Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൈഗ്രേൻ ത‌‌ടയാൻ ഇഞ്ചിച്ചായ

ginger-tea

മൈഗ്രേൻ ചികിത്സയിൽ ഒൗഷധങ്ങളെക്കാളുപരി ജീവിതശൈലിയിൽ വരുത്തേണ്ട കാതലായ മാറ്റങ്ങൾക്കാണു പ്രാധാന്യം. മൈഗ്രേൻ ഉണ്ടാക്കുന്ന കൃത്യമായ ഉദ്ദീപനഘടകങ്ങൾ അഥവാ ട്രിഗറുകൾ (Triggers) ആദ്യം മനസ്സിലാക്കണം. അവയുടെ പ്രകോപനമാണ് മിക്കപ്പോഴും മൈഗ്രേൻ ഉണ്ടാക്കുന്നത്. എന്നാൽ ട്രിഗറുകളിൽ ഏറ്റവും പ്രധാനം ഭക്ഷണശൈലിയിൽ പുലർത്തുന്ന സവിശേഷതകൾ തന്നെ. ‌

ഭക്ഷണഇനങ്ങളും ഭക്ഷണനേരങ്ങളുമെല്ലാം മൈഗ്രേൻ ഉണ്ടാകുന്നതിനു കാരണങ്ങളാകുന്നുവെന്ന് പല പഠനങ്ങളും തെളിയിക്കുന്നു. മൈഗ്രേനെ സമുചിതമായി പ്രതിരോധിക്കാൻ ഉതകുന്ന ഭക്ഷണപദാർഥങ്ങൾ ഉണ്ട്. കാപ്പി ചിലപ്പോൾ മൈഗ്രേനു കാരണമാകാമെങ്കിലും വേദന കുറയ്ക്കാൻ കാപ്പി കഴിക്കുന്നതു സഹായകരമാകുമെന്നു തെളിഞ്ഞിട്ടുണ്ട്. മഗ്നീഷ്യം, കാത്സ്യം, അന്നജം, ഫൈബർ ഡയറ്റ്, ഇഞ്ചി ഇവ മൈഗ്രേനെ പ്രതിരോധിക്കും.

പഠനങ്ങൾ പറയുന്നത്

1983–ൽ ലണ്ടനിലെ ഹോസ്പിറ്റൽ ഫോർ സിക് ചിൽഡ്രൻ–ൽ പ്രവേശിപ്പിക്കപ്പെട്ട മൈഗ്രേനുള്ള 88ക‍ു‌‌ട്ടികളിൽ ന‌ടത്തിയ പഠനത്തിൽ സമുചിതമായ ഭക്ഷണനിയന്ത്രണം കൊണ്ട് 78 പേർക്ക് പൂർണമായും ബാക്കിയുള്ളവർക്ക് ഭാഗികമായും മൈഗ്രേൻ ത‌ടയുവാൻ സാധിച്ചു. ഒരു മൈഗ്രേൻ ഡയറ്റ് തന്നെ ഇന്നു പ്രാബല്യത്തിലുണ്ട്.

മൈഗ്രേൻ ഡയറ്റ്

മൈഗ്രേൻ സ്ഥിരമായി ശല്യം ചെയ്യുന്നവർക്ക് രോഗത്തെ പ്രതിരോധിക്കാൻ ഭക്ഷണക്രമത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഭക്ഷണപദാർഥങ്ങളെ കുറിച്ച് അറിയാം.

∙ തവിടുകളയാത്ത ചോറ്
∙ വേവിച്ച പച്ചക്കറികൾ (ബ്രൊക്കൊളി, സ്പിനാച്ച് തുടങ്ങിയവ)‌
∙ വേവിച്ച കാരറ്റ്, മധുരക്കിഴങ്ങ്
∙ ജീവകങ്ങൾ (റൈബോഫ്ലാവിൻ (വൈറ്റമിൻ ബി), (ദിവസേന 400 മി. ഗ്രാം), ഒമേഗ 3 ഫാറ്റി ആസിഡ്, കൊക്യു പത്ത് (CoQ10).
∙ ധാതുലവണങ്ങൾ– മൈഗ്രേനുള്ള 40 ശതമാനം രോഗികൾക്കും മഗ്നീഷ്യത്തിന്റെ അപര്യാപ്തതയുണ്ട്. അതുകൊണ്ടു മഗ്നീഷ്യം 400മി. ഗ്രാം ദിവസേന ഭക്ഷണത്തോടെപ്പം കഴിക്കണം. മുഴുധാന്യങ്ങൾ, ഇലക്കറികൾ എന്നിവയെല്ലാം മഗ്നീഷ്യത്തിന്റെ സ്രോതസ്സുകളാണ്.

