Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഴപ്പഴം കഴിക്കാം രോഗങ്ങൾ അകറ്റാം

banana

വാഴപ്പഴം ഏറ്റവും രുചികരവും മറ്റു പഴങ്ങളെ അപേക്ഷിച്ചു വിലക്കുറവും എല്ലാ സീസണിലും ലഭ്യമാകുന്നതുമാണ്. സാധാരണക്കാരൻ തന്റെ ആഹാരത്തിൽ ഒരു ദിവസം ഒരു പഴം ഉൾപ്പെടുത്താൻ പ്രധാനമായും തിരഞ്ഞെടുക്കുന്നത് വാഴപ്പഴങ്ങളാണ്. നേന്ത്രപ്പഴം, ഞാലിപ്പൂവൻ, റോബസ്റ്റ, പാളയംകോടൻ (മൈസൂർ പഴം), ചെറുപഴം എന്നിങ്ങനെ വാഴപ്പഴങ്ങളുടെ പേരിലും ഗുണത്തിലും വ്യത്യാസമുണ്ട്. പഴങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതും ആരോഗ്യപരമായി ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതും ഏത്തപ്പഴമാണ്.

നേന്ത്രപ്പഴം (ഏത്തപ്പഴം) മൂന്നുതരം കാർബോഹൈഡ്രേറ്റുകളാൽ സമ്പുഷ്ടമാണ് (ഗ്ലൂക്കോസ്, ഫ്രകേറ്റോസ്, സുക്രോസ്). ബി കോംപ്ലക്സ് വിറ്റാമിനുകൾ നിറഞ്ഞതും ഇരുമ്പുസത്തും നാരിന്റെ അംശവും പൊട്ടാസ്യവും കൂടുതലുള്ളതുമാണ്. അതിനാൽ തന്നെ ഉയർന്ന ഊർജം പ്രദാനം ചെയ്യുന്ന പഴമാണിത്. രണ്ടുപഴം ഒന്നര മണിക്കൂർ നേരത്തേക്കുള്ള ആയാസകരമായ ജോലിക്കുള്ള ഇന്ധനം പ്രദാനം ചെയ്യുമെന്നു ഗവേഷകർ പറയുന്നു. വെറുതെയാണോ കായികവിനോദങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ ഈ പഴം ഇത്രമാത്രം കഴിക്കുന്നത്? വാഴപ്പഴത്തിൽ പ്രകൃതിദത്തമായ മൂന്നു പഞ്ചസാരകളാണുള്ളത്— സൂക്രോസ്, ഗ്ലൂക്കോസ്, ഫ്രക്റ്റോസ് എന്നിവ.

വണ്ണം കുറയ്ക്കുന്നവർക്ക് ഏത്തപ്പഴം വേണ്ട

ഉയർന്ന കാലറിയുള്ള ഒരു പഴം ആയതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ സ്ഥിരമായി ഏത്തപ്പഴം കഴിക്കരുത്. സാധാരണ ആരോഗ്യസ്ഥിതിയിലുള്ള ഒരാൾക്ക് ഒരു ദിവസം ഒരു ഏത്തപ്പഴം (പുഴുങ്ങിയതോ അല്ലാതെയോ) ഉപയോഗിക്കാവുന്നതാണ്. എന്നാൽ പ്രമേഹരോഗികൾ ഏത്തപ്പഴം ഒഴിവാക്കുന്നതാണു നല്ലത്. കാരണം, അതിൽ കാർബോഹൈഡ്രേറ്റ് കൂടുതലായി ഉള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്താൻ ഇടയാകുന്നു. എന്നാൽ തന്നെയും പഞ്ചസാരയുടെ അളവു ക്രമാതീതമായി ഉയർന്നു കാണാത്ത പ്രമേഹരോഗിക്ക് ഇടയ്ക്ക് ഒരു ഏത്തപ്പഴത്തിന്റെ പകുതി ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ മറ്റു സമയത്തെ ആഹാരം കൂടി നിയന്ത്രിക്കണം.

കൊളസ്ട്രോളും പഴവും

ഏത്തപ്പഴത്തിലോ മറ്റു പഴങ്ങളിലോ കൊളസ്ട്രോൾ ഒട്ടും തന്നെയില്ല. അതിനാൽ തന്നെ ഉയർന്ന കൊളസ്ട്രോൾ ഉള്ള ഒരാൾ ഏത്തപ്പഴമോ, മറ്റു വാഴപ്പഴമോ ഉപയോഗിക്കുന്നതിൽ തെറ്റില്ല. പക്ഷേ, തീരെ വ്യായാമമില്ലാത്ത കൊളസ്ട്രോൾ രോഗികൾ ഏത്തപ്പഴം ഒഴിവാക്കുന്നതാണ് നല്ലത്. കാരണം, ഇതിൽ കൊളസ്ട്രോൾ ഇല്ലെങ്കിൽതന്നെയും ഇതിലെ അന്നജം ശരീരത്തിൽ കൊഴുപ്പായി മാറ്റപ്പെടാം. ഏത്തപ്പഴത്തിന്റെ മിതമായ ഉപയോഗം ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല.

