Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെളുത്തുള്ളി പച്ചയ്ക്കു കഴിച്ചാൽ?

garlic

ഈജിപ്ഷ്യൻ, ഗ്രീക്ക്, ചൈനീസ്, റോമൻ സംസ്കാരങ്ങളുടെ കാലത്തുതന്നെ വെളുത്തുള്ളിയുടെ ഔഷധഗുണങ്ങൾ തിരിച്ചറിയപ്പെട്ടിരുന്നു. ഉള്ളിയെപ്പോലെ അല്ലിസിൻ കുടുംബത്തിൽപ്പെട്ടതാണു വെളുത്തുള്ളിയും.

വെളുത്തുള്ളിയിലടങ്ങിയ സൾഫർ സംയുക്തമായ അലിസിനാണ് വെളുത്തുള്ളിക്ക് ഔഷധഗുണങ്ങൾ പ്രദാനം ചെയ്യുന്നത്. വെളുത്തുളളി വേവിച്ചു കഴിക്കുന്നതിനെക്കാൾ പച്ചയ്ക്കു തിന്നുന്നതാണു നല്ലത്. വേവിക്കുമ്പോൾ അലിസിൻ ഉണ്ടാകാൻ കാരണമായ അല്ലിനേസ് എന്ന എൻസൈമിന്റെ പ്രവർത്തനം നിലയ്ക്കുന്നു.

ഒരൗൺസ്(28 ഗ്രാം) വെളുത്തുള്ളിയിൽ മാംഗനീസ് (23%), ജീവകം ബി6 ( 17%), ജീവകം സി( 15%), സെലെനിയം ( 6%), നാരുകൾ ( 18%), കാൽസ്യം, കോപ്പർ, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, ജീവകം ബി എന്നിവ അടങ്ങിയിരിക്കുന്നു. ഒൻപതു ഗ്രാം അന്നജവും 18 ഗ്രാം മാംസ്യവും ഉൾപ്പടെ 42 കാലറി വെളുത്തുള്ളിയിലുണ്ട്.

പ്രതിരോധശക്തി കൂട്ടുന്ന ഒന്നാന്തരം വീട്ടുമരുന്നാണു വെളുത്തുള്ളി. പനിയും ജലദോഷവും വരാതെ ശരീരത്തെ സംരക്ഷിക്കാൻ കഴിവുള്ള വെളുത്തുള്ളി പതിവായി തേൻ ചേർത്തു കഴിക്കുന്നത് വൈറസ് രോഗങ്ങളെ തടയും.

കൊളസ്ട്രോൾ കുറയ്ക്കാനുള്ള കഴിവ് വെളുത്തുള്ളിക്കുണ്ട്. എൽഡിഎൽ അഥവാ ചീത്തകൊളസ്ട്രോളിനെ കുറയ്ക്കുകവഴി ഹൃദ്രോഗവും പക്ഷാഘാതവും വരാതെ കാക്കുന്നു. അതിറോസ്ക്ലിറോസിസിനുള്ള സാധ്യതയും കുറയ്ക്കുന്നു. മുഖക്കുരു, ചർമരോഗങ്ങൾ ഇവയെ ഫലപ്രദമായി പ്രതിരോധിക്കാൻ വെളുത്തുള്ളിക്കു കഴിയും. ഇതിലടങ്ങിയിട്ടുള്ള സൾഫർ ഇൻഫ്ലമേഷനെ തടയുന്നു.

ക്ഷീണമകറ്റാനും കായികക്ഷമത കൂട്ടാനും വെളുത്തുള്ളിക്കു കഴിവുണ്ട്. ഇവയിലെ നിരോക്സീകാരികൾ കോശങ്ങളുടെ പ്രായമാകലിനെ വൈകിപ്പിച്ച് ഓജസ് നൽകുന്നു. ദഹനം സുഗമമാക്കാനും വിരശല്യം അകറ്റാനും വെളുത്തുള്ളിക്കു കഴിയും. ദിവസവും മൂന്നോ നാലോ അല്ലി വെറുതേ കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായകമാണ്.

അർബുദസാധ്യതയെ കുറയ്ക്കാനും വെളുത്തുള്ളിക്കു കഴിയും. തലച്ചോറിലെ കോശങ്ങളുടെ ഓക്സീകരണ സമ്മർദ്ദം കുറച്ച് അൽഷിമേഴ്സ്, ഡിമൻഷ്യ എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുന്നു. വെളുത്തുള്ളിയിൽ ആന്റിഓക്സിഡന്റുകൾ (നിരോക്സീകാരികൾ) ധാരാളം അടങ്ങിയതിനാലാണിത്.

ആന്റിബാക്ടീരിയൽ, ആന്റിബയോട്ടിക് ഗുണങ്ങൾ വെളുത്തുള്ളിക്കുണ്ട്. ഡയേറിയ, അത്‌ലറ്റ്സ് ഫുട് മുതലായ ബാക്ടീരിയൽ ഫംഗസ് അണുബാധകളെ ഇല്ലാതാക്കാനും തൊണ്ടവേദന അകറ്റാനും വെളുത്തുള്ളി സഹായിക്കുന്നു. ദിവസവും വെളുത്തുള്ളി പച്ചയ്ക്കു കഴിക്കുന്നത് അണുബാധ വേഗത്തിൽ കുറയ്ക്കാൻ സഹായിക്കും.

സ്ത്രീഹോർമോണായ ഈസ്ട്രജന്റെ ഉൽപ്പാദനം കൂട്ടി എല്ലുകളുടെ നാശം തടയാൻ വെളുത്തുള്ളി സഹായിക്കുന്നു. ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ ഈസ്ട്രജൻ നില മെച്ചപ്പെടുത്തി ഓസ്റ്റിയോപൊറോസിസ് വരാനുള്ള സാധ്യതയെ കുറയ്ക്കുന്നു. എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം മെച്ചപ്പെടുത്തി സന്ധിവാതത്തെ പ്രതിരോധിക്കുന്നു.

ഹെവിമെറ്റലുകൾ അവയവങ്ങളിൽ കേടുപാടു വരുത്തുന്നതു തടയാൻ ഇതിലടങ്ങിയ അലിസിനും മറ്റ് സൾഫർ സംയുക്തങ്ങൾക്കും കഴിയുന്നു. വെളുത്തുള്ളി ധാരാളം കഴിക്കുന്നത് രക്തത്തിലെ ലെഡിന്റെ അളവു കുറയ്ക്കാൻ സഹായിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം, തലവേദന എന്നിവ അകറ്റാനും വെളുത്തുള്ളിക്കു കഴിയും.

ആരോഗ്യത്തോടെ ഇരിക്കാൻ ആഗ്രഹിക്കുന്നവർ ദിവസവും മൂന്നോ നാലേ പച്ച വെളുത്തുള്ളി അല്ലി കഴിച്ചു തുടങ്ങിക്കോളൂ...