പ്രതിരോധിക്കുന്ന ഭക്ഷണങ്ങൾ

∙ ദിവസവും ഇഞ്ചിനീര് : അര– ഒന്ന് സ്പ‍ൂൺ
∙ മഗ്നീഷ്യം 400–700മി.ഗ്രാം ദിവസവും
∙ കാത്സ്യം (1–2 ഗ്രാം), ഒപ്പം വൈറ്റമിൻ–ഡി 5 മൈക്രോഗ്രാം.
∙ കരിക്കിൻവെള്ളം: പഴച്ചാറുകൾ എല്ലാവർക്കും ചേരണമെന്നില്ല. ഈ സാഹചര്യത്തിൽ ഏറ്റവും സുരക്ഷിതമായ പാനീയമാണ് കരിക്കിൻ വെള്ളം.
∙ഒമേഗ 3 ഫാറ്റി അമ്ലം (കടൽ മത്സ്യം)
∙ കൊ എൻസൈം–ക്യൂ–പത്ത് (CoQ10) അഥവാ യൂബിക്യൂനോൺ– ജീവകങ്ങളോടു സാദശ്യമുള്ള കൊഎൻസൈമാണ്. മൈഗ്രെയിനുള്ള 35% രോഗികളിലും ഇതിന്റെ അപര്യാപ്തതയുണ്ട്. ദിവസേന 200മീ.ഗ്രാം യൂബിക്യ‍ുനോൺ മൈഗ്രേൻ ത‌ടയും.

തീർച്ചയായും കഴിക്കേണ്ടവ

∙ മഗ്നീഷ്യത്തിന്റെ സ്രോതസ്സുകളായ സ്പിനാച്ച്, മധുരക്കിഴങ്ങ്, തവിടുള്ള അരി, ധാന്യങ്ങൾ.
∙ ബ്രൊക്കൊളി, കൊഴുപ്പില്ല‍ാത്ത പാൽ, ധാന്യങ്ങൾ, കൂൺ, കൊഴുപ്പില്ലാത്ത ബീഫ് (റിബോഫ്ലാവിൻ ധാരാളമുള്ളവ. കുറഞ്ഞത് 400 മി.ഗ്രാം റിബോ ഫ്ലാവിൻ കഴിക്കണം.)
∙ കടൽമത്സ്യം (മത്തി), ഒലിവ് എണ്ണ, മു‌ട്ട (ഒമേഗ 3 ഫാറ്റി അമ്ലങ്ങൾ അടങ്ങിയവ)
∙ കുറഞ്ഞതു 12 ഗ്ലാസ് വെള്ളം കുടിക്കണം. നിർജലീകരണം (Dehydration) മൈഗ്രേൻ ഉണ്ടാക്കും. ഹെർബൽ ചായ, കൊഴുപ്പുകളഞ്ഞ പാൽ എന്നിവ കു‌ടിക്കാം.

തലവേദന വരുത്തുന്നവ

∙ ‌ടൈറമീനും ഫിനൈൽ ഈതൈൽ അമീനും അ‌ടങ്ങുന്നവ (ചോക്ലേറ്റ്, ചീസ്, ക‌ലകൾ, വിനാഗിരി, നാരങ്ങ, ഒലിവ്, അവക്കാഡോ, പ്ലം, പഴങ്ങൾ, പ്രോസസ് ചെയ്ത ഭക്ഷണ ഉൽപന്നങ്ങൾ, ബേക്കൺ, ഹോട്ട്ഡോഗ്, ബീയർ, ചുവന്ന വീഞ്ഞ്)
∙ കഫീൻ അ‌ടങ്ങുന്നവ (കോഫ‍ി, ചായ, ഗ്രീൻ ‌ടീ, കോളകൾ)
∙ അസ്പാർട്ടം അടങ്ങുന്നവ (കൃത്രിമമധുരമുണ്ടാക്കുന്ന സ്വീറ്റ്നറുകൾ, യോഗർ‌ട്ട്, ചില മധുര പലഹാരങ്ങൾ)
∙ മോണോ സോഡിയം ഗ്ലൂ‌ട്ടമേറ്റ് അടങ്ങുന്നവ (ചൈനീസ് ഭക്ഷണവിഭവങ്ങളിലെ പ്രധാന ഘ‌ടകങ്ങൾ).
∙ സൾഫേറ്റുകൾ അ‌ടങ്ങ‍ുന്നവ (ഉണങ്ങിയ വിവിധ പഴങ്ങളിലും വൈനിലും മറ്റു പ്രോസസ്ഡ് ഭക്ഷണപദാർഥങ്ങളിലും കാണുന്ന പ്രിസർവേറ്റ‍ീവ് ആണ് സൾഫേറ്റുകൾ)
∙നൈട്രേറ്റുകൾ അടങ്ങുന്നവ (ഹോട്ട് ഡോഗ്, വിവിധ സോസെയ്ജുകൾ, അച്ചാറുകൾ, കാപ്സിക്കം)
∙ മദ്യം (ബിയർ, ചുവന്ന വീഞ്ഞ്, ഷെറി തുടങ്ങിയ മദ്യ ഇനങ്ങൾ കൂ‌ടാതെ മദ്യപാനത്തോ‌ടനുബന്ധിച്ച ശരീരത്തിലെ നിർജലീകരണം മൂലവും തലവേദനയുണ്ടാകുന്നു.)
∙ കൊമാറിൻ അ‌ടങ്ങുന്നവ (യീസ്റ്റ‍ിൽ അടങ്ങിയിട്ടുള്ള കൊമാറിൻ മൂലം വിവിധ ബ്രെഡുകൾ കഴിക്കുമ്പോൾ തലവേദനയുണ്ടാകാം. അതുപോലെ പിസ്സയിലെ യീസ്റ്റും പ്രശ്നമുണ്ടാക്കും.)
∙ കോളിനും കെയ്സിനും അടങ്ങ‍ുന്നവ (പാലിൽ അടങ്ങിയിട്ടുള്ള ഈ പദാർഥങ്ങൾ തലവേദനയെ ഉദ്ദീപിപ്പിക്കുന്നു.)
∙ െഎസ്ക്രീം (തണുത്ത െഎസ്ക്രീം കഴിക്കുന്നതു കൊണ്ടു ചിലർക്ക് തലവേദനയുണ്ടാകാം. കഴിച്ചു 30–60 സെക്കൻഡുകൾക്കകം തലവേദനയുണ്ടാകുന്നു. ഇത് െഎസ്ക്രീം കൊണ്ടല്ല, അതു കഴിക്കുമ്പോൾ വായിൽ പെട്ടെന്നുണ്ടാകുന്ന തണുപ്പുതന്നെ കാരണം. എന്നാൽ ഈ മൈഗ്രേൻ കുറയും. െഎസ്ക്രീം എപ്പോഴും സാവധാനം കഴിക്കുക.

Best food ഇഞ്ചി
ഇഞ്ചി മൈഗ്രേൻ പ്രതിരോധിക്കാൻ ഉത്തമമാണ്. വെറുതെ ഇഞ്ചി കഴിക്കുന്നതിലും നല്ലതാണ് ഇതു കൊണ്ടുള്ള ക‌‌ട്ടൻചായ കു‌ടിക്കുന്നത്. ഇഞ്ചി ചെറിയ കഷണം ഇട്ട് വെള്ളം തിളപ്പിച്ച്, അതിൽ തേയില ഇ‌‌ടാം. ആവശ്യമുള്ളവർക്ക് മധുരം ചേർക്കാം ഇതു ദിവസവും രാവിലെ കു‌‌ടിക്കുക. വേദനയ്ക്കും വീക്കത്തിനും കാരണമാകുന്ന ഹോർമോൺ സമാന പദാർഥങ്ങളായ പ്രോസ്റ്റാഗ്ലാൻഡിനുകളെ ത‌ടഞ്ഞാണ് ഇഞ്ചി വേദന കുറയ്ക്കുന്നത്.

Disease info മൈഗ്രേൻ
തലവേദന വരുന്നതിനു മണിക്കൂറുകൾക്ക് മുമ്പ് 60 ശതമാനം പേർക്കും വിഷാദം, വിഭ്രാന്തി, ഉത്കണ്ഠ, ഭക്ഷണത്തോടുള്ള ആർത്തി, തളർച്ച, മലബന്ധം, അമിതദാഹം, മൂത്രശങ്ക എന്നിവ ഉണ്ടാകാം. മറ്റൊരു ലക്ഷണമാണ് ഒാറ. തലവേദനയ്ക്കു മുമ്പ് 5–20 മിനിറ്റിൽ തു‌ടങ്ങി ഒരു മണിക്കൂറോളം നീണ്ടുനിൽക്കും പ്രകാശവലയം, കറുത്ത പൊ‌‌ട്ട്, മങ്ങുന്ന കാഴ്ച, ഒരു വശത്തു ശക്തി കുറയുക, തരിപ്പ് എന്നിവയാണവ. പാരസ‌െറ്റാമോൾ എപ്പോഴു‍‍ം കഴിക്കരുത്. സുമിട്രിപ്റ്റാൻ ചികിത്സയിലെ പ്രധാന മരുന്നാണ്. (ട്രിപ്റ്റാൻസ്). കൂ‌ടാതെ അമിട്രിപ്റ്റിലിൻ, ടോപ്രാമെറ്റ്, സോഡിയം വാൽപ്രൊയേറ്റ് എന്നിവയും പ്രതിരോധത്തിനും ചികിത്സയ്ക്കുമായി നൽകുന്നു.

ഡോ. ശുഭ ജോർജ് തയ്യിൽ
സ്പെഷലിസ്റ്റ് ഇൻഹെഡെയ്ക്, കെയർ ഹെഡെയ്ക് സെന്റർ, എറണാകുളം