പ്രമേഹമുള്ളവർ പുഴുങ്ങി കഴിക്കരുത്

പ്രമേഹരോഗികൾ ഏത്തപ്പഴം ഉപയോഗിക്കുകയാണെങ്കിൽ പുഴുങ്ങാത്തതാണ് അഭികാമ്യം. കാരണം, പഴം പുഴുങ്ങുമ്പോൾ അവയിലെ കാർബോഹൈഡ്രേറ്റുകൾ കുറെക്കൂടി വേഗത്തിൽ നമ്മുടെ ശരീരത്തിനു ലഭ്യമാവുകയും അതുമൂലം രക്തത്തിലെ പഞ്ചസാര ഉയരുകയും ചെയ്യാം. എന്നാൽ കുട്ടികൾക്കും മുതിർന്നവർക്കും പുഴുങ്ങിയ ഏത്തപ്പഴം തന്നെയാണു നല്ലത്. എല്ലാ പോഷകഘടകങ്ങളും വേഗത്തിൽ ലഭിക്കാൻ ഇത് ഇടയാക്കും.

വാഴപ്പഴം ദൈനംദിന ആഹാരത്തിൽ

ഏത്തപ്പഴത്തിനു മാത്രമല്ല, റോബസ്റ്റ മുതൽ ഞാലിപ്പൂവൻ വരെയുള്ള വിവിധ പഴങ്ങളുടെ ഗുണങ്ങൾ നിരവധിയാണ്. ഊർജം നൽകുക മാത്രമല്ല അത് ചെയ്യുന്നത്. അത് അസുഖങ്ങളെ മറികടക്കാൻ സഹായിക്കാൻ വേണ്ട സൂക്ഷ്മപോഷകങ്ങൾ നൽകുകയും ചെയ്യും.

വിഷമം കുറയ്ക്കാൻ പഴം

വിഷമം തോന്നുമ്പോൾ പഴം കഴിക്കൂ. വിഷമം കുറയുന്നതു കാണാം. ഒരു സർവേ പ്രകാരം നിരവധിപേർക്ക് ഈ അനുഭവം ഉണ്ടാകുന്നതായി കണ്ടെത്തി. പഴത്തിലുള്ള ട്രിപ്റ്റോഫാൻ എന്ന പ്രോട്ടീനിനെ ശരീരം സെററ്റോണിൻ ആക്കി മാറ്റും. ഈ സെററ്റോണിൻ ആണ് സന്താപത്തെ സന്തോഷമാക്കി മാറ്റി നമ്മുടെ മൂഡ് നന്നാക്കുന്നത്. മക്കൾ ശാന്തസ്വഭാവക്കാരായി പിറക്കാൻ തായ്്ലൻഡിൽ ഗർഭിണികൾ സ്ഥിരമായി പഴം കഴിക്കാറുണ്ട്.

പഴത്തിലെ B6 ഘടകം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു ക്രമീകരിച്ചു നമ്മുടെ മൂഡു മെച്ചപ്പെടുത്തും. വിളർച്ചമാറ്റാനും പഴം സഹായിക്കും. ഇരുമ്പിന്റെ അംശം ധാരാളമുള്ള പഴം രക്തത്തിലെ ഹീമോഗ്ലോബിന്റെ ഉൽപാദനം മെച്ചപ്പെടുത്തി വിളർച്ചക്കെതിരെ പ്രവർത്തിക്കുന്നു.

ബി പി കുറയ്ക്കാൻ

രക്തസമ്മർദം കുറയ്ക്കാനും പഴം വളരെ സഹായകമാണ്. ഇവയിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഉപ്പിന്റെ അംശം, താരതമ്യേന വളരെ കുറവും. ഇതു കാരണം അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ പഴവ്യവസായികളെ പഴത്തിന്റെ ഈ ഔഷധഗുണം പരസ്യപ്പെടുത്താൻ അനുവദിച്ചു. സ്ട്രോക്കു നിയന്ത്രിക്കാനും പഴം നല്ലതാണ്.

