Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടിലുണ്ടാക്കാം ഫ്രഷ് ജ്യൂസ്

fresh-juice

വേനല്‍ച്ചൂടില്‍ പഴച്ചാറുകള്‍ പകരുന്ന ഉന്മേഷം അനിര്‍വചനീയമാണ്. വീട്ടില്‍ത്തന്നെ ആരോഗ്യകരമായി ജ്യൂസ് തയാറാക്കാന്‍ ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കണം.

ശക്തിയായ തുറന്നുവിട്ട ടാപ്പുവെള്ളത്തിനു കീഴെ പഴങ്ങള്‍ പിടിച്ച് കുറഞ്ഞതു പത്തുമിനിറ്റെങ്കിലും നന്നായി കഴുകണം. കീടനാശിനികളുടെ സൂക്ഷ്മാംശങ്ങള്‍ പോലും നീക്കിക്കളയാന്‍ ഇതിലൂടെ കഴിയും. പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായിനിയിലോ നേര്‍പ്പിച്ച ഉപ്പുവെള്ളത്തിലോ രണ്ടുമണിക്കൂറെങ്കിലും പഴങ്ങള്‍ മുക്കിവച്ച് പിന്നീട് കഴുകി വൃത്തിയാക്കാം. ഫ്രഷ്ജ്യൂസില്‍ പഞ്ചസാര പ്രത്യേകം ചേര്‍ക്കേണ്ട. ആവശ്യമെങ്കില്‍ പഞ്ചസാരയ്ക്കു പകതരം തേന്‍ ചേര്‍ക്കാം.

ഒരുദിവസം പഴങ്ങള്‍ക്കൊപ്പം

ജ്യൂസിനെക്കാള്‍ പോഷകഗുണം കൂടുതല്‍ പഴങ്ങള്‍ക്കാണ്. ജ്യൂസാക്കുമ്പോള്‍ കലോറി കൂടുകയും നാരിന്റെ അംശം കുറയുകയും ചെയ്യുന്നു. പഴങ്ങള്‍ക്കും പഴച്ചാറിനും മാത്രമായി ഒരു ദിവസം മുതല്‍ ഒരാഴ്ചവരെ മാറ്റി വയ്ക്കുന്ന പുതിയ രീതി പരീക്ഷിക്കാം. ഇത് ഫ്രൂട്ട് തെറപ്പിയുടെ ഭാഗമാണ്. ഫ്രൂട്ട് തെറപ്പിയിലൂടെ നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളെ നീക്കിക്കളയാമത്രേ.

രാവിലെ ബ്രേക്ഫാസ്റ്റ് നേരത്ത് ഒരു ഏത്തപ്പഴമോ രണ്ടു കഷണം മാമ്പഴമോ കഴിക്കുന്നു. ഉച്ചഭക്ഷണത്തിനു മുന്‍പുള്ള ഇടനേരങ്ങളില്‍ നാരങ്ങാവെള്ളം, ഓറഞ്ച്ജ്യൂസ്, മുസമ്പിജ്യൂസ് എന്നിവയിലൊന്ന് ഒന്നോ രണ്ടോ ഗ്ലാസ് കുടിക്കാം. മാമ്പഴജ്യൂസില്‍ കലോറി പൊതുവേ കൂടുതലായതിനാല്‍ വല്ലപ്പോഴും മതി. ഉച്ചയ്ക്ക് മിക്സ്ഡ് ഫ്രൂട്ട് സാലഡ് കഴിക്കാം. നാലുമണിക്ക് പഴച്ചാറോ, മില്‍ക്ക് ഷേക്കുകളേ കഴിക്കാം.

മില്‍ക്ക് ഷേക്കിന്‍ കാലം

ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് വിഭാഗത്തില്‍ പെട്ട ഒരു പഴവും മില്‍ക് ഷേക്ക് തയാറാക്കാന്‍ ഉപയോഗിക്കരുത്. സാധാരണയായി ആപ്പിള്‍, പേരയ്ക്ക, പെയര്‍, വാഴപ്പഴം, ഏത്തപ്പഴം, പപ്പായ, സപ്പോട്ട എന്നീ പഴങ്ങളാണ് ഉപയോഗിക്കുന്നത്.

ഈ പഴങ്ങളിലൊന്നു തിരഞ്ഞെടുത്തു നന്നായി കഴുകി ചെറിയ കഷണങ്ങളാക്കുക. ആപ്പിള്‍, പേരയ്ക്ക മുതലായവ തൊലിയോടുകൂടി കഷണങ്ങളാക്കാം. ഈ കഷണങ്ങള്‍ മിക്സറില്‍ അടിച്ചെടുക്കുക. അതിലേയ്ക്ക് ഫ്രീസറില്‍ വച്ചു കട്ടിയാക്കിയ പാല്‍ ചേര്‍ക്കാം. തണുപ്പിഷ്ടമില്ലാത്തവര്‍ക്ക് തിളപ്പിച്ചാറിയ പാല്‍ ചേര്‍ക്കാം. ഇതില്‍ നട്സ് ചേര്‍ക്കാം. ആവശ്യത്തിനു പഞ്ചസാരയും. ഇതെല്ലാം കൂട്ടിച്ചേര്‍ത്ത് ഒന്നുകൂടി ജ്യൂസറില്‍ അടിച്ചെടുത്താല്‍ രുചികരമായ മില്‍ക്ക് ഷേക്ക് തയാര്‍.