്പുഷ്ടമായ ബദാം ഒരു പിടി വീതം ദിവസവും ശീലമാക്കിയാൽ മുടിയിഴകൾക്കു കട്ടിയും നീളവും വർദ്ധിക്കും.

5. സൺഫ്ലവർ സീഡ്

മുടിവളർച്ചയ്ക്കും സംരക്ഷണത്തിനും ആവശ്യമായ വൈറ്റമിൻ ഇ ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു. ഇതിലെ ആന്റിഓക്സിഡന്റ് ശിരോചർമ്മത്തെ സംരക്ഷിച്ച് മുടിപൊഴിച്ചിലിൽ നിന്നു രക്ഷിക്കുന്നു.

6. മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ബീറ്റ കരോട്ടിൻ മുടിവളർച്ചയ്ക്ക് അത്യാവശ്യമായ വൈറ്റമിൻ എ യുടെ ആഗീരണത്തെ വർദ്ധിപ്പിക്കുന്നു.

7. മഞ്ഞ കാപ്സികം

ഒാറഞ്ചിനെ അപേക്ഷിച്ച് 5 മടങ്ങ് അധികം വൈറ്റമിൻ സി ഇതിൽ അടങ്ങിയിരിക്കുന്നു. മുടിയിഴകൾ പൊട്ടുന്നതു തടഞ്ഞ്, കൂടുതൽ കരുത്തോടെ വളരാൻ വൈറ്റമിൻ സി സഹായിക്കുന്നു.

8. കക്ക

മുടികൊഴിച്ചിലിനുള്ള പ്രധാന കാരണം സിങ്കിന്റെ അഭാവമാണ്. സിങ്ക് കൂടുതൽ അടങ്ങിയ കക്ക പോലുളള വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണ് ഇതിനുളള പ്രതിവിധി.

ഇനി മുടി കൊഴിച്ചിലെന്നോ, വളരുന്നില്ലെന്നോ ഉള്ള പരാതി പറയാതെ ഈ വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തി നോക്കൂ... ഇടതൂർന്ന കറുത്ത മുടിയിഴകൾ സ്വന്തമാക്കൂ...