ബുദ്ധിശക്തി കൂട്ടും

ഇംഗ്ലണ്ടിലെ മിഡിൽ സെക്സ് സ്കൂളിലെ 200 കുട്ടികൾക്കു പരീക്ഷാദിവസങ്ങളിൽ പ്രാതലിനും ഇടനേരത്തും ഉച്ചയൂണിനും പഴം കൊടുത്തു. അവരുടെ ബുദ്ധിശക്തിയെ പ്രചോദിപ്പിക്കാൻ. പൊട്ടാസിയം ധാരാളം അടങ്ങിയ വാഴപ്പഴം അവരുടെ ശ്രദ്ധയെയും ജാഗ്രതയെയും വളരെയധികം വർധിപ്പിച്ചത്രേ.

മലബന്ധം മാറാൻ

പഴം കഴിച്ചാൽ മലബന്ധം ഒഴിവാക്കാം. വയറിളക്കാൻ മരുന്നു കഴിക്കേണ്ട. ചെറിയ പാളയം കോടൻ പഴമാണ് ഇക്കാര്യത്തിൽ കൂടുതൽ ഫലം ചെയ്യുന്നത്. രാത്രി അത്താഴത്തിനൊപ്പം രണ്ടു പഴം കഴിച്ചു നോക്കൂ, രാവിലെ ഫലം കാണാം.

ഹാങ്ഓവർ അകറ്റാം

കുടിയന്മാർക്കുണ്ടാവുന്ന മന്ദത ഒഴിവാക്കാൻ പറ്റിയതാണു തേൻ ചേർത്ത ബനാന മിൽക്ഷേക്. പഴം വയറിനെ ശാന്തമാക്കി, തേനിന്റെ സഹായത്തോടെ രക്തത്തിലെ പഞ്ചാസാരയുടെ അംശം വർധിപ്പിക്കുന്നു. നഷ്ടപ്പെട്ട ജലാംശത്തെ പാൽ പുനഃസ്ഥാപിക്കുന്നു.

കുടൽപുണ്ണ് സുഖമാകാൻ

കുടൽരോഗങ്ങൾ വരുമ്പോഴും വാഴപ്പഴം ഉപയോഗിക്കാം. അതിന്റെ മൃദുത്വം കൊണ്ടും മറ്റും അതു വയറിനു വളരെ സുഖമുണ്ടാക്കും.

നെഞ്ചെരിച്ചിലിനും മോണിങ് സിക്നെസിനും

പഴം ഒരു അന്റാസിഡിന്റെ ഫലം ചെയ്യും. ഇനി നെഞ്ചെരിച്ചിൽ തോന്നുമ്പോൾ പഴം കഴിച്ചു നോക്കൂ. പ്രധാന ആഹാരങ്ങൾക്കിടയിലുള്ള സമയത്തു പഴം കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ ആവശ്യമുള്ള അളവ് നിലനിർത്താം. ഗർഭിണികളുടെ രാവിലെയുള്ള ഛർദിക്ക് (മോണിങ് സിക്നസിനും) അതൊരു പരിഹാരമാവും.

കൊതുകു കടിച്ചാൽ

കൊതുകു കുടിച്ചു തിണർത്താൽ പഴത്തൊലിയുടെ അകവശം കൊണ്ട് അമർത്തി തടവൂ. വീർപ്പും ചൊറിച്ചിലും വളരെ കുറയും. ഞരമ്പുകൾക്കും പഴം ഗുണം ചെയ്യും. ബി വിറ്റമിനുകൾ ധാരാളമുള്ള പഴം നാഡീവ്യൂഹത്തെ സാന്ത്വനിപ്പിക്കുന്നു.

പുകവലി നിർത്താൻ

പുകവലി, പുകയില ഉപയോഗം ഇവ നിർത്താൻ പഴം സഹായിക്കും. പഴത്തിലുള്ള B6, B12 അംശങ്ങൾ, പൊട്ടാസ്യം, മഗ്നീഷ്യം ഘടകങ്ങൾ ഇവ പുകവലി ഉപയോഗം നിർത്തുന്നതുകൊണ്ടുള്ള അസ്വസ്ഥതകളെ (നിക്കോട്ടിൻ വിത് ഡ്രോവൽ) മറികടക്കാൻ സഹായിക്കും.

പിരിമുറുക്കം അകറ്റാൻ

പഴത്തിലെ പൊട്ടാസിയം ഹൃദയസ്പനന്ദനങ്ങളെ ക്രമീകരിച്ചു പ്രാണവായുവിനെ തലച്ചോറിലേക്കയയ്ക്കുന്നു. ശരീരത്തിലെ വെള്ളത്തിന്റെ അളവിനെയും ക്രമമാക്കുന്നു. സ്ട്രെസ്, അല്ലെങ്കിൽ ടെൻഷൻ, വരുമ്പോൾ നമ്മുടെ ചയാപചയനിരക്ക് (മെറ്റബോളിക് റേറ്റ്) കൂടും. അപ്പോൾ പൊട്ടാസിയം ശേഖരം കുറയും. ഇത്തരം സന്ദർഭങ്ങളിൽ വാഴപ്പഴം കഴിച്ചു പൊട്ടാസിയത്തെ തിരികെ കൊണ്ടുവരാം.

ആപ്പിളിനേക്കാൾ മെച്ചം

അപ്പോൾ എങ്ങനെ നോക്കിയാലും പഴം പ്രകൃതിയുടെ ഒരു ഉത്തമ ഔഷധമാണ്. ആപ്പിളിനെക്കാൾ നാലിരട്ടി പ്രൊട്ടീനും രണ്ടു മടങ്ങു കാർബോഹൈഡ്രേറ്റും മൂന്നു മടങ്ങു ഫോസ്ഫറസും അഞ്ചിരട്ടി വിറ്റാമിൻ എയും ഇരുമ്പും ഇരട്ടി മറ്റു വിറ്റാമിനുകളും മിനറലുകളും വാഴപ്പഴത്തിൽ ഉണ്ട്. കുരങ്ങന്മാർ എപ്പോഴും ഉത്സാഹത്തിലല്ലേ? കാരണം ഊഹിച്ചു കാണുമല്ലോ. അതെ, അവർ പഴഭോജികളാണ്.

പഴങ്ങൾ എപ്പോൾ, എങ്ങനെ കഴിക്കണം?

നമ്മൾ പഴം കഴിക്കുന്ന രീതി അത്ര ശാസ്ത്രീയമല്ലെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഭക്ഷണം കഴിഞ്ഞ് ആമാശയത്തിൽ പിന്നെ അൽപം ഇടമുണ്ടെങ്കിൽ ഒന്നോ രണ്ടോ പഴങ്ങൾ കൂടി തിരുകിക്കയറ്റുന്ന രീതിയിലാണ് മിക്കവരുടേയും പഴം കഴിക്കൽ. പഴങ്ങൾ ആഹാരത്തിനു ശേഷമല്ല, ആഹാരത്തിനു മുമ്പാണു കഴിക്കേണ്ടത്. വെറും വയറ്റിൽ ഇങ്ങനെ കഴിച്ചാൽ പഴം നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളെ നശിപ്പിച്ചു, വളരെയധികം ഊർജം പ്രദാനം ചെയ്യും.

നിങ്ങൾ രണ്ടു കഷണം റൊട്ടി കഴിച്ചതിനുശേഷം ഒരു കഷണം പഴം കഴിക്കുന്നുവെന്നു വയ്ക്കുക. പഴം വേഗം ദഹിക്കുന്നതുകൊണ്ടു നമ്മൾ രണ്ടാമതു കഴിച്ച പഴക്കഷണം ആദ്യം ദഹിച്ചു, കുടലുകളിൽ പ്രവേശിക്കാൻ ഒരുങ്ങുന്നു. പക്ഷേ, സാവകാശം മാത്രം ദഹിക്കുന്ന റൊട്ടി പഴത്തിന്റെ വഴിമുടക്കി അവിടെ കിടക്കുന്നുണ്ടാവും. ഇതിനകം കഴിച്ചതെല്ലാം കൂടി പുളിച്ചു അമ്ലമായിത്തീരുന്നു. ഇതിന്റെ ഫലമായി പഴം വയറ്റിൽ കിടക്കുന്ന ആഹാരപദാർഥങ്ങളുമായി ബന്ധപ്പെടുമ്പോൾ അതെല്ലാം ചീത്തയാകും. അതുകൊണ്ടു പഴം വെറുംവയറ്റിൽ, ആഹാരത്തിനു മുമ്പു കഴിക്കൂ.

അസിഡിറ്റി ഉണ്ടാക്കില്ല

നാരങ്ങാവർഗത്തിൽപെട്ട സിട്രസ് പഴങ്ങൾ വയറ്റിൽ അസിഡിറ്റി ഉണ്ടാക്കും എന്ന ധാരണ തെറ്റാണ്. പഴങ്ങൾ ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ അവ ആൽക്കലൈൻ ആവുകയാണെന്നാണു ഗവേഷണങ്ങൾ പറയുന്നത്. പക്ഷേ, ഗുരുതരമായ അസിഡിറ്റി പ്രശ്നം അനുഭവിച്ചുകൊണ്ടിരിക്കുന്നവർ ആ പഴങ്ങൾ ഒഴിവാക്കാം.

ഉണ്ടാക്കി വച്ചിരിക്കുന്ന ഫ്രൂട്ട് ജ്യൂസ് കഴിക്കരുത്. അപ്പപ്പോൾ ഉണ്ടാക്കുന്ന ജ്യൂസ് മാത്രമേ കഴിക്കാവൂ. ചൂടാക്കിയ ജ്യൂസും കഴിക്കരുത്. അവയ്ക്കു സ്വാദു മാത്രമേ കാണൂ. പോഷകാംശം നഷ്ടപ്പെട്ടിരിക്കും. പഴച്ചാറിനെക്കാൾ പഴം മുഴുവനായി കഴിക്കാൻ നോക്കൂ. പഴത്തിന്റെ നാരുകൂടി ഉള്ളിൽ ചെല്ലട്ടെ. ഇനി പഴച്ചാറുതന്നെ കഴിച്ചേ പറ്റൂ എന്നാണെങ്കിൽ അതു സാവകാശം കവിൾ കൊണ്ടു കുടിക്കുക. ഉമിനീരു ചാറുമായി കലർന്ന് ഇറങ്ങട്ടെ. കൂടുതൽ ഗുണമുണ്ടാകും.

ശരീരം ശുദ്ധമാക്കാൻ പഴം ഉപവാസം

മൂന്നു ദിവസം പഴങ്ങൾ മാത്രം കഴിച്ച് ഉപവസിക്കുന്നതു ശരീരത്തെ ശുദ്ധമാക്കാനും വിഷവിമുക്തമാക്കാനും വളരെ പ്രയോജനപ്രദമാണ്. പഴങ്ങൾ മാത്രം കഴിക്കുകയും പഴച്ചാറു മാത്രം കുടിക്കുകയും ചെയ്തു മൂന്നു ദിവസം കഴിയുമ്പോൾ നിങ്ങളുടെ ശരീരത്തിൽ ആരോഗ്യവും ഊർജവും സൗഖ്യവും നിറയുന്നത് അറിയാം.

ഇങ്ങനെ ഉപവസിക്കുമ്പോൾ പല സമയത്തു പല പഴങ്ങൾ കഴിക്കുക. വല്ലപ്പോഴും പഴങ്ങൾ കൂട്ടിക്കലർത്തിയ സലാഡുമാവാം. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവർ, ഉപവാസം ശീലിച്ചിട്ടില്ലാത്തവർ, കഠിനാധ്വാനത്തിൽ ഏർപ്പെടുന്നവർ തുടങ്ങിയവർ വിദഗ്ധോപദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഉപവസിക്കാവൂ. ആദ്യമായി ഉപവസിക്കുന്നത് ഒരിക്കലും യാത്രകളിലാവരുത്.

മരുന്നിനൊപ്പം ജ്യൂസുവേണ്ട

മരുന്നുകൾ കഴിക്കുന്നവർ, മരുന്നു കഴിക്കുന്നതിനു തൊട്ടു മുൻപോ പിൻപോ പഴച്ചാറുകൾ കഴിക്കുന്നത് ഉചിതമല്ലെന്ന് വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. നേരിട്ട് പ്രവർത്തിച്ച് പാർശ്വഫലങ്ങൾ ഉണ്ടാക്കുന്ന പഴങ്ങളും മരുന്നുകളും അപൂർവമാണെങ്കിലും മരുന്നിന്റെ ആഗിരണ ശേഷിയെ പഴങ്ങൾ സ്വാധീനിച്ചെന്നു വരും, കൊളസ്ട്രോൾ, ബിപി, പ്രമേഹം തുടങ്ങിയവയ്ക്കുള്ള മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ എന്നിവയ്ക്കെല്ലാം ഈ പാർശ്വപ്രവർത്തനം ഉണ്ടാകാം. ഏതെങ്കിലും മരുന്നുകഴിക്കുന്നവർ പഴച്ചാറുകൾ കഴിക്കുന്നെങ്കിൽ അരമണിക്കൂർ മുൻപോ പിൻപോ ആയിരിക്കണം കഴിക്കേണ്ടത്. പഴങ്ങൾ നേരിട്ടു കഴിക്കുന്നത് അത്ര ദോഷകരമല്ല.

നിമ്മി ജേക്കബ്

ലക്ചറർ,

ഹോംസയൻസ് വിഭാഗം, സെന്റ് തെരേസാസ് കോളജ്, എറണാകുളം.