Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈന്തപ്പഴം കഴിച്ചാൽ ശരീരഭാരം കൂടുമോ?

dates

ആയിരക്കണക്കിനു വർഷങ്ങളായി കൃഷി ചെയ്തുവരുന്ന ഈന്തപ്പഴം ധാരാളം ഗുണഗണങ്ങളുള്ള ഒന്നാണ്. ലോകം മുഴുവനായി ഏകദേശം 600 തരത്തിലുള്ള ഈന്തപ്പഴങ്ങളുണ്ട്. അറബ് രാജ്യങ്ങളിലും മുസ്‌ലിം സമുദായത്തിന്റെ ഇടയിലും വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു പഴമാണ് ഈന്തപ്പഴം. ഖുറാനിൽ പല ഭാഗങ്ങളിലും ഈന്തപ്പഴത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. ഇവ റംസാൻ മാസത്തിൽ നോമ്പു തുറക്കാനും ഉപയോഗിക്കുന്നു.

ഈന്തപ്പഴത്തിൽ ധാരാളം അന്നജവും മിനറൽസും നാരുകളും ആന്റി ഓക്സിഡന്റും ഉണ്ട്. അനീമിയ, ഹൃദയരോഗങ്ങൾ, മലബന്ധം, ശരീരഭാരം വർധിപ്പിക്കാൻ തുടങ്ങി പല ഉപയോഗങ്ങളും ഉള്ള ഒന്നാണ് ഈന്തപ്പഴം

പഴങ്ങളിൽ തന്നെ ഏറ്റവും മധുരമുള്ള ഈന്തപ്പഴം അന്നജത്താൽ സമ്പുഷ്ടവും ഫാറ്റും പ്രോട്ടീനും കുറഞ്ഞവയുമാണ്. ഈന്തപ്പഴത്തിൽ ധാരാളം നാരുകൾക്കു പുറമേ ബി വിറ്റമിനുകളായ റൈബോഫ്ലേവിനും നിയാസിനും തയാമിനും പിന്നെ വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇവ കൂടാതെ കാൽസ്യവും അയണും ആന്റി ഓക്സിഡന്റും ധാരാളമായി തന്നെ ഈന്തപ്പഴത്തിൽ ഉണ്ട്.

നാരുകൾ ധാരാളമുള്ള ഈന്തപ്പഴം മലബന്ധം അകറ്റാൻ ഉത്തമമാണ്. ഇവ ഒരു രാത്രി വെള്ളത്തിൽ കുതിർത്തുവച്ചു കഴിച്ചാൽ ഗുണം ഇരട്ടിക്കും. മലബന്ധമകറ്റുന്നതിനോടൊപ്പം ശരിയായ ബൗൾ മൂവ്മെന്റിനും ഗ്യാസ്ട്രോ ഇന്റസ്റ്റിനൽ ട്രാക്ടിന്റെ ആരോഗ്യത്തിനും ഈന്തപ്പഴം ഉത്തമമാണ്.

ഈന്തപ്പഴത്തിലെ കാൽസ്യവും മറ്റും മിനറൽസും എല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും. പ്രത്യേകിച്ചു ഓസ്റ്റിയോ പൊറോസിസ് പോലുള്ള രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. ഈന്തപ്പഴത്തിൽ ധാരാളം അയൺ ഉള്ള‌തുകൊണ്ടുതന്നെ വിളർച്ച ഉണ്ടാകുന്നവർക്ക് ഉത്തമമാണ് ഈന്തപ്പഴം. ഷുഗർ ധാരാളം ഉള്ള ഇവ ഒരു എനർജി ബുസ്റ്റർ ആയും ക്ഷീണമകറ്റാനും ശരീരഭാരം വർധിപ്പിക്കാനും ഉപയോഗിക്കുന്നു.

Nutritive Value per 100gm
energy (kcal)-317
Protein (g) - 2.5
Fat (g)-0.4
Fiber (g) - 3.9
Carbohydrates(g)- 75.8
Calcium (mg)-120
Phosphorus (mg) - 50
Iron (mg)- 7.3
Carotene (meg) -26
Thiamine (mg)-.01
Riboflavine(mg)-.02
Niacin (mg)-.9
Vit C(mg)-3

പ്രസവത്തോടെ അടുത്തുവരുന്ന നാല് ആഴ്ച ഈന്തപ്പഴം ഉപയോഗിച്ചാൽ സുഖപ്രസവമാകാൻ സാധ്യതയുണ്ട് എന്നു പഠനങ്ങളിൽ തെളിയിച്ചിട്ടുണ്ട്. പരമ്പരാഗതമായി പുരുഷന്മാരിലെ ലൈംഗിക പ്രശ്നങ്ങൾക്കും സ്പേം കൗണ്ട് കൂടാനും സ്പേം മോട്ടിലിറ്റി കൂടാനും പല രാജ്യങ്ങളിൽ ഈന്തപ്പഴം ഉപയോഗിക്കുന്നു. 2006ൽ നടന്നു എന്നു പറയുന്ന ഒരു പഠനത്തിൽ ഈന്തപ്പഴത്തിലെ ഫ്ലവനോയിഡും എസ്ട്രോഡയോലും ആണ് ഇതിനു കാരണം എന്നു പറയുന്നു. ഇതിന് വലിയ ശാസ്ത്രീയ അടിത്തറയില്ല.

ഈന്തപ്പഴത്തിലെ നാരുകളും മിനറൽസും ആന്റി ഓക്സിഡന്റും ഹൃദയത്തിന്റെ ആരോഗ്യത്തിനും ഉത്തമമാണ്. ചില പഠനങ്ങളിൽ ലിവറിന്റെ ആരോഗ്യത്തിനും ഈന്തപ്പഴം നല്ലതാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈന്തപ്പഴത്തിലെ ആന്റി ഓക്സിഡന്റ് ചില കാൻസറിനെ പ്രതിരോധിക്കാനും ശക്തിയുള്ളവയാണ് എന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.

ധാരാളം കാർബോഹൈഡ്രേറ്റ് ഉള്ള ഈന്തപ്പഴം അമിതമായി കഴിക്കുന്നത് പ്രമേഹരോഗികൾക്ക് നന്നല്ല. ചില ഈന്തപ്പഴത്തിൽ ഗ്ലൈസീമിക് ഇൻഡക്സ് കുറവാണെങ്കിലും ഒട്ടുമിക്ക ഈന്തപ്പഴവും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നതാണ്. ശരീരഭാരം നിയന്ത്രണത്തിൽ നിർത്താൻ ആഗ്രഹിക്കുന്നവരും ഈന്തപ്പഴം മിതമായി ഉപയോഗിക്കണം. അമിത ഉപയോഗം ശരീരഭാരം കൂട്ടും. അമിതമായി ഈന്തപ്പഴം ഉപയോഗിക്കുന്നത് ചിലരിൽ ഗ്യാസും പുളിച്ചുതികട്ടലും ഉണ്ടാക്കുന്നതായി കാണുന്നു. മാത്രമല്ല പല്ലുകൾക്ക് കേടുവരുത്താൻ സാധ്യതയുള്ള ഭക്ഷണങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നവയാണ് ഈന്തപ്പഴം. അതിനാൽത്തന്നെ ഈന്തപ്പഴം ഉപയോഗിച്ചശേഷം വായ് വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ദഹിക്കാൻ അൽപം താമസം എടുക്കുന്ന ഇവ ചെറിയ കുട്ടികൾക്കും മുഴുവനായി കൊടുക്കുന്നത് അത്ര ഉത്തമമല്